Tuesday
19 Jun 2018

എസ് 300 മിസൈല്‍വേധ സംവിധാനം സിറിയയിലേക്ക്

By: Web Desk | Sunday 15 April 2018 2:00 PM IST

മോസ്‌കോ: അമേരിക്കയും സഖ്യശക്തികളും ആക്രമണം തുടങ്ങിയതോടെ സിറിയയില്‍ അത്യാധുനിക മിസൈല്‍ സംവിധാനങ്ങളൊരുക്കാന്‍ റഷ്യ തയ്യാറെടുക്കുന്നു.
റഷ്യ നല്‍കിയിട്ടുള്ള എസ്-125, എസ്-200 മിസൈല്‍ വേധ സംവിധാനങ്ങളാണ് സിറിയന്‍ സൈന്യത്തിനുള്ളത്. അത്യാധുനിക എസ്-300 ഗ്ലാഡിയേറ്റര്‍, എസ്-400 ട്രയംഫ് മിസൈല്‍വേധ സംവിധാനങ്ങള്‍ കൂടി സിറിയന്‍ സൈന്യത്തിന് ലഭ്യമാക്കുന്ന കാര്യം ആലോചനയിലാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഏതാനുംവര്‍ഷം മുമ്പ് എസ് 300 മിസൈല്‍വേധ സംവിധാനം നല്‍കണമെന്ന് സിറിയ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഎസിന്റെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും ആവശ്യത്തെത്തുടര്‍ന്ന് റഷ്യ മിസൈല്‍വേധ സംവിധാനം നല്‍കുന്നതിലുള്ള പദ്ധതി മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ എസ് 300 മിസൈല്‍വേധ സംവിധാനം നല്‍കുന്നതിനുള്ള പദ്ധതി പരിഗണനയിലാണെന്ന് റഷ്യ അറിയിച്ചു.
ആകാശത്ത് വച്ചുതന്നെ മിസൈലുകളും യുദ്ധവിമാനങ്ങളും തകര്‍ക്കാന്‍ ശേഷിയുള്ള എസ്300 ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും കരുത്തുറ്റ മിസൈല്‍ പ്രതിരോധ സംവിധാനമാണ്.