Tuesday
24 Oct 2017

റബറിന് ഇടിവെട്ടേറ്റാല്‍

By: Web Desk | Saturday 7 October 2017 12:16 AM IST

കെ കെ രാമചന്ദ്രന്‍പിള്ള

ഇടിമിന്നലേറ്റതിന്റെ ലക്ഷണങ്ങള്‍ മരങ്ങളില്‍ വളരെ പെട്ടെന്നാണ് പ്രത്യക്ഷപ്പെടുന്നത്. ഇടിമിന്നലിന്റെ കാഠിന്യമനുസരിച്ച് മരങ്ങള്‍ പൂര്‍ണമായി ഉണങ്ങിപ്പോവുകയോ ഭാഗികമായ കേടിന് വിധേയമാവുകയോ ചെയ്യും. പലപ്പോഴും കൂട്ടമായാണ് മരങ്ങള്‍ക്ക് ഇടിമിന്നല്‍ ഏല്‍ക്കാറുള്ളത്. ഒരുകൂട്ടം മരങ്ങള്‍ക്ക് ഇടിമിന്നലേറ്റാല്‍ ആഘാതത്തിന്റെ ഫലമായുണ്ടാകുന്ന ലക്ഷണങ്ങള്‍ ആദ്യം നടുക്ക് നില്‍ക്കുന്ന മരങ്ങളിലും ക്രമേണ ചുറ്റുപാടുമുള്ള മരങ്ങളിലുമാണ് പ്രത്യക്ഷപ്പെടുന്നത്. മരങ്ങളുടെ ഇലച്ചിലുകള്‍ക്കോ ശിഖരങ്ങള്‍ക്കോ തായ്തടിക്കോ ഇടിമിന്നലേറ്റ് കേടുപാടുകള്‍ ഉണ്ടാകാം. ചിലപ്പോള്‍ തടിയുടേയും ശിഖരങ്ങളുടേയും ഏതെങ്കിലുമൊരുവശത്ത് മാത്രമേ ഇടിമിന്നലേറ്റ് കേടുണ്ടാകാറുള്ളു. ഇലച്ചിലുകള്‍ക്കാണ് ഇടിമിന്നലേറ്റതെങ്കില്‍ അധികം താമസിയാതെ ഇലകള്‍ പച്ചനിറത്തില്‍ തന്നെ ഞെട്ടുകളോടുകൂടി പൊഴിഞ്ഞുപോകുന്നതുകാണാം. തായ്തടിയിലോ ശിഖരങ്ങളിലോ ഇടിമിന്നലേറ്റാല്‍ ആ ഭാഗങ്ങളില്‍ നിന്നും റബര്‍ കറ ഒലിച്ചിറങ്ങാറുണ്ട്. കേടുവന്ന ഭാഗങ്ങളിലെ പട്ട ഉണങ്ങുകയും തടിയില്‍ നിന്നും വേര്‍പെടുകയും ചെയ്യും. ഇടിമിന്നലേറ്റതിന്റെ ഫലമായി ആദ്യം കേടുബാധിക്കുന്ന ഭാഗം ഭവകല (തണ്ണിപട്ട) ആയതിനാല്‍ പട്ടയില്‍ ഉണക്ക് ബാധിക്കുന്നത് അകത്തുനിന്നും പുറത്തേക്കായിരിക്കും. കേടുവന്ന ഭവകല ആദ്യം ചോക്ലേറ്റുനിറമാവുകയും ക്രമേണ കടും ചുവപ്പും അവസാനം കറുപ്പുനിറവുമായിത്തീരുന്നു. ഉണങ്ങിപ്പോയ പട്ട അടര്‍ത്തിനോക്കിയാല്‍ പട്ടയ്ക്കും തടിക്കും ഇടയിലായി ചെറിയ തടി തുരപ്പന്‍ വണ്ടുകള്‍ ധാരാളമായി അധിവസിക്കുന്നത് കാണാം. ഇടിമിന്നലേറ്റ മരങ്ങള്‍ പാച്ചുക്യാങ്കര്‍ രോഗത്തിനു വേഗം വിധേയമാകുന്നതായി കണ്ടിട്ടുണ്ട്.
ഇടിമിന്നലേറ്റ് പൂര്‍ണമായി ഉണങ്ങിപ്പോയ മരങ്ങള്‍ മുറിച്ചുമാറ്റണം. മരങ്ങളുടെ ഇലച്ചിലുകളോ ചില ശിഖരങ്ങളോ മാത്രമാണ് ഉണങ്ങിപ്പോയതെങ്കില്‍ ആ ഭാഗങ്ങള്‍ മാത്രം മുറിച്ചുമാറ്റിയാല്‍ മതിയാകും. തായ്തടിയുടേയോ ശിഖരങ്ങളുടെയോ ചില ഭാഗങ്ങളിലുള്ള പട്ടയ്ക്കാണ് കേടുവന്ന് ഉണങ്ങിപ്പോയതെങ്കില്‍ ആ പട്ട ചുരണ്ടിക്കളയണം. ഇനി ശിഖരങ്ങള്‍ മുറിച്ചുമാറ്റിയ മുറിപാടിലും പട്ട ചുരണ്ടിക്കളഞ്ഞ സ്ഥലങ്ങളിലും ഇന്‍ഡോഫില്‍ -എം-45 എന്ന കുമിള്‍ നാശിനി പത്തുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ കലര്‍ത്തിയ ലായനികൊണ്ട് കഴുകണം. പുരട്ടിയ കുമിള്‍നാശിനി ഉണങ്ങിയശേഷം മുറിവുണങ്ങാന്‍ സഹായിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളായ ‘സോപ്പുകോട്ട്, തമ്പീസ് റബര്‍ പേസ്റ്റ്, ജോണ്‍സ് റബര്‍കോട്ട്, പാനല്‍ വാക്‌സ്, റബര്‍കോട്ട്, അറ്റ്‌ലസോള്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് പുരട്ടണം. ഇടിമിന്നലേറ്റ മരങ്ങളുടെ മരുന്നുപുരട്ടിയ ഭാഗങ്ങളില്‍ വെയിലടി ഏല്‍ക്കുന്നെങ്കില്‍ അവിടെയെല്ലാം വെള്ളയടിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8281436960