Friday
19 Oct 2018

യുനെസ്‌കോയുടെ ലോക പൈതൃക സംരക്ഷണ ദിനം

By: Web Desk | Sunday 19 November 2017 11:20 PM IST

ഡോ. പി ലൈല

യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ അഥവാ യുനെസ്‌കോ എന്ന് കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ. പേരില്‍ നിന്നും ആ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് മനസിലാക്കാവുന്നതാണ്. സാംസ്‌കാരികവും പരിസ്ഥിതി പ്രധാനവുമായ സ്ഥലങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിനായി 1972 നവംബര്‍ 16ന് യുനെസ്‌കോ തീരുമാനിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പ്രത്യേക ഫണ്ടും കണ്ടെത്തുകയുണ്ടായി. യുനെസ്‌കോ ആദ്യം ചെയ്തത് പൈതൃക കേന്ദ്രങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു. പ്രധാനമായും ഒരു രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ വ്യക്തമാക്കുന്നവയായിരിക്കും അവിടത്തെ പൈതൃക സ്മാരകങ്ങള്‍. സാംസ്‌കാരികം, പ്രകൃതിദത്തം രണ്ടും കൂടി ചേര്‍ന്നവ എന്നിങ്ങനെ അവയെ മൂന്നായി തിരിക്കാം.
പൈതൃക കേന്ദ്രങ്ങളെ സംരക്ഷിക്കുക എന്ന സാമാന്യ സങ്കല്‍പ്പം സപ്ത ലോകാത്ഭുതങ്ങളില്‍ നിന്നും തുടങ്ങുന്നു. യുദ്ധംകൊണ്ടും പ്രകൃതിക്ഷോഭം കൊണ്ടും മറ്റുപല കാരണങ്ങളാലും അവയില്‍ പലതിനും നാശം സംഭവിച്ചപ്പോള്‍ പുതിയവ കണ്ടെത്തുകയും ലിസ്റ്റ് ചെയ്യപ്പെടുകയുമാണുണ്ടായത്. പലരാജ്യങ്ങളും യുനെസ്‌കോയുടെ കീഴിലാണ് അവരുടെ പൈതൃക സ്മാരകങ്ങള്‍ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. യുനെസ്‌കോ അംഗീകരിച്ച 36 പൈതൃകകേന്ദ്രങ്ങള്‍ ഇന്ത്യയിലുണ്ട്. 28 സാംസ്‌കാരികം, ഏഴ് പ്രകൃതിദത്തം രണ്ടും കൂടിചേര്‍ന്ന ഒരെണ്ണം. സാംസ്‌കാരിക പൈതൃക സ്മാരകങ്ങളെ ചലിക്കുന്നവയെന്നും ചലിക്കാത്തവയെന്നും രണ്ടായി തരംതിരിക്കാം. സാധാരണയായി ചലിക്കാത്തവ എന്നതുകൊണ്ട് കെട്ടിടങ്ങളാണുദ്ദേശിക്കുന്നത്. ചലിക്കുന്നവയില്‍തന്നെ ചെറുതെന്നും വലുതെന്നും രണ്ടുവിധമുണ്ട്. പഴയകാല ഗ്രന്ഥങ്ങള്‍, ചിത്രകലകള്‍ തുടങ്ങിയവയെ ചെറുതെന്നും മോട്ടോര്‍ വാഹനങ്ങള്‍, വിമാനങ്ങള്‍, കപ്പലുകള്‍ തുടങ്ങിയവയെ വലുതെന്നും വിവക്ഷിക്കാം.
ലോക പൈതൃക പട്ടികയിലേയ്ക്കുള്ള സ്ഥലങ്ങളും സ്മാരകങ്ങളും മറ്റും കണ്ടെത്തുന്നതും തീരുമാനിക്കുന്നതും യുനെസ്‌കോയുടെ ജനറല്‍ അസംബ്ലി തെരഞ്ഞെടുക്കുന്ന വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയാണ്.
ഏറ്റവും കൂടുതല്‍ പൈതൃക കേന്ദ്രങ്ങളുള്ളത് ഇറ്റലിയിലാണ്. 47 കേന്ദ്രങ്ങള്‍. ഇന്ത്യയിലെ ഏതാനും പൈതൃക കേന്ദ്രങ്ങളും അവയില്‍തന്നെ മൂന്നോ നാലോ കേന്ദ്രങ്ങളുടെ വിശദാംശങ്ങളും താഴെ കൊടുക്കുന്നു.
ആഗ്ര കോട്ട (1983), അജന്ത ഗുഹകള്‍ (1983), പുരാവസ്തു ശാസ്ത്രപ്രാധാന്യമുള്ള നളന്ദ യൂണിവേഴ്‌സിറ്റി, ബിഹാര്‍ (2016), സാഞ്ചിയിലെ ബുദ്ധമത സ്തൂപങ്ങള്‍ (1989), ചാമ്പനര്‍ പവാഗത്ത് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് (2004), ഛത്രപതി ശിവജി ടെര്‍മിനസ് (2004), ഗോവയിലെ പള്ളികളും കോണ്‍വെന്റുകളും (1986), എല്ലോറ ഗുഹകള്‍ (1983), ഫത്തേപ്പൂര്‍ സിക്രി (1986), ചോള ക്ഷേത്രങ്ങള്‍ (1987, 2004), ഹമ്പിയിലെ സ്മാരകങ്ങള്‍ (1986), മഹാബലിപുരം ക്ഷേത്രം (1984), അഹമ്മദാബാദിലെ ചരിത്ര പ്രാധാന്യമുള്ള പട്ടണം (2017), ജന്തര്‍മന്തര്‍, ജയ്പൂര്‍ (2010), സൂര്യക്ഷേത്രം, കൊണാര്‍ക് (1984), താജ്മഹല്‍ (1983), കുത്തബ്മീനാര്‍ (1993), ഹുമയൂണിന്റെ ശവകുടീരം (1993), ഇന്ത്യയിലെ മൗണ്ടന്‍ റയില്‍വേകള്‍ (1999, 2005, 2008), ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, കാസിരംഗ നാഷണല്‍പാര്‍ക്ക് (1985), മാനസ് വന്യജീവി സംരക്ഷണകേന്ദ്രം (1985), സുന്ദര്‍ബന്‍സ് നാഷണല്‍പാര്‍ക്ക് (1987), പശ്ചിമഘട്ടം (2012), കാംഗ്‌ചെന്‍ സൊംഗ നാഷണല്‍ പാര്‍ക്ക് (2016) തുടങ്ങിയവയാണ് പൈതൃക കേന്ദ്രങ്ങള്‍.
ഹുമയൂണിന്റെ ശവകുടീരം
16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രണ്ടാമത്തെ മുഗള്‍ രാജാവും ബാബറിന്റെ മകനുമായ ഹുമയൂണിന്റെ ഡല്‍ഹിയിലെ ശവകുടീരത്തിന്റെ സാംസ്‌കാരിക പ്രാധാന്യം മുന്‍നിര്‍ത്തി 1993-ല്‍ യുനെസ്‌കോ അതിനെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.
ചാമ്പനര്‍ പവാഗത്ത്
ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്
പുരാവസ്തു, ചരിത്രം, സാംസ്‌കാരികം എന്നീനിലകളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. 2004-ല്‍ യുനെസ്‌കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തി. ഏകദേശം എട്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിലുള്ള ഒരു ചരിത്രസ്മാരകമാണിത്.