Monday
17 Dec 2018

ആത്മവിശ്വാസം മഹനീയ വ്യക്തിത്വത്തിന്റെ മുഖമുദ്ര

By: Web Desk | Monday 18 December 2017 1:26 AM IST

മുഖപ്രസംഗം

 

ശ്രീലക്ഷ്മി
ക്ലാസ് +1
ബയോ സയന്‍സ്
ഗവണ്‍മെന്റ് എച്ച്എസ്എസ് മെഡിക്കല്‍ കോളജ്

കൂട്ടുകാരേ, ഒരു വ്യക്തിയുടെ മികവാര്‍ന്ന ജീവിത വിജയത്തിന് ആത്മവിശ്വാസം കൂടിയേതീരു. നാം അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ സാഹചര്യങ്ങളേയും പ്രശ്‌നങ്ങളേയും ബോധപൂര്‍വം സംയമനത്തോടുകൂടി പരിഹരിക്കുവാനുള്ള ശക്തിയും മാര്‍ഗവും നമുക്കോരോരുത്തര്‍ക്കും ഉണ്ടെന്നുള്ളതാണ് യാഥാര്‍ഥ്യം. എന്നാല്‍ നമ്മളിലുള്ള തനതായ കഴിവിനെക്കുറിച്ച് തക്കസമയത്ത് നാം ബോധവാന്മാരല്ലായെന്നുള്ളതാണ് ജീവിത പരാജയത്തിന് ആധാരം. ജീവിത വിജയത്തിന് വേണ്ട സല്‍ഗുണം ധൈര്യം തന്നെയാണ്. അതായത് ‘പണം പോയാല്‍ ഒന്നും പോകില്ല, മാനം പോയാല്‍ കുറച്ചെല്ലാം പോയി, ധൈര്യം പോയാല്‍ എല്ലാം പോയി’ എന്നാണ് നാട്ടുചൊല്ല്.
കൂട്ടുകാരേ, ഓരോ മനുഷ്യനും അവനവന്റെ ശക്തിയില്‍ പൂര്‍ണമായി വിശ്വസിച്ചാല്‍ മാത്രമേ ക്രിയാത്മമകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ സാധിക്കുകയുള്ളു. ജന്മംകൊണ്ടും ജീവിതസാഹചര്യങ്ങള്‍ കൊണ്ടും നാം ചില തനതായ സ്വഭാവങ്ങളും ശീലങ്ങളും ആര്‍ജിച്ചിട്ടുണ്ട്. എന്നാല്‍ അവ ഒന്നും യാതൊരു കാരണവശാലും മാറ്റാന്‍ കഴിയില്ലായെന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്. മനുഷ്യന്റെ ശക്തിയെന്നാല്‍ മനസിന്റെ ശക്തിയാണെന്ന് നാം ഓരോരുത്തരും ദൃഢമായി വിശ്വസിക്കേണ്ടതാണ്. നമ്മുടെ മനസിനെ ശരിയായ രീതിയില്‍ ചിട്ടപ്പെടുത്തുവാനും നിയന്ത്രിക്കുവാനും നാം പ്രാപ്തരായാല്‍ നമ്മുടെ ജീവിതത്തേയും മാതൃകാപരമായി ക്രമീകരിക്കുവാന്‍ കഴിയും. ഒരു നിശ്ചിത ലക്ഷ്യം സാക്ഷാല്‍ക്കരിക്കുവാന്‍ ആഗ്രഹിക്കുകയും അത് നേടുന്നതിനുള്ള അളവറ്റ അഭിവാഞ്ഛയും താല്‍പര്യവുമുണ്ടെങ്കില്‍ അതിനായി നിരന്തരം പ്രവര്‍ത്തിക്കുകയും അതിലൂടെ സമയബന്ധിതമായി ലക്ഷ്യപ്രാപ്തിയില്‍ എത്തിച്ചേരുകയും ചെയ്യാം.
ലോക ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിച്ചാല്‍ ലോക പ്രതിഭകളെല്ലം എന്ത് എതിര്‍പ്പുണ്ടെങ്കിലും തീവ്രമായ ആഗ്രഹത്തോടൊപ്പം തികഞ്ഞ ആത്മവിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും ലക്ഷ്യബോധത്തോടും സഹനത്തോടും നിരന്തരം കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത നന്മകളാണ് നാം ഇന്ന് അനുഭവിക്കുകയും ആസ്വദിക്കുകയും സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതെന്ന് നാം ഒരു നിമിഷം ചന്തിച്ചുനോക്കൂ. അതിനാല്‍ നിങ്ങള്‍ ഓരോരുത്തരും ആത്മവിശ്വാസമുള്ള മഹനീയ വ്യക്തിത്വത്തിന്റെ പ്രതീകങ്ങളാകുന്നതിനുവേണ്ടി നമുക്കു ലഭ്യമായ ജീവിതസാഹചര്യങ്ങളോട് ഇണങ്ങി ചേര്‍ന്നുകൊണ്ട് പരിമിതമായ ജീവിതയാത്രയില്‍ നാളേക്കുവേണ്ടി മാനവലോകത്തിന് എക്കാലവും മധുരിക്കുന്ന ഓര്‍മകള്‍ പ്രദാനം ചെയ്യുവാന്‍ ഉതകുന്ന മാതൃകയാകുവാന്‍ സ്വമേധയാ സന്നദ്ധരാകൂ.