Saturday
17 Nov 2018

പതിനെട്ടാംപടി കയ്യടക്കിയപ്പോള്‍ എന്തുകൊണ്ട് മുറിയടച്ചിരുന്നു?

By: Web Desk | Thursday 8 November 2018 6:24 PM IST

സംഘപരിവാര്‍ പതിനെട്ടാംപടി കയ്യടക്കിയപ്പോള്‍

ശബരിമല: പൊലീസിനെ തള്ളിമാറ്റി സംഘപരിവാര്‍ പതിനെട്ടാംപടി കയ്യടക്കിയപ്പോള്‍ എന്തുകൊണ്ട് മുറിയടച്ചിരുന്നുവെന്ന് ഡി ജിപി ലോക് നാഥ് ബെഹ്റ തൃശൂർ റേഞ്ച് ഐ ജി എം ആർ അജിത്ത് കുമാറിനോടു ചോദിച്ചതായി വിവരം. സംഘപരിവാര്‍ അക്രമികളെ ശാന്തരാക്കാന്‍‍  പൊലീസിന്‍റെ മെഗാഫോണ്‍ ആര്‍ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിയ്ക് ഉപയോഗിക്കാന്‍ നല്കിയതിനെയും പെലീസ് മേധാവി വിമര്‍ശിച്ചു.

സന്നിധാനത്തെ സുരക്ഷാവീഴ്ച പൊലീസിനു വലിയ നാണക്കേടാണുണ്ടാക്കിയത്. സന്നിധാനത്തെ പൊലീസ് സ്റ്റേഷനും പതിനെട്ടാംപടിയും ഉപരോധിച്ച സംഘപരിവാറിനെ നിയന്ത്രിക്കാന്‍ പൊലീസിനു കഴി‍ഞ്ഞില്ല, ആ സമയം അജിത്ത് കുമാര്‍ മുറിയ്ക്കകത്തു നിന്നു പുറത്തേക്കു വരാതെ, ഇടയ്ക്ക് പിന്നിലെ വരാന്തയിലിറങ്ങി നിന്നു വീക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ശബരിമല ഡ്യൂട്ടി പൊലീസുകാര്‍ ഭയക്കുന്ന സ്ഥിതിയിലാണിപ്പോള്‍.  സർക്കാർ ആദ്യം സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ച ഐ ജി പി വിജയനും ഇന്റലിജൻസ് മേധാവി വിനോദ് കുമാറും അവധിയിൽ പ്രവേശിച്ചത് പൊല്ലാപ്പ് പിടിക്കാന്‍ താത്പര്യം ഇല്ലാത്തതിനാലാണത്രേ. മറ്റു പല ഉദ്യോഗസ്ഥരും അവധിക്ക് അപേക്ഷിച്ചിട്ടുണ്ട്.

മണ്ഡല മകര വിളക്ക് തീർത്ഥാടനകാലത്തും സംഘപരിവാര്‍ അക്രമം തുടര്‍‍ന്നാല്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതെങ്ങനെയെന്നതു പൊലീസിനെ കുഴയ്ക്കുന്നു. നിരോധനാജ്ഞയും   സന്നിധാനത്ത്  കൂടുതൽ നേരം തങ്ങാൻ അനുവദിക്കില്ലെന്ന തീരുമാനവുമൊന്നും അക്രമം തടയാന്‍ പര്യാപ്തമാകുന്നില്ല.

Related News