Tuesday
16 Oct 2018

ശബരിമല സ്ത്രീ പ്രവേശനം: എന്‍എസ്എസ് റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും

By: Web Desk | Thursday 4 October 2018 5:55 PM IST

കോട്ടയം: ശബരിമല കേസില്‍ സുപ്രീംകോടതിയുടെ വിധിയില്‍ നായര്‍ സര്‍വീസ് സൊസൈറ്റി റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും. എന്‍എസ്എസ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനസര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല കേസ് കുറച്ചുകൂടി അവധാനതയോടെ കൈകാര്യം ചെയ്യാനും പരിഹരിക്കാനും ശ്രമിക്കുകയാണ് ചെയ്യേണ്ടത്. ഭരണഘടനയാണ് എല്ലാത്തിലും വലുത്. അനാചാരങ്ങളും ദുരാചാരങ്ങളും മാറ്റേണ്ടത് ആവശ്യവുമാണ്. എന്നാല്‍, മനുഷ്യന് അവന്റെ വിശ്വാസം സംരക്ഷിക്കുവാന്‍ ആവശ്യമായ ഭേദഗതികള്‍ കാലാകാലങ്ങളില്‍ വരുത്തേണ്ടത് സര്‍ക്കാരുകളുടെ ചുമതലയാണ്. എങ്കില്‍ മാത്രമേ രാജ്യത്ത് സമാധാനവും അഖണ്ഡതയും ഐശ്വര്യവും നിലനിര്‍ത്തുവാനാവൂ എന്നും വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നു.
കോടതിവിധിയില്‍ പുനഃപരിശോധനാഹര്‍ജി നല്കില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെയും നിലപാട് നിരാശാജനകമാണ്.

ക്ഷേത്രങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വം ബോര്‍ഡിനെപോലെയുള്ള ഒരു സ്വതന്ത്രസ്ഥാപനത്തിന് എങ്ങനെ ഇത്തരം ഒരു തീരുമാനത്തിലെത്താന്‍ കഴിയും എന്നു മനസ്സിലാകുന്നില്ല. വിശ്വാസികള്‍ കാണിക്ക അര്‍പ്പിക്കുന്ന പണം കൊണ്ടാണ് ദേവസ്വങ്ങളുടെയും ബോര്‍ഡിന്റെയും ഭരണം നടത്തിവരുന്നത്. ഇതില്‍ സര്‍ക്കാരിന്റെ പങ്ക് എന്തുണ്ട് എന്നുള്ളത് വിശ്വാസികള്‍ക്ക് നല്ലതുവണ്ണം അറിയാം. വിശ്വാസികളെ ബാധിക്കുന്ന തരത്തിലുള്ള സുപ്രീംകോടതിവിധി നടപ്പാക്കുന്ന കാര്യത്തില്‍ മറ്റൊന്നിലുമില്ലാത്ത വ്യഗ്രതയും തിടുക്കവും സംസ്ഥാനസര്‍ക്കാരിന് ഉള്ളത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. തന്മൂലം വിശ്വാസികള്‍ അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിന് ആവശ്യമായതൊക്കെ ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും എന്‍എസ്എസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Related News