Tuesday
16 Oct 2018

ശബരിമലയിലെ സ്ത്രീപ്രവേശനം സുപ്രീംകോടതി വിധി ഇന്ന്

By: Web Desk | Friday 28 September 2018 8:24 AM IST

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട രാജ്യം ഉറ്റുനോക്കുന്ന ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി.  പ്രായത്തിലുള്ള വേർതിരിവില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വിധിപറയുക. നേരത്തെ എട്ടുദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം  കേസ് വിധി പറയാനായി ഓഗസ്റ്  ഒന്നിനാണ്  മാറ്റിയത്.

ശബരിമല സന്നിധാനത്ത് 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് 2006 ല്‍ സുപ്രീംകോടതിയെ സമീപിച്ചത്.ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിന്‍ബലമേകുന്ന 1965 ലെ കേരള ഹിന്ദു പൊതു ആരാധനസ്ഥല ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. ഈ വിഷയത്തില്‍ അനുകൂല നിലപാടുമായി 2007 ല്‍ അന്നത്തെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ശബരിമലയില്‍ തല്‍സ്ഥിതി തുടരുന്നതിനെ അനുകൂലിച്ച്‌ 2016 ല്‍ യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. തുടര്‍ന്നു വന്ന നിലവിലെ ഇടതു  സര്‍ക്കാര്‍ ഈ സത്യവാങ്മൂലം പിന്‍വലിച്ച്‌ ആദ്യ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

Related News