Monday
25 Jun 2018

കര്‍ണ്ണാടകയിലെ തിരിച്ചടി; രാജസ്ഥാനിലെ പ്രചാരണത്തിന്റെ പൂര്‍ണ്ണ ചുമതല ആര്‍എസ്‌എസ് ഏറ്റെടുക്കും

By: Web Desk | Sunday 20 May 2018 7:43 PM IST

കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷം ബിജെപി ആദ്യമായി നേരിട്ട കനത്ത തിരിച്ചടി മറ്റ് സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ആര്‍എസ്‌എസ് ഏറ്റെടുക്കുന്നു.

കര്‍ണ്ണാടകയിലെ തിരിച്ചടിയിലും മാനനഷ്ടത്തിലും കടുത്ത അതൃപ്തി പ്രകടമാക്കിയ ആര്‍എസ്‌എസ് നേതൃത്വം നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ രാജസ്ഥാനിലെ പ്രചാരണത്തിന്റെ പൂര്‍ണ്ണ ചുമതല തങ്ങളുടെ നിയന്ത്രണത്തിലാവുമെന്ന വ്യക്തമായ സൂചന ബിജെപി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

രാജസ്ഥാനിലെ പ്രചാരണത്തിന്റെ ചുമതല ആര്‍എസ്‌എസില്‍ നിന്നുള്ള ബിജെപി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാലിന് കൈമാറും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ തൂത്തുവാരിയതിന് പിന്നില്‍ ബന്‍സാലിയുടെ തന്ത്രങ്ങള്‍ കൂടിയായിരുന്നു. അമിത് ഷായുടെ വിശ്വസ്തന്‍ കൂടിയാണ് ബന്‍സാല്‍.

ഈവര്‍ഷം അവസാനമാണ് രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് ഏറെ വേരുകളുമുള്ള രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ തവണത്തെ പോലെ അത്രയെളുപ്പമാവില്ല മത്സരമെന്നാണ് വിലയിരുത്തല്‍. ബിജെപിയും കോണ്‍ഗ്രസും മാറിമാറി ഭരണത്തിലിരുന്ന സംസ്ഥാനമെന്നതാണ് ആര്‍എസ്‌എസിന്റെ ചങ്കിടിപ്പ് കൂട്ടുന്നത്. കോൺഗ്രസിന്റെ സാധ്യതകളെ തള്ളിപ്പറയാനാവില്ല. ആകെയുള്ള 200 നിയമ സഭ മണ്ഡലങ്ങളില്‍ 163 ഉം തൂത്തുവാരിയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. നേരത്തെ 96 സീറ്റുമായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ  21 സീറ്റില്‍ ഒതുക്കി. എന്നാൽ ഇ വിടെ ബിജെപി പ്രതിഛായ കാത്തു  എന്ന അഭിപ്രായം നേതൃത്വത്തിനില്ല.

 

കര്‍ണ്ണാടകയിലൂടെ ഉയര്‍ത്തെഴുന്നേറ്റ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ രാജസ്ഥാനിലും പയറ്റിവിജയിക്കുമോയെന്ന ആശങ്ക ബിജെപി,ആര്‍എസ്‌എസ് നേതൃത്വങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യയുടെ ജനപ്രീതി ഓരോ ദിവസവും ഇടിയുന്നതും നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. വസുന്ധരാ രാജയ്ക്ക് പകരമായി മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാട്ടാനില്ലെന്നതും ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. ഇത്തവണയും വസുന്ധരാ രാജ സിന്ധ്യ തന്നെയാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

 

സര്‍ക്കാരിനെതിരെ ജനരോക്ഷമുണ്ടെങ്കിലും അടിത്തട്ടിലെ ചിട്ടയായ പ്രചാരണങ്ങളിലൂടെ ഇതുമറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആര്‍എസ്‌എസ് നേതൃത്വം. ഉത്തര്‍പ്രദേശിലെ മിന്നുന്ന ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ബന്‍സാലിന് രാജസ്ഥാന്റെ ചുമതല നല്‍കുന്നതിലൂടെ ഇത് സാധ്യമാകുമെന്നതാണ് ആര്‍എസ്‌എസിന്റെ വിലയിരുത്തല്‍. ബന്‍സാല്‍ രാജസ്ഥാന്‍ സ്വദേശിയാണെന്നതും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നുണ്ട്.

 

നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിലെ പ്രചാരണ ചുമതല ഇനി സംഘപരിവാര്‍ ബന്ധമുള്ള നേതാക്കള്‍ക്ക് കൈമാറാനാണ് ആര്‍എസ്‌എസിന്റെ നീക്കം. ഉത്തര്‍പ്രദേശില്‍ ബന്‍സാലിലൂടെ പരീക്ഷിച്ചു വിജയിച്ചത് രാജസ്ഥാനിലും ആവര്‍ത്തിക്കുകയാണെങ്കില്‍ ബിജെപിയുടെ പ്രചാരണ ചുമതല പൂര്‍ണ്ണമായും ആര്‍എസ്‌എസിന്റെ കൈകളിലെത്തിയേക്കും. മാത്രമല്ല അധികാരത്തിനുവേണ്ടി എന്തുകുതിരക്കച്ചവടത്തിനും തയ്യാറായ വിഭാഗമെന്ന പേരുദോഷം ആർ എസ്എസ്  പുറമെ ഇഷ്ടപ്പെടുന്നില്ല.

 

Related News