Wednesday
24 Oct 2018

കാനനപാതയില്‍ സുരക്ഷയൊരുക്കാന്‍ സേഫ് സോണ്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

By: Web Desk | Wednesday 8 November 2017 4:53 PM IST

ശബരിമലതീര്‍ഥാടകര്‍ക്ക് കാനനപാതയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സേഫ് സോണ്‍ പദ്ധതിയുമായി ഈ വര്‍ഷവും മോട്ടോര്‍വാഹനവകുപ്പ് രംഗത്തിറങ്ങി. മുന്‍ വര്‍ഷങ്ങളിലെ സേഫ്‌സോണ്‍ പ്രവര്‍ത്തനങ്ങള്‍ മൂലം ഈ മേഖലയില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞത് വിലയിരുത്തിയാണ് ഈ വര്‍ഷവും സേഫ്‌സോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

2010 -2011 കാലയളവില്‍ അന്നത്തെ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇ എസ് ജെയിംസ് പത്തനംതിട്ട ജോയിന്റ് ആര്‍ ടി ഒ പ്രകാശ് ബാബു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍  ഡി മഹേഷ് എന്നിവരാണ് ഈ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അന്ന് പമ്പ മുതല്‍ പത്തനം തിട്ടവരെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. 2014ല്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് കോട്ടയം കുമളി, എരുമേലി, പമ്പ പാതകള്‍ കൂടി സേഫ് സോണ്‍ പരിധിയില്‍ കൊണ്ടുവരികയായിരുന്നു. ഈ മൂന്ന് പാതകളിലുമായി നാന്നൂറ് കിലോമീറ്റര്‍ ദൂരമാണ് തീര്‍ഥാടനകാലത്ത് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കുന്നത്.
ഇലവുങ്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രധാന കണ്‍ട്രോള്‍ റൂമാണ് സെയ്ഫ്‌സോണ്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. കൂടാതെ എരുമേവി, കുട്ടിക്കാനം എന്നിവിടങ്ങളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. 24 മണിക്കൂറും പെട്രോളിങ് നടത്തി അപകടങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് പ്രധാന പരിപാടി. ഉറക്കം വന്ന് വാഹനം ഓടിക്കുക, അശ്രദ്ധമായി വാഹനം ഓടിക്കുക, അപകടകരമായി ഓവര്‍ടേക്ക് ചെയ്യുക, അനധികൃതവും അപകടകരവുമായി പാര്‍ക്ക് ചെയ്യുക, റോഡ് മുറിച്ച് കടക്കല്‍, വാഹന സുരക്ഷിതത്വ പിരശോധന മുതലായ കാര്യങ്ങളില്‍ പെട്രോളിങ് ഉദ്യോഗസ്ഥര്‍ അപകടം ഒഴിവാക്കാന്‍ രാപകലില്ലാതെ കാനനപാതയിലുണ്ടാകും. പൊലീസ്, വനം, അന്ഗിശമന സേന, ആരോഗ്യം, ടെലികോം, ദേവസ്വംബോര്‍ഡ് മുതലായ വകുപ്പുകളെ ഏകോപിപ്പിച്ചാണ് സെയ്ഫ്‌സോണ്‍ പ്രവര്‍ത്തനം നടത്തുന്നത്. കൂടാതെ കാനനപാതിയല്‍ തകരാറിലാകുന്ന വാഹനം നന്നാക്കുവാന്‍ എല്ലാ പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെയും ടെക്‌നീഷ്യന്മാരുടെ ടീമിനെ സെയ്ഫ്‌സോണില്‍ സജ്ജരാക്കും. ഇതിനുപുറമെ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് സൗജന്യ ആംബുലന്‍സ്‌ സേവനവും ക്രെയിന്‍ സേവനവും സെയ്ഫ് സോണിലുണ്ടാകും.
 9562318181, 9400044991 എന്ന നമ്പറുകളില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാകും. ഈ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡുകള്‍ പദ്ധതി മേഖലയിലെ ഓരോ കിലോമീറ്റര്‍ ഇടവിട്ട് നാട്ടിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ റോഡ് സുരക്ഷാ പദ്ധതിയായ സെയ്ഫ്‌സോണ്‍ നിയന്ത്രിക്കുന്നത് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണര്‍ അനില്‍ കാന്താണ്. ഡെപ്യൂട്ടി കമ്മിഷ്ണര്‍മാരായ സി എസ് അശോകന്‍, കെ ജി സാമുവല്‍ തുടങ്ങി 20 അംഗ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. 20 വാഹനങ്ങള്‍ 24 മണിക്കൂറും പെട്രോളിങ് നടത്തുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗഗമായ വാഹന ഗതാഗതം സാധ്യമാക്കുകയും ചെയ്യും.
പദ്ധതിയുടെ വിജയം കാരണം കൂടുതല്‍ പാതകളിലേയ്ക്ക് ഈ പദ്ധതി വ്യാപിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥക്ഷാമം മുഖ്യ തടസ്സമാണ്. പദ്ധതി സംസ്ഥാന തലത്തില്‍ സേഫ് കേരള ആയി നടപ്പിലാക്കാന്‍ ഉന്നതതല ചര്‍ച്ചകള്‍ നടന്നുവരികയാണ്. സംസ്ഥാനത്തെ ഒന്നേകാല്‍കോടി വരുന്ന വാഹനങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ 700 ഓളം ഉദ്യോഗസ്ഥര്‍ മാത്രമാണ് മോട്ടോര്‍വാഹന വകുപ്പിനുള്ളത്. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയാണെങ്കില്‍ സെയ്ഫ് കേരള നടപ്പാക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.

Related News