Wednesday
19 Sep 2018

മലയാളം മിണ്ടിയാല്‍ മാനം പോകുമോ?മലയാളം മിണ്ടിയാല്‍ മാനം പോകുമോ?

By: Web Desk | Monday 18 September 2017 11:42 PM IST

ബിനു കണ്ണന്താനം

സ്വന്തം ഭാഷയോട് അയിത്തംകല്‍പ്പിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെ സ്വന്തം നാടിനെ സ്‌നേഹിക്കുവാന്‍ പറ്റും? മറ്റെല്ലായിടത്തും അങ്ങനെയാണ,് ഇങ്ങനെയാണ്, നമ്മള്‍മാത്രം ശരിയാകില്ല എന്ന ഒരു മുന്‍വിധിയാണ് നമുക്കോരോരുത്തര്‍ക്കും. നാട് മാറണമെങ്കില്‍ ആദ്യം മാറേണ്ടത് നാമാണ്. പരിസ്ഥിതി മാറണമെങ്കില്‍ മനസ്ഥിതി മാറണം.
സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലകളിലും മലയാളം നിര്‍ബന്ധമാക്കിവരുമ്പോള്‍ മലയാളത്തിനോട് അയിത്തം കാണിക്കുന്ന നമ്മുടെ നാട്ടിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ധാര്‍ഷ്ഠ്യം അധികൃതര്‍ കാണാതെപോകുന്നത് മലയാളി സമൂഹത്തിന് മാനക്കേടാണ്. ലോകത്തുള്ള ഏത് രാജ്യത്തുചെന്നാലും അവര്‍ സ്വന്തം മാതൃഭാഷയെയാണ് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതായി കാണുവാന്‍ സാധിക്കുന്നത്.

നന്നായി ജീവിക്കാന്‍ പഠിക്കുക

തങ്ങളുടെ സ്ഥാപനത്തില്‍ പഠിക്കുന്ന എല്ലാ കുട്ടികളും സായിപ്പിന്റെ ഭാഷ മാത്രമേ എഴുതാവൂ പഠിക്കാവൂ എന്ന് ശാഠ്യം പിടിക്കുന്നവരോട് എനിക്കൊന്നേ ചോദിക്കാനുള്ളു. നിങ്ങളുടെ സ്ഥാപനത്തില്‍ പഠിക്കുന്ന എത്ര കുട്ടികളെ നിങ്ങള്‍ ”ജീവിതം” എന്താണെന്ന് പഠിപ്പിക്കുന്നുണ്ട്? എങ്ങനെ ഈ പ്രതിസന്ധി നിറഞ്ഞ ലോകത്ത് ജീവിക്കാം എന്ന് പഠിപ്പിക്കുന്നുണ്ട്? ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള എനിക്ക് വഴിയില്‍ തുപ്പുകയും, വെയ്സ്റ്റ് വഴിയില്‍ വലിച്ചെറിയുകയും ചെയ്യുന്നവരെ കാണുവാന്‍ സാധിച്ചിരിക്കുന്നത് നമ്മുടെ നാട്ടിലാണ്. ഇത് തെറ്റാണ് എന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ പഠിപ്പിക്കാത്തത്? അതേക്കുറിച്ച് അറിവില്ലാത്തതുകൊണ്ടല്ലേ ഈ പ്രവൃത്തിയില്‍ ഒരു കുറ്റബോധവും തോന്നാത്തത്. ആവശ്യമുള്ളതുമല്ലാത്തതുമായ വിഷയങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. പക്ഷേ ജീവിതം എന്താണെന്ന് പഠിപ്പിക്കുന്നില്ല. നമ്മുടെ വിദ്യാഭ്യാസരീതി ഉലമറ ഘലമൃിശിഴ ആണ്. യൂണിവേഴ്‌സിറ്റിയെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി മാത്രമുള്ള പഠനം. നമുക്കുവേണ്ടത് ഘശ്ശിഴ  ഘലമൃിശിഴ ആണ്. പഠിച്ച കാര്യങ്ങള്‍ നിത്യജീവിതത്തില്‍ പ്രായോഗികമാക്കാന്‍ സാധിക്കണം.

ഇച്ഛാശക്തി വേണം

ഇംഗ്ലീഷ് അറിയാത്തതുകൊണ്ടല്ല, ഇന്ന് നമ്മുടെ കുട്ടികള്‍ മറ്റ് സംസ്ഥാനത്തെ കുട്ടികളുമായി മത്സരിക്കുമ്പോള്‍ പിന്നോക്കം പോകുന്നത്. മുന്‍പോട്ട് കടന്നുവരുവാനുള്ള ഒരു ഇച്ഛാശക്തി നമ്മുടെ യുവതലമുറയ്ക്ക് കുറവാണ്. എപ്പോഴും ബാക്ക് സീറ്റ് തേടിപ്പോകുന്നവരാണ് നമ്മുടെ കുട്ടികള്‍. 110 കസേരയിട്ട ഒരു സ്റ്റേഡിയത്തിലേയ്ക്ക് 100 മലയാളികളെ കടത്തിവിട്ടാല്‍ ഏറ്റവും മുന്‍പിലെ 10 കസേര കാലികിടക്കുന്നത് കാണുവാന്‍ സാധിക്കും. 100 സായിപ്പന്മാരെയാണ് കയറ്റിവിടുന്നതെങ്കില്‍ കാലി കസേര ഏറ്റവും പിന്നിലായിരിക്കും. സായിപ്പിന്റെ ഈ ഗുണസവിശേഷത നമ്മുടെ കുട്ടികളിലേയ്ക്ക് എത്തിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടത്. പഠിച്ച വിഷയങ്ങൡലല്ലാം ഉന്നത മാര്‍ക്കുവാങ്ങിയ പലരും ഇന്റര്‍വ്യൂകളില്‍ പരാജയപ്പെടുന്നു. അവര്‍ക്ക് ഇംഗ്ലീഷ് അറിയാന്‍ കഴിയാഞ്ഞിട്ടല്ല ഒരിന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കാനുള്ള സഭാകമ്പമാണ് ഇവരുടെ തോല്‍വിക്ക് കാരണം. ഇവരില്‍ പലരും ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്റ്റേജില്‍ കയറുകയോ മൈക്ക് കയ്യില്‍ പിടിക്കുകയോ ചെയ്തിട്ടുള്ളവരാകില്ല.  ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി 150 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ കണ്ടത് സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസംകൊണ്ട് ഒരു വ്യക്തിയുടെ ജീവിതത്തിനാവശ്യമായ അറിവിന്റെ വെറും 15%  മാത്രമേ നേടുന്നുള്ളു എന്ന്. ഇന്ന് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലതും ഈ 15% ല്‍ ഒതുങ്ങിനിന്നുകൊണ്ട് വിദ്യാഭ്യാസം ഒരുകച്ചവടമാക്കി മാറ്റിയിരിക്കുകയാണ്.സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രാജ്യത്തെ സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍നിന്ന് വര്‍ഷം പത്തോ പന്ത്രണ്ടോ പേര്‍ ജയിക്കുമ്പോള്‍, സാക്ഷരതയില്‍ രാജ്യത്തെ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ബീഹാറില്‍ നിന്ന് ഇരുനൂറും ഇരുനൂറ്റി അന്‍പതും പേരാണ് ഓരോ വര്‍ഷവും ജയിക്കുന്നത്. ഇംഗ്ലീഷ് അറിയാത്തതല്ല ഇതിന് കാരണം. അതുമാത്രം പോര. മാസത്തില്‍ അഞ്ചുമിനിട്ടെങ്കിലും ഓരോ കുട്ടിയെയും സ്റ്റേജില്‍ കയറ്റി എന്തെങ്കിലും പ്രോഗ്രാം ചെയ്യാന്‍ സാധിപ്പിച്ചാല്‍ നമ്മുടെ കുട്ടികളുടെ പിന്നോക്ക മനോഭാവം മാറ്റിയെടുക്കുവാനും അതുവഴി ഏത് മേഖലയിലും വിജയംവരിക്കുവാനും സാധിക്കും.

ബന്ധപ്പെട്ടവര്‍ ഇടപെടണം

കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മലയാളം പറഞ്ഞാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ശിക്ഷാരീതി ഇങ്ങനെയാണ്. ഏതെങ്കിലും കോമാളിയുടെയോ കഴുതയുടെയോ അല്ലെങ്കില്‍ മലയാളം പറഞ്ഞതിന് ക്ഷമ ചോദിച്ചുകൊണ്ടെഴുതിയ കാര്‍ഡോ കഴുത്തിലണിഞ്ഞുകൊണ്ടുവേണം ക്ലാസ്സിലിരിക്കാന്‍. ക്ലാസ്സില്‍ പിന്നീടാരെങ്കിലും മലയാളം പറഞ്ഞാല്‍ ഇതൂരി അവര്‍ക്കിട്ടുകൊടുക്കും. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്താണ് ഈ ക്രൂരത നടക്കുന്നതെന്ന് നാം ഓര്‍ക്കണം. ഈ വേഷം കെട്ടി നടക്കേണ്ടിവരുന്ന കുട്ടിയുടെ മാനസികാവസ്ഥ എന്താണെന്ന് ഒരുനിമിഷം ചിന്തിക്കണം. ഇതും തൂക്കിയിട്ട് ക്ലാസ്സില്‍ ശ്രദ്ധിക്കുവാന്‍ കുട്ടിക്ക് സാധിക്കുമോ? എന്തുമാത്രം മാനസിക പീഡനമാണ് കുട്ടിക്ക് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്നത്? ഇത് കൂടുതല്‍ നടക്കുന്നത് അക്ഷരജില്ലയായ കോട്ടയത്താണെന്നുള്ളത് കൂടുതല്‍ നാണക്കേടുണ്ടാക്കുന്നു. ഇങ്ങനെ കാട്ടുനീതി നടപ്പിലാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തി ബന്ധപ്പെട്ട അധികൃതര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.