Thursday
15 Nov 2018

ശബരിമലയില്‍ ആചാരലംഘനവും അഴിഞ്ഞാട്ടവും

By: Web Desk | Tuesday 6 November 2018 11:01 PM IST

സ്വന്തം ലേഖകന്‍
ശബരിമല: ചിത്തിര ആട്ടത്തിരുനാള്‍ പൂജയ്ക്ക് നട തുറന്ന ശബരിമലയില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ ആചാരലംഘനവും അഴിഞ്ഞാട്ടവും. ദര്‍ശനത്തിനെത്തിയ അമ്പത് വയസ്സ് പിന്നിട്ട സ്ത്രീയെ സന്നിധാനത്ത് തമ്പടിച്ച ആര്‍എസ്എസുകാര്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആചാരസംരക്ഷണത്തിനെന്നപേരില്‍ സ്ഥലത്ത് തമ്പടിച്ച ആര്‍എസ്എസുകാര്‍ പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയിറങ്ങി ആചാരലംഘനവും നടത്തി. സ്ത്രീകള്‍ക്കെതിരായ മര്‍ദനവും ആചാരലംഘനവും പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും അക്രമം അഴിച്ചുവിട്ടു. സംഭവത്തില്‍ രണ്ടിലധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുമുടിക്കെട്ടില്ലാതെ മുകളിലേയ്ക്ക് കയറുകയും താഴേയ്ക്ക് ഇറങ്ങുകയും പ്രതിഷ്ഠയ്ക്ക് പുറംതിരിഞ്ഞ് നില്‍ക്കുകയും ചെയ്തത്. പടിക്കെട്ടിന് മുകളില്‍ കയറി നിന്ന് അനുയായികളോട് സംസാരിക്കുന്നതും സംസാരം അവസാനിപ്പിക്കുമ്പോള്‍ കയ്യടിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കൊല്ലെടാ അവളെ എന്നാക്രോശിച്ചുകൊണ്ടായിരുന്നു 52 കാരിക്കെതിരെ ആര്‍എസ്എസുകാരുടെ മര്‍ദനം. തൃശൂര്‍ സ്വദേശിനി ലളിതാ രവി(52)ക്ക് എതിരെയാണ് നടപ്പന്തലില്‍ അതിക്രമമുണ്ടായത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് തൃശൂരില്‍ നിന്നെത്തിയ ആറംഗ സംഘത്തോടൊപ്പം സ്ത്രീയും എത്തിയത്. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു ഇവര്‍ ദര്‍ശനത്തിനെത്തിയത്. കുഞ്ഞിന്റെ ചോറൂണിനെത്തിയതായിരുന്നു കുടുംബം. കുഞ്ഞിന്റെ ഇളയച്ഛനായ മൃദുലിനെ ഓടിച്ചിട്ട് അടിക്കുകയും മുണ്ടും ഷര്‍ട്ടും വലിച്ചുകീറുകയും ചെയ്തു. പൊലീസെത്തിയാണ് ഇയാളെ രക്ഷിച്ചത്. ഇവരുടെ രേഖകള്‍ പരിശോധിച്ച പൊലീസ് സ്ത്രീക്ക് 50 വയസിന് മുകളിലുണ്ടെന്ന് അറിയിച്ചെങ്കിലും അക്രമികള്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. തിക്കിലും തിരക്കിലും പെട്ട സ്ത്രീയെ പല ഭാഗങ്ങളില്‍ നിന്നും മര്‍ദിച്ചു. പരിക്കേറ്റ സ്ത്രീയെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, കുഞ്ഞിന്റെ ചോറൂണിനായാണ് ശബരിമലയിലെത്തിയതെന്ന് സ്ത്രീയുടെ ഭര്‍ത്താവ് രവി പറഞ്ഞു. തങ്ങള്‍ക്ക് നേരെ കയ്യേറ്റമുണ്ടായെന്ന് രവി മാധ്യമങ്ങളോട് പ്രതികരിച്ചു. പതിനെട്ടാം പടിയിലും പരിസരത്തും അക്രമികള്‍ കൂട്ടം കൂടി നിന്നാണ് ഭീതി പരത്തിയത്. അക്രമികള്‍ പലരും മുഖം മറച്ചാണ് ഇവിടെ നിന്നിരുന്നത്.
സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ലളിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു. അനധികൃതമായി സംഘം ചേരല്‍, സ്ത്രീകളെ തടഞ്ഞുവയ്ക്കല്‍, അപമര്യാദയായി പെരുമാറല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
രാവിലെ പത്ത് മണിയോടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പതിനെട്ടാം പടിയില്‍ കയറിയിരുന്ന് പ്രതിഷേധം നടത്തിയത്. ഇതിനെതിരെ സന്നിധാനത്ത് വിശ്വാസികള്‍ക്കിടയില്‍ എതിര്‍പ്പുയര്‍ന്നുവെങ്കിലും വകവയ്ക്കാതെ ഏറെ നേരം കുത്തിയിരിപ്പും ആക്രോശങ്ങളും തുടരുകയായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാര ലംഘനമാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് പിന്നീട് പറഞ്ഞു. ആചാര ലംഘനം നടന്നതായി ബോധ്യപ്പെടുകയോ പരാതിവരികയോ ചെയ്താല്‍ പരിഹാര ക്രിയകള്‍ ചെയ്യുമെന്നും തന്ത്രി അറിയിച്ചു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ കയറിനിന്ന് പ്രസംഗിച്ച ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നടപടി ആചാര ലംഘനമാണെന്ന് ദേവസ്വം ബോര്‍ഡും പ്രതികരിച്ചു. വിവാദമായതോടെ ആചാരലംഘനം നടത്തിയെന്ന് വത്സന്‍ തില്ലങ്കേരി പിന്നീട് സമ്മതിച്ചു.
ശബരിമല സന്നിധാനത്ത് സ്ത്രീയെ തടയുന്നതും ആചാരലംഘനം നടത്തുന്നതും ചിത്രീകരിക്കുന്നതിനിടെയാണ് അക്രമികള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. അമൃത ടിവി റിപ്പോര്‍ട്ടര്‍ അജിത്ത്, മാതൃഭൂമി ന്യൂസ് കാമറാമാന്‍ വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അജിത്തിന്റെ തലയ്ക്കാണ് പരിക്ക്. സന്നിധാനത്ത് പൊലീസ് എയ്ഡ് പോസ്റ്റിന് മുകളില്‍ കയറി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച വിഷ്ണുവിനെതിരെയാണ് അതിക്രമമുണ്ടായത്. ചിലര്‍ വിഷ്ണുവിനു നേര്‍ക്ക് കസേരയും തേങ്ങയും വലിച്ചെറിഞ്ഞു. തുടര്‍ന്ന് പൊലീസ് സംഘത്തിനു നടുവിലേക്ക് ചാടിയാണ് വിഷ്ണു രക്ഷപ്പെട്ടത്. ന്യൂസ് 18 ചാനല്‍ സംഘത്തിന് നേരെയും ആക്രമണം നടന്നു. ചാനലിന്റെ ട്രൈപോഡ് തകര്‍ത്തു. കാമറ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെങ്കിലും കാമറാമാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അഴിമുഖം റിപ്പോര്‍ട്ടര്‍ക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി. ഒറ്റപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞ്പിടിച്ച് അക്രമിക്കുന്ന രീതിയായിരുന്നു സ്വീകരിച്ചത്. ധരിച്ചിരുന്ന കറുത്ത മുണ്ട് മടക്കിക്കുത്തി ആക്രോശിക്കുന്നതും കാണാമായിരുന്നു.
നിലയ്ക്കലും മാധ്യമങ്ങള്‍ക്കു നേരെ കയ്യേറ്റമുണ്ടായി. നിലയ്ക്കലില്‍ ബിജെപി നേതാക്കള്‍ വാഹനം കടത്തി വിടണമെന്നാവശ്യപ്പെട്ടത് പൊലീസ് തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. ഇവിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാതൃഭൂമി ന്യൂസ് കാമറാമാന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്.
ആന്ധ്രയില്‍നിന്നെത്തിയ
യുവതികള്‍ക്കുനേരെയും
കയ്യേറ്റശ്രമം
പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ സംഘത്തോടൊപ്പമുണ്ടായിരുന്ന ആന്ധ്ര സ്വദേശിനികളായ ആറു യുവതികള്‍ക്കെതിരെയും ആര്‍എസ്എസ് കയ്യേറ്റത്തിന് ശ്രമിച്ചു. എന്നാല്‍ ഈ സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനെത്തിയവരായിരുന്നില്ല. അതേസമയം ദര്‍ശനം നടത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ സുരക്ഷ ഒരുക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും യുവതികള്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ആന്ധ്രയില്‍ നിന്നെത്തിയ 32 പേരടങ്ങുന്ന സംഘം നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് പമ്പയില്‍ എത്തിയത്. പമ്പയില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ നിലയ്ക്കലെത്തിയ ഇവര്‍ ഒപ്പമുണ്ടായിരുന്നവര്‍ ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയപ്പോള്‍ അവര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങി.

Related News