Tuesday
11 Dec 2018

റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ കര്‍ഷകരുടെ കൃഷികള്‍ വെട്ടി നശിപ്പിച്ചതായി പരാതി

By: Web Desk | Thursday 30 August 2018 10:16 PM IST

റാന്നി: ചേത്തയ്ക്കലുള്ള കേന്ദ്ര സര്‍ക്കാര്‍ വക റബ്ബര്‍ ബോര്‍ഡ് പരീക്ഷണ തോട്ടത്തിന്റെ അതിര്‍ത്തിയിലുള്ള കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ വെട്ടി നശിപ്പിച്ചതായി പരാതി. കൈവശ ഭൂമിയില്‍ കടന്നു കയറി നാണ്യവിളകള്‍ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത കര്‍ഷകനെ റബ്ബര്‍ ബോര്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായും പരാതിയുണ്ട്. മര്‍ദനമേറ്റ ഇടമുറി പെരുംപൊയ്കയില്‍ ഷിബു റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പാട്ട ഭൂമിയിലെ വിളവെടുക്കാറായ വാഴയും നശിപ്പിച്ചവയില്‍ പെടുന്നു. റബ്ബര്‍,കാപ്പി,കശുമാവ്,കൊക്കോ,പ്ലാവ്,കമുക്,മാവ് തുടങ്ങിയവയും വാഴ,ചേമ്പ്,ചേന,പുല്‍കൃഷി തുടങ്ങിയ കാര്‍ഷിക വിളകളമാണ് നശിപ്പിച്ചത്.

റബ്ബര്‍ ബോര്‍ഡ് ഫാം സൂപ്രണ്ട്,അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ യൂണിഫോം ധരിക്കാത്ത ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന അഞ്ചോളം വാച്ചര്‍മാരും ചേര്‍ന്നാണ് നാട്ടുകാരുടെ കൃഷി നശിപ്പിച്ചത്. വനം വകുപ്പിന്റെ കരികുളം റേഞ്ച് ഓഫീസിന്റെ കീഴിലുള്ള റിസര്‍വ്വ് വനം 1964ല്‍ റബ്ബര്‍ ബോര്‍ഡിന്റെ പരീക്ഷണ തോട്ടത്തിന് വേണ്ടി 99വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ വസ്ഥുവിന്റെ അതിര്‍ത്തിയിലെ പുറമ്പോക്ക് ഭൂമിയാണ് ഇപ്പോള്‍ തര്‍ക്കത്തിലുള്ളത്.സംരക്ഷണമില്ലാതെ വെറുതെ കിടന്ന ഭൂമിയില്‍ സമീപ താമസക്കാര്‍ 1968 മുതല്‍ കൃഷിക്കായി ഉപയോഗിച്ച് വരികയായിരുന്നു. ഇതേ വര്‍ഷം തന്നെ വനം ഭൂമിയും റവന്യൂ ഭൂമിയും തമ്മില്‍ അളന്ന് ജണ്ട കെട്ടി തിരിച്ചിട്ടുമുണ്ട്. റബ്ബര്‍ ബോര്‍ഡ് മുള്ളുവേലി കെട്ടി തിരിച്ചതിന് വെളിയില്‍ ഇടമുറി ക്ഷേത്രം- ഇരപ്പന്‍പാറ-ഇടമുറി പാലം റോഡിനും നീരൊഴുക്ക് തോടിനും വെളിയിലുള്ള ഭൂമിയിലാണ് റബ്ബര്‍ ബോര്‍ഡ് അവകാശം ഉന്നയിച്ച് വന്നിരിക്കുന്നത്.വനം വകുപ്പിന്റെ അധിനതിയിലുള്ള ഭൂമിയിലെ കാര്‍ഷിക വിളകള്‍ കര്‍ഷകന് നീക്കം ചെയ്യാന്‍ അവസരം കൊടുക്കാതെ റബ്ബര്‍ ബോര്‍ഡ് അധികാരികള്‍ ഏകപക്ഷീയ നീക്കം നടത്തിയതില്‍ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്.എല്ലാ സാമൂഹ്യ മര്യാദകളും ലംഘിച്ചുള്ള അധികൃതരുടെ നീക്കം നിയമ വ്യവസ്ഥകളോടുള്ള വെല്ലുവിളിയാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.വനം വകുപ്പ് അധികൃതര്‍,റബ്ബര്‍ ബോര്‍ഡ് ഡയറക്ടര്‍,ചെയര്‍മാന്‍,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ സംഭവത്തെക്കുറിച്ച് അന്വേക്ഷിക്കണമെന്നും 1968 മുതല്‍ നാളിതുവരെ തുടര്‍ന്ന് വന്ന സ്ഥിതി തുടരണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.പെരുംപൊയ്കയില്‍ ഷിബു,പ്ലാത്താനത്ത് റോസമ്മ തുടങ്ങിയവര്‍ ഇത് സംബന്ധിച്ച് റാന്നി പൊലീസില്‍ പരാതി നല്‍കി.

Related News