Sunday
22 Apr 2018

മാധ്യമങ്ങള്‍ക്ക് ഫെയ്സ്ബുക്ക് പ്രതിഫലം നല്‍കണമെന്ന് റൂപെര്‍ട്ട് മര്‍ഡോക്.

By: Web Desk | Thursday 25 January 2018 1:04 PM IST

മാധ്യമങ്ങള്‍ക്ക് ഫെയ്സ്ബുക്ക് തക്കതായ പ്രതിഫലം നല്‍കണമെന്ന് മാധ്യമ ഭീമന്‍ റൂപെര്‍ട്ട് മര്‍ഡോക്. വിശ്വാസ്യയോഗ്യമായ വാര്‍ത്തകള്‍ നല്‍കുന്നത് കൂടാതെ ഫെയ്സ്ബുക്കിന്റെ മൂല്യവും സമഗ്രതയും വര്‍ധിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും, ഈ സേവനത്തിന് തക്കതായ പ്രതിഫലം ലഭിക്കുന്നില്ലെന്നും മര്‍ഡോക് പറഞ്ഞു.

കേബിള്‍ സേവനദാതാക്കള്‍ ചെയ്യുന്നപോലെ ഫെയ്സ്ബുക്ക് വഴി പങ്കുവെക്കപ്പെടുന്ന മാധ്യമ വാര്‍ത്തകള്‍ക്ക് കമ്പനി കാര്യേജ് ഫീ നല്‍കാന്‍ തയ്യാറാവണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

വിശ്വാസ്യയോഗ്യമായ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും അത്തരം വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമസ്ഥാപനങ്ങളെ തിരിച്ചറിയുന്നതിനുമായി ഉപയോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തുമെന്നും ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശവുമായി റുപേര്‍ട് മര്‍ഡോക് രംഗത്ത് വന്നിരിക്കുന്നത്.

ഗൂഗിളിനും സമാനമായ നിര്‍ദ്ദേശം മര്‍ഡോക് നല്‍കുന്നുണ്ട്. ഫെയ്സ്ബുക്കും ഗൂഗിളും മര്‍ഡോകിന്റെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.