25 April 2024, Thursday

Related news

April 24, 2024
April 24, 2024
April 23, 2024
April 23, 2024
April 23, 2024
April 22, 2024
April 21, 2024
April 20, 2024
April 20, 2024
April 19, 2024

മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും; ഇനിതീര്‍ത്ഥാടന നാളുകള്‍

Janayugom Webdesk
തിരുവനന്തപുരം
November 15, 2022 10:54 am

മണ്ഡല ‑മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. ഇനിയുള്ള നാളുകള്‍ ശബരിമല തീര്‍ത്ഥാടനമാണ്,അവസാന ഒരുക്കവും പൂർത്തിയാക്കി ഇന്നു വൈകുന്നേരത്തോടെ ശബരിമല സന്നിധാനം തീർഥാടനത്തിന്‌ പൂർണ സജ്ജമാകും.ബുധൻ വൈകിട്ടാണ്‌ നട തുറക്കുന്നത്‌. ഇത്തവണ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കുമുമ്പേ ആരംഭിച്ചിരുന്നു.

ശബരിലതീര്‍ത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് പരമാവധി സേവനം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാരും,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പ്രവര്‍ത്തനങ്ങള്‍ കാലേകൂട്ടി നടത്തി.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗവും ദേവസ്വംമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും നേതൃത്വത്തിൽ നിരവധി അവലോകന യോഗങ്ങളും നടത്തി. 

സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പ്രധാന ഇടത്താവളങ്ങളിലെല്ലാം കാലേകൂട്ടി യോഗങ്ങള്‍ ചേര്‍ന്നു തീര‍ത്ഥാടനം സുഗമമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.പ്രളയം തകർത്ത പമ്പയിലെയും തീർഥാടന വഴികളിലെയും തടസ്സങ്ങൾ പൂർണമായും നീക്കി.സന്നിധാനത്ത്‌ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കി. പമ്പയിലും നിലയ്‌ക്കലിലും ചൊവ്വയോടെ പൂർത്തിയാകും.

മരക്കൂട്ടത്ത്‌ സ്ഥിരം ടോയ്‌ലെറ്റ്‌ ബ്ലോക്ക്‌ നിർമിച്ചു. വലിയ നടപ്പന്തൽ മിനുക്കി. അന്നദാന കൗണ്ടറുകൾ മോടിപിടിപ്പിച്ച്‌ കെട്ടിടങ്ങളുടെ പെയിന്റിങ്ങും കഴിഞ്ഞു. നീലിമല, അപ്പാച്ചിമേട്‌, ശരംകുത്തിവരെയുള്ള പരമ്പരാഗത പാതയിൽ കല്ലുപാകി.ഞുണങ്ങാറിനു കുറുകെയുള്ള പാലത്തിന്റെ പണിയും പൂർത്തിയാക്കി. രാമപൂർത്തി മണ്ഡപത്തിൽ പന്തലും നിർമിച്ചു. പമ്പാതീരത്തെ മാലിന്യങ്ങൾ പൂർണമായും നീക്കി.പമ്പയിലും സന്നിധാനത്തുമായി 18 അടിയന്തര ചികിത്സാകേന്ദ്രമാണ്‌ (ഇഎംസി) സജ്ജീകരിക്കുന്നത്‌.പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലായി 2445 ശുചിമുറി ഒരുക്കി. ശുചീകരണത്തിന് ഏകദേശം 1200 വിശുദ്ധി സേനാംഗങ്ങളെ കൂടാതെ ഇരുനൂറോളം പേരെ ഏർപ്പെടുത്തി

കെഎസ്ആർടിസിയുടെ 500 ബസ്‌ സർവീസ്‌ നടത്തും. പമ്പ–- നിലയ്ക്കൽ റൂട്ടിൽമാത്രം 200 ബസ്‌ ഓരോ മിനിറ്റ്‌ ഇടവേളയിലുണ്ടാകും. സുരക്ഷയ്‌ക്കായി മൊത്തം 13,000 പൊലീസുകാരെ ശബരിമലയിൽ വിന്യസിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ 134 സിസിടിവി കാമറ സ്ഥാപിച്ചു. ഇടത്താവളങ്ങളിലും പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകും.നാളെ വൈകിട്ട് അഞ്ചിനു തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറക്കും. നടതുറക്കുന്ന ദിവസം പ്രത്യേക പൂജകളില്ല. നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെയും അഭിഷേക അവരോധിക്കൽ ചടങ്ങും ബുധൻ വൈകിട്ട്‌ നടക്കും.

പുറപ്പെടാശാന്തിമാരായ ഇവരാകും വ്യാഴം പുലർച്ചെ ഇരു ക്ഷേത്രനടകളും തുറക്കുക. നിലവിലെ മേൽശാന്തി ബുധൻ രാത്രി പതിനെട്ടാം പടിയിറങ്ങും. 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന്‌ നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനം 20ന് അവസാനിക്കും.ശബരിമല തീർഥാടനത്തിരക്ക്‌ കണക്കിലെടുത്ത്‌ കൂടുതൽ പ്രതിവാര ട്രെയിനുകൾ സൗത്ത്‌ സെൻട്രൽ റെയിൽവേ പ്രഖ്യാപിച്ചു.

പ്രത്യേക നിരക്കായിരിക്കും ട്രെയിനുകളിൽ. 07119 നരസപുർ–- കോട്ടയം 18നും 25നും രാവിലെ അഞ്ചിന്‌ നരസപുരിൽനിന്ന്‌ പുറപ്പെടും. 07120 കോട്ടയം–- നരസപുർ 19നും 26നും രാവിലെ 9.30ന്‌ കോട്ടയത്തുനിന്ന്‌ പുറപ്പെടും. 07117 സെക്കന്തരാബാദ്‌–- കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ 20 മുതൽ ജനുവരി എട്ടുവരെയുള്ള ഞായറാഴ്‌ചകളിലും 07118 കൊല്ലം ജങ്‌ഷൻ–-സെക്കന്തരാബാദ്‌ എക്‌സ്‌പ്രസ്‌ ചൊവ്വാഴ്‌ചകളിൽ ജനുവരി പത്തുവരെയും 07121 സെക്കന്തരാബാദ്‌–-കൊല്ലം ജങ്‌ഷൻ ഞായറാഴ്‌ചകളിൽ ജനുവരി 13 വരെയും 07122 കൊല്ലം ജങ്‌ഷൻ– ‑സെക്കന്തരാബാദ്‌ എക്‌സ്‌പ്രസ്‌ ചൊവ്വാഴ്‌ചകളിൽ ജനുവരി 17 വരെയും 07123 സെക്കരാബാദ്‌–-കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ 21നും 28നും 07124 കൊല്ലം ജങ്‌ഷൻ–-സെക്കന്തരാബാദ്‌ 23നും 30നും സർവീസ്‌ നടത്തും

07125 സെക്കന്തരാബാദ്‌–-കോട്ടയം എക്‌സ്‌പ്രസ്‌ 20നും 27നും 07126 കോട്ടയം–- സെക്കന്തരാബാദ്‌ എക്‌സ്‌പ്രസ്‌ 21നും 28നും 07127 ഹൈദരാബാദ്‌– ‑കൊല്ലം എക്‌സ്‌പ്രസ്‌ 22നും 29നും 07128 കൊല്ലം ജങ്‌ഷൻ–-ഹൈദരാബാദ്‌ എക്‌സ്‌പ്രസ്‌ 16, 23, 30 തീയതികളിലും സർവീസ്‌ നടത്തും. ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ്‌ റിസർവേഷൻ ആരംഭിച്ചു.

പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ എത്തുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനു ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ യോഗം നടത്തുകയും,റെയില്‍വേസ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു 

Eng­lish Summary:
Sabari­mala will open tomor­row for Man­dala-Makar­avi­lak fes­ti­val; Pil­grim­age days

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.