Friday
21 Sep 2018

ഒരുമതന്നെ പെരുമ

By: Web Desk | Monday 5 March 2018 6:35 PM IST

സജില സക്കീര്‍ 

ക്ലാസ് – 3
എല്‍എംഎസ്എല്‍പിഎസ് മുട്ടയ്ക്കാട്‌

ധാരാളം മരങ്ങളും സസ്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന ചന്ദ്രവനം. മൃഗങ്ങളെല്ലാം സ്‌നേഹത്തോടും സഹകരണത്തോടുമാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ട് ഈ വനം മൃഗങ്ങള്‍ക്ക് സ്വര്‍ഗമായിരുന്നു. അങ്ങനെയിരിക്കെ ഈ കാട്ടിലേക്ക് മൃഗങ്ങളെ പിടിക്കുന്ന ഒരു സംഘം വന്നെത്തി. അവര്‍ കാട്ടില്‍ കുഴികളുണ്ടാക്കി മൃഗങ്ങള്‍ക്കായി കാത്തിരുന്നു. എന്നാല്‍ പരസ്പരം സഹായം ഉണ്ടായിരുന്നതിനാല്‍ മൃഗങ്ങളെല്ലാം ആപത്തില്ലാതെ രക്ഷപ്പെട്ടു.
അങ്ങനെയിരിക്കെയാണ് ദുഷ്ടനായ ഒരു സിംഹം ഈ കാട്ടിലെത്തുന്നത്. സിംഹത്തിന്‍റെ വരവോടെ മൃഗങ്ങളെല്ലാം ഒരുമിച്ച് കൂടി. ഒടുവില്‍ കിച്ചു മുയല്‍ പറഞ്ഞ ഉപായം അംഗീകരിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ മൃഗങ്ങളെല്ലാം ഒന്നിച്ച് കൂടി സിംഹത്തിനടുത്തെത്തി. അല്ലയോ പ്രഭോ, അങ്ങയെ ഞങ്ങളുടെ രാജാവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനാല്‍ താങ്കള്‍ ഞങ്ങളുടെ ഈ സിംഹാസനത്തില്‍ ഇരുന്ന് ഈ കാട് ഭരിക്കണം എന്ന് കിച്ചു മുയല്‍ വിളിച്ചു പറഞ്ഞു. ഇതുകേട്ട സിംഹം ഇനിയുള്ള കാലം കുശാലായി ജീവിക്കാമെന്ന് മനസിലുറപ്പിച്ചു. സിംഹാസനത്തിനടുത്തെത്തി. വേട്ടക്കാരന്‍ കുഴിച്ച കുഴിക്കു മുകളിലാണെന്നറിയാതെ സിംഹം സിംഹാസനത്തിലിരുന്നു. ഉടനെ പ്‌ടോ എന്നൊരു ശബ്ദത്തോടെ സിംഹം കുഴിക്കകത്തേക്ക് വീണു. കുറച്ചു സമയത്തിനകം കെണി ഒരുക്കിയ സംഘം എത്തുകയും സിംഹത്തെ കൂട്ടിലിട്ട് വാഹനത്തില്‍ കയറ്റി നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇങ്ങനെ കാടിനെ രക്ഷിച്ച മുയലിനെ കാട്ടിലെ മൃഗങ്ങളെല്ലാം അനുമോദിച്ചു.