Sunday
19 Nov 2017

ശബരിമലയെ ദേശീയ തീര്‍ത്ഥാടന  കേന്ദ്രമായി പ്രഖ്യാപിക്കണം: മുഖ്യമന്ത്രി

By: Web Desk | Tuesday 17 October 2017 4:45 PM IST

ശബരിമല: ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സന്നിധാനത്ത് നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മാത്രമല്ല 33 രാജ്യങ്ങളില്‍ നിന്നും ശബരിമലയില്‍ തീര്‍ത്ഥാടകരെത്തുന്നുണ്ട്. ഇതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും.
തീര്‍ത്ഥാടന കാലയളവില്‍ കേരളത്തിലേക്ക് കൂടുതല്‍ ട്രയിനുകള്‍ ഓടിക്കാന്‍ റെയില്‍വേയോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെടും. ശബരി റെയില്‍വേക്കുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും. ശബരി വിമാനത്താവളം എത്രയും വേഗം നടപ്പിലാക്കും. ശബരിമലയില്‍ ഈ തീര്‍ത്ഥാടന കാലത്തും കുപ്പിവെള്ളം നിരോധിക്കും. പൂര്‍ണ്ണമായ മാലിന്യനിര്‍മ്മാര്‍ജ്ജനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  വനം വകുപ്പ് ശബരിമലയുടെ വികസനത്തിനെതിരാണെന്ന പ്രചാരണം ശരിയല്ല. പരിസ്ഥിതി സംരക്ഷണം വനംവകുപ്പിന്റെ ചുമതലയില്‍പ്പെട്ടതാണ്. വനഭൂമി നിലനിര്‍ത്താനുള്ള നടപടികളാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ശബരിമലയില്‍ കൂടുതല്‍  കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് നേരത്തെ പുണ്യദര്‍ശനം കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഭക്തര്‍ക്ക് ദര്‍ശനം നടത്തി പെട്ടെന്ന് തിരിച്ചുപോകാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് അത്യാവശ്യമായി ഉണ്ടാകേണ്ടത്. മാസ്റ്റര്‍ പ്ലാനിനെ അടിസ്ഥാനപ്പെടുത്തിയുള്ള വികസനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. ശുചീകരണത്തിനായി ഇത്തവണ 800 പേരെ നിയോഗിക്കും. ശബരിമല തീര്‍ത്ഥാടനത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്., കെ രാജു, ജി സുധാകരന്‍, എം പി മാരായ ജോയ്‌സ് ജോര്‍ജ്, ആന്റോ ആന്റണി, ാജു ഏബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ കെ രാഘവന്‍, അജയ് തറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിന് ശേഷം മുഖ്യമന്ത്രി ശബരിമല ക്ഷേത്രം, മാളികപ്പുറം ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
Related News