Sunday
19 Nov 2017

കെഎസ്ആര്‍ടിസി പമ്പാ സ്പെഷല്‍ സര്‍വീസിനെതിരെ ആക്ഷേപം

By: Web Desk | Thursday 2 November 2017 10:11 PM IST

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് സീസണോട് അനുബന്ധിച്ചുള്ള കെഎസ്ആര്‍ടിസി സ്പെഷല്‍ പമ്പാ സര്‍വീസിനെതിരേ ആക്ഷേപം. 12 ഓപ്പറേറ്റിംഗ് സെന്ററുകള്‍ കേന്ദ്രീകരിച്ച് 156 ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സര്‍വീസിനായി എത്തിക്കാനുള്ള ഉത്തരവ് ദിവസങ്ങള്‍ക്കു മുമ്പാണ് ഇറങ്ങിയത്. കെഎസ്ആര്‍ടസിയ്ക്ക് കൂടുതല്‍ നഷ്ടമുണ്ടാക്കുന്ന തരത്തിലാണ് ഉത്തരവെന്ന് ഇതിനോടകംതന്നെ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. കട്ടപ്പുറത്തിരിക്കുന്നത് അടക്കം കേടുപാടുകള്‍ പറ്റിയ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി ഇറക്കാതെ നിലവില്‍ ലാഭത്തിലോടുന്ന റൂട്ടുകളില്‍ നിന്ന് ബസുകള്‍ പിന്‍വലിച്ച് പമ്പാ സ്പെഷല്‍ സര്‍വീസിനെത്തിക്കാനാണ് തീരുമാനം. നിരത്തിലുള്ള ബസുകള്‍ക്കൊപ്പം കേടുപാടുകള്‍ സംഭവിച്ചവയും തകരാറുകള്‍ പരിഹരിച്ച് കഴിഞ്ഞ സീസണ്‍വരെ സ്പെഷല്‍ സര്‍വീസിന് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇത്തവണ അറ്റകുറ്റപ്പണികള്‍ നടത്തി ഒരു ബസും പമ്പയ്ക്ക് വിടണ്ട എന്നാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. ഇത് ലക്ഷങ്ങളുടെ നഷ്ടമാണ് കോര്‍പറേഷന് ഉണ്ടാക്കുക എന്ന് ഒരു വിഭാഗം ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. ലാഭകരമായ റൂട്ടുകളില്‍ നിന്ന് ബസുകള്‍ പിന്‍വലിക്കുന്നത് അതാത് ഡിപ്പോകള്‍ക്ക് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. പകരം ബസ് നല്‍കാനുള്ള സംവിധാനവും തല്‍കാലമില്ല. സീസണ്‍ കഴിയുമ്പോള്‍ വരുമാനനഷ്ട കണക്കുകള്‍ നിരത്തി നിലവിലുള്ള സര്‍വീസുകളില്‍ പലതും നിര്‍ത്താനും അധികൃതര്‍ മടിക്കില്ലത്രേ. മാത്രമല്ല, മുന്‍ വര്‍ഷങ്ങളില്‍ 200 ബസുവരെയാണ് പമ്പാ സര്‍വീസിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത്തവണ 156 എണ്ണം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കാകും കെഎസ്ആര്‍ടിസി ബസുകളില്‍ അനുഭവപ്പെടുക എന്നും ജീവനക്കാര്‍ തന്നെ ആക്ഷേപമുയര്‍ത്തുന്നു. ഇത് മറ്റ് സര്‍വീസുകളെയും സാരമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു. പമ്പ സെന്റര്‍(45 ബസ്സ്), ചെങ്ങന്നൂര്‍ (30 ബസ്), കോട്ടയം(25), പത്തനംതിട്ട (പത്ത്), എരുമേലി(പത്ത്), കുമളി(പത്ത്), കൊട്ടാരക്കര(ഒമ്പത്), തിരുവനന്തപുരം സെന്‍ട്രല്‍(അഞ്ച്), എറണാകുളം(അഞ്ച്), അടൂര്‍(മൂന്ന്), പന്തളം(രണ്ട്), കായംകുളം(രണ്ട്) എന്നിങ്ങനെയാണ് വിവിധ ഓപ്പറേറ്റിംഗ് സെന്ററുകളിലേക്ക് ബസുകള്‍ അനുവദിച്ചിരിക്കുന്നത്. ഇവ നിര്‍ദേശിച്ച തീയതിക്കും സമയത്തിനും ഉള്ളില്‍ മറ്റ് ഡിപ്പോകളില്‍ നിന്നും ഒപ്പറേറ്റിംഗ് സെന്ററുകളില്‍ ബസ്സുകള്‍ എത്തിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Related News