Thursday
15 Nov 2018

ശബരിമല; സര്‍ക്കാരിന് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യണമെന്ന് പറയുന്നത് രാഷ്ട്രിയ മുതലെടുപ്പ്: ആര്‍ ബാലകൃഷ്ണ പിള്ള

By: Web Desk | Friday 9 November 2018 8:52 AM IST

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യണമെന്ന് പറയുന്നത് രാഷ്ട്രിയ മുതലെടുപ്പാണന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങള്‍ തെറ്റിക്കാന്‍ പാടില്ലായെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന കേരള കോണ്‍ഗ്രസ് മേഖലാ നേതൃത്വ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ വിചാരിച്ചാല്‍ സുപ്രിം കോടതി വിധി മാറ്റാന്‍ കഴിയില്ല എന്ന വസ്തുത അറിഞ്ഞിട്ടും സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്നത് രാഷ്ട്രിയ മുതലെടുപ്പിനു വേണ്ടിയിട്ടാണ്. അചാരങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണഘടനപരമായ ബാധ്യതയാണ്. എന്നാല്‍ ഭരണഘടനയിലെ രണ്ട് ആര്‍ട്ടിക്കിളുകള്‍ പരസ്പര വിരുദ്ധമായതാണ് ഈ വിധിക്ക് കാരണമായത്. ചുംബന സമരങ്ങള്‍ നടത്തിയവരും ചില സമുദായങ്ങളില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിച്ചവരും ശബരിമലയില്‍ കയറണമെന്ന് പറയുന്നത് അംഗികരിക്കുവാന്‍ കഴിയുന്നതല്ല. ഇതേ നിലപാടാണ് സര്‍ക്കാറിനുമുള്ളത്. ഈ വിധി വന്നതോടെ മറ്റ് മതങ്ങളുടെ ആചാരങ്ങളും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാതിമത ചിന്തകള്‍ക്ക് അതീതമായി ചിന്തിച്ചാല്‍ മാത്രമേ രാജ്യം പുരോഗതിയിലേക്ക് നീങ്ങുകയുള്ളുവെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

നോട്ട് നിരോധനവും, പെട്രോള്‍ വില വര്‍ദ്ധനവ് തുടങ്ങിയ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മാറി മറ്റു നിസാര പ്രശ്‌നങ്ങളുടെ പുറകെ പോകുകയാണ്. ജാതി ചിന്തകൊണ്ട് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ചിലരെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി നജീം പാലക്കണ്ടി അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ല പ്രസിഡന്റ് മോന്‍സി തോമസ്, വര്‍ക്കിം ചെയര്‍മാന്‍ പി.എം. മാത്യു, പോള്‍ ജോസഫ്, സി. വേണുഗോപല്‍ നായര്‍, കെ.ജി. പ്രേംജിത്ത്, കെ. ഭഗീരഥന്‍ നായര്‍, ഷിബി ജോര്‍ജ്, ലിജോ ജോണ്‍, പോള്‍സണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു.