Saturday
18 Nov 2017

ശബരിമല വികസനം മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് നടപ്പാക്കണം: മന്ത്രി കെ രാജു

By: Web Desk | Tuesday 14 November 2017 10:32 PM IST

പത്തനംതിട്ട: ശബരിമല വികസനം അംഗീകരിക്കപ്പെട്ട മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചാണ് നടപ്പാക്കേണ്ടതെന്ന് വനംമന്ത്രി കെ രാജു. പ്രസ്‌ക്ലബില്‍ ശബരിമല സുഖദര്‍ശനം സംവാദം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം കാനനക്ഷേത്രമാണ്.
അതുകൊണ്ട് വനവും അതീവശ്രദ്ധയോടെ സംരക്ഷിക്കപ്പെടണം. കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ല അവിടെയാവശ്യം. വിഐപികള്‍ വന്ന് തങ്ങേണ്ട സ്ഥലമല്ല ശബരിമല. അതിന് നിലക്കലില്‍ സൗകര്യമേര്‍പ്പെടുത്താവുന്നതാണ്. ഭക്തര്‍ വരുന്നത് ദര്‍ശനത്തിന് വേണ്ടി മാത്രമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ ഇത് വ്യക്താക്കിയതാണ്. ദേവസ്വംബോര്‍ഡ് സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താം. അതുകൊണ്ടുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിസ്ഥിതി വകുപ്പ് പരിശോധിക്കട്ടെ. കേന്ദ്രനിയമം അനുസരിച്ച് മാത്രമെ വനഭൂമിയില്‍ നിര്‍മ്മാണം നടത്താന്‍ കഴിയുകയുള്ളു. ശബരിമല തീര്‍ത്ഥാടനത്തിന് വനംവകുപ്പ് എതിരാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. ബലിത്തറയുടെയും വെടിവഴിപാടിന്റെയും പേരിലാണ് വനംവകുപ്പിനെതിരെ പ്രചാരണം നടത്തുന്നത്. മുന്‍വര്‍ഷങ്ങളിലേതുപോലെ ത്രിവേണിയില്‍ താല്‍ക്കാലിക ബലിപ്പുരകള്‍ നിര്‍മ്മിക്കുന്നതിന് വനംവകുപ്പ് എതിരല്ല. എന്നാല്‍ വനഭൂമിയില്‍ സ്ഥിരമായി ബലിപ്പുരകള്‍ നിര്‍മ്മിക്കുന്നത് അനുവദിക്കില്ല. വെടിവഴിപാട് നടത്തുവാന്‍ ദേവസ്വംബോര്‍ഡ് സ്ഥലത്ത് പ്രത്യേക സ്ഥലമുള്ളപ്പോള്‍ വനത്തിനുള്ളില്‍ ഇത് നടത്തണമെന്ന് പറയുന്നത് അംഗീകരിക്കില്ല. വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിന് വെടിയൊച്ച ശല്യമാകും. മുമ്പ് തീര്‍ത്ഥാടക സൗകര്യങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുത്ത സ്ഥലത്ത് അവകാശം സ്ഥാപിക്കാന്‍ വനംവകുപ്പില്ല. പമ്പയില്‍ വനംവകുപ്പ് സ്ഥലത്താണ് വൃക്ഷതൈകള്‍ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിസി ബസ്സുകളുടെ പാര്‍ക്കിംഗിന് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അത്യാസന്ന നിലയിലാകുന്നവരെ കൊണ്ടുപോകാന്‍ വനംവകുപ്പ് ആംബുലന്‍സ് ഏര്‍പ്പെടുത്തി.
ചുക്കുവെള്ളവും ശുദ്ധജലവും വിതരണം ചെയ്യും. നിലവിലുള്ള സൗകര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കും. പച്ചക്കാനത്ത് വനഭൂമി കൈയ്യേറി റിസോര്‍ട്ട് സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. 77ന് മുമ്പുള്ള കുടിയേറ്റങ്ങളെ കോടതി അംഗീകരിച്ചതാണ്. റവന്യു വകുപ്പുമായി ചേര്‍ന്നുള്ള സംയുക്ത പരിശോധനയിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് നിയമാനുസൃത പട്ടയം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, എ അയൂബ് എന്നിവരും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ബോബി ഏബ്രഹാം സ്വാഗതവും സെക്രട്ടറി ബിജു കുര്യന്‍ നന്ദിയും പറഞ്ഞു.

Related News