Tuesday
22 Jan 2019

ആര്‍എസ്എസ് കെണി

By: Web Desk | Saturday 22 September 2018 10:30 PM IST

ആര്‍എസ്എസ് രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച ത്രിദിന സമ്മേളനം സംബന്ധിച്ച് നിരവധി വ്യാഖ്യാനങ്ങള്‍ ഇതിനകം പുറത്തുവന്നു. രാജ്യത്തെ മതേതര ജനാധിപത്യ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെ കെണിയൊരുക്കി തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്നതാണ് ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭാഗവത് ലക്ഷ്യമിട്ടത്. പ്രതീക്ഷയ്ക്ക് വിപരീതമായി, അറിയപ്പെടുന്ന കോര്‍പ്പറേറ്റ് ദല്ലാള്‍ അമര്‍സിംഗ്, ജെഡിയു നേതാവ് കെ സി ത്യാഗി എന്നിവര്‍ മാത്രമാണ് ത്രിദിന സമ്മേളനത്തില്‍ പങ്കെടുത്തത്.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് സമ്മേളനം സംഘടിപ്പിച്ചതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ വിദൂര നിയന്ത്രണത്തിലുള്ള മോഡി സര്‍ക്കാരിന്റെ മുഖം മിനുക്കാനാണ് മോഹന്‍ ഭാഗവത് നേരിട്ടിറങ്ങിയത്. പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘപരിവാര്‍ നേരത്തെ നടത്തിയ പല ശ്രമങ്ങളും പൂര്‍ണ പരാജയമായിരുന്നു. സാമൂഹിക ധ്രുവീകരണ പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയതെന്ന് സംഘപരിവാര്‍ നേതൃത്വത്തിന് വ്യക്തമായ ബോധ്യമുണ്ട്.
2019ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഇപ്പോഴുള്ള പ്രതിച്ഛായ മെച്ചപ്പെടുത്തല്‍ വ്യായാമമെന്ന് ഏതൊരു കൊച്ചുകുട്ടിക്കും ബോധ്യമുള്ളതാണ്. കൂടാതെ തെരഞ്ഞെടുപ്പിന്‌ശേഷം അധികാരത്തിലെത്താന്‍ മറ്റ് പാര്‍ട്ടികളുമായി തട്ടിക്കൂട്ട് സഖ്യമുണ്ടാക്കുകയെന്ന തന്ത്രവും ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുണ്ട്. ഈ ശ്രമങ്ങളിലും സംഘപരിവാര്‍ പരാജയപ്പെടുമെന്നുറപ്പ്. മോഡി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്ന കാര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ ദൃഢനിശ്ചയം എടുത്തുകഴിഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ മുഖച്ഛായ മെച്ചപ്പെടുത്തുന്നതിന് സംഘപരിവാര്‍ നടത്തിയ ശ്രമങ്ങളുടെ ഫലങ്ങളും സമാനമാണെന്ന് വ്യക്തം. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാടില്‍ സംഘപരിവാര്‍ നേതൃത്വം മാപ്പെഴുതി നല്‍കിയെന്ന് മാത്രമല്ല പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മുന്നോട്ടുവച്ച ഇരുപതിന പരിപാടിയെ അംഗീകരിക്കുകയും ചെയ്തു. ജയപ്രകാശ് നാരായണ്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനത്തില്‍ നിന്നും തങ്ങള്‍ പിന്‍വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ സംഘപരിവാര്‍ മുഖ്യനായിരുന്ന ബാലാസാഹിബ് ദേവറസ് യര്‍വാദാ ജയിലില്‍ നിന്നും ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകള്‍ മഹാരാഷ്ട്ര നിയമസഭാ രേഖകളിലുണ്ട്.
സ്വതന്ത്ര്യം ലഭിച്ചതു മുതല്‍ അവര്‍ സമാന നിലപാടുകളാണ് പിന്തുടര്‍ന്നു പോന്നിട്ടുള്ളത്. രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ വധത്തിനുശേഷം അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന സര്‍ദാര്‍ പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ചു. എഴുതി തയ്യാറാക്കിയ ഒരു ഭരണഘടന പ്രസിദ്ധീകരിക്കണം, സാംസ്‌കാരികമായ കാര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തണം, അക്രമം, ഗൂഢാലോചന തുടങ്ങിയ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക, ദേശീയ പതാകയോടും ഭരണഘടനയോടും വിശ്വസ്തത പുലര്‍ത്തുക തുടങ്ങിയ നിബന്ധനകളാണ് സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നതിനായി മുന്നോട്ടുവച്ചത്. അന്നത്തെ ആര്‍എസ്എസ് അധ്യക്ഷനായിരുന്ന ഗോള്‍വാള്‍ക്കര്‍ സര്‍ദാര്‍ പട്ടേല്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ അംഗീകരിച്ചതിന് ശേഷമാണ് നിരോധനം നീക്കിയത്. ഭരണഘടന തയ്യാറാക്കുക, പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരിക മേഖലയിലായി ചുരുക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ഇനിയും സംഘപരിവാര്‍ അംഗീകരിച്ചിട്ടില്ല.
വര്‍ത്തമാനകാല സാഹചര്യത്തിലും പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുള്ള വിഫലമായ ശ്രമങ്ങള്‍ അവര്‍ തുടരുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മോഡി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് അവര്‍ക്ക് പകല്‍പോലെ ബോധ്യമുണ്ട്. മോഡി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് രൂക്ഷമായ കഷ്ടപാടുകളാണ് സമ്മാനിക്കുന്നത്. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ തീരുമാനങ്ങള്‍ ജനജീവിതം ദുരിതത്തിലാക്കി. ഭരണഘടന, ജനാധിപത്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ തകര്‍ക്കുന്നു. ബാങ്കിങ്ങ്, ധനകാര്യ മേഖലകള്‍ താറുമാറായി. അഭിപ്രായ സ്വാതന്ത്യം നിഷേധിക്കുന്നതും മോഡി സര്‍ക്കിന്റെ മുഖമുദ്രയായി. എല്ലാ രംഗങ്ങളും കാവിവല്‍ക്കരിക്കുകയെന്ന മോഡി സര്‍ക്കാരിന്റെ ഗൂഢ അജണ്ടയാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഇതും പുതിയൊരു പ്രതിച്ഛായ നിര്‍മാണത്തിന് സംഘപരിവാറിനെ പ്രേരിപ്പിക്കുന്നു. നോട്ട് നിരോധിക്കല്‍ നടപടിയിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം ഒരുക്കി. നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും തിരികെയെത്തിയെന്ന ആര്‍ബിഐ റിപ്പോര്‍ട്ട് വന്നതോടെ ഇക്കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. നോട്ട് നിരോധനം നടപ്പാക്കിയതിലൂടെ നിരവധി വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാക്കി. മറ്റൊരു വിജയഗാഥയായി മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി സംസ്ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി.
കച്ചവടക്കാരും ചെറുകിട ഇടത്തരം സംരംഭകരും തകര്‍ന്നടിഞ്ഞു. പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുസഹമായി. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ താനും അധികാരത്തില്‍ നിന്നും തൂത്തെറിയെപ്പെടുമെന്ന് സംഘപരിവാറിനെപോലെ നരേന്ദ്ര മോഡിക്കും ബോധ്യപ്പെട്ടു.
ഈ സന്ദര്‍ഭത്തിലാണ് മോഡി സര്‍ക്കാര്‍ രണ്ടാംഘട്ട ബാങ്ക് ലയനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കുറി ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയെ ലയിപ്പിക്കാനാണ് തീരുമാനം. എസ്ബിഐയില്‍ അനുബന്ധ ബാങ്കുകള്‍ ലയിപ്പിച്ചതോടെ നിരവധി ശാഖകള്‍ അടച്ചുപൂട്ടി, കിട്ടാക്കടം വര്‍ധിച്ചു, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു, ഇടപാടുകള്‍ കുറഞ്ഞു. കഴിഞ്ഞ 200 വര്‍ഷത്തിനിടെ ആദ്യമായി എസ്ബിഐ നഷ്ടത്തിലായി. ബാങ്കുകള്‍ ലയിപ്പിക്കാനുള്ള വിഫലമായ നടപടികള്‍ക്കു പകരം വര്‍ധിച്ചുവരുന്ന കിട്ടാക്കടം പരിഹരിക്കാനുള്ള ക്രിയാത്മക നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. 2014ല്‍ മൂന്ന് ലക്ഷം കോടി രൂപ ആയിരുന്ന നിഷ്‌ക്രിയ ആസ്തി ഇപ്പോള്‍ പത്ത് ലക്ഷം കോടിയിലധികമായി വളര്‍ന്നു.
ഈ സാഹചര്യത്തിലാണ് പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന വൃഥാവ്യായാമങ്ങളുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രംഗത്തെത്തിയിരിക്കുന്നത്. എന്തൊക്കെ വ്യായാമങ്ങള്‍ നടത്തിയാലും മോഡിയുടെ നേതൃത്വത്തിലുള്ള ജനവിരുദ്ധ, വര്‍ഗീയ, ഫാസിസ്റ്റ് സര്‍ക്കാരിനെ അടുത്ത പൊതുതെരെഞ്ഞെടുപ്പില്‍ പുറത്താക്കുമെന്ന കാര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ ദൃഢനിശ്ചയമെടുത്തു കഴിഞ്ഞു.