Wednesday
19 Sep 2018

അനുമോദനങ്ങള്‍

By: Web Desk | Monday 25 September 2017 1:10 AM IST

ബിനു കണ്ണന്താനം

‘അനുമോദനങ്ങള്‍’ അത് ആഗ്രഹിക്കാത്തവരായി ആരുമില്ല. മനുഷ്യനായി ജനിച്ച് ഏതൊരു വ്യക്തിയുടെയും ഉള്ളിലെ ആഗ്രഹമാണ് താന്‍ ചെയ്ത നല്ല പ്രവൃത്തിയെ മറ്റുള്ളവര്‍ പ്രശംസിക്കുകയെന്നത്. മറ്റുള്ളവര്‍ക്ക് നമുക്ക് കൊടുക്കുവാന്‍ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് പ്രശംസ. അത് അവരെ കൂടുതല്‍ ഉന്മേഷവാന്‍മാരാക്കി നിര്‍ത്തുകയും വീണ്ടും വീണ്ടും നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ അവരെ പ്രചോദിതരാക്കുകയും ചെയ്യും.
You did a good job നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല അഞ്ചു വാക്കുകളാണിത്. മറ്റുള്ളവരുടെ നന്മ കാണാനും അതിനെ അനുമോദിക്കാനും സാധിക്കുന്നവര്‍ക്ക് വലിയ സൃഹൃത് ബന്ധം സൃഷ്ടിക്കുവാന്‍ സാധിക്കും.
ഒരു വേട്ടക്കാരനും ഒരു പട്ടിയും ഉണ്ടായിരുന്നു. എല്ലാ ദിവസവും വനത്തിലുള്ള തടാകത്തില്‍ വേട്ടക്കാരന്‍ മീന്‍ പിടിക്കാന്‍ പട്ടിയുമായി പോകുമായിരുന്നു. വേട്ടക്കാരന്‍ വെള്ളത്തിനു മുകള്‍പരപ്പില്‍ വരുന്ന മീനിനെ വെടി വച്ചിടും. പട്ടി നീന്തിപ്പോയി മീനിനെ എടുത്തു കൊണ്ടു വരും ഇതായിരുന്നു പതിവ്.ഒരു ദിവസം വേട്ടക്കാരന്‍ ചിന്തിച്ചു പട്ടിയെ വെള്ളത്തിന്റെ മുകളിലൂടെ നടക്കാന്‍ പഠിപ്പിച്ചാലോ എന്ന്. വളരെ ശ്രമഫലമായി വേട്ടക്കാരന്‍ തന്റെ പട്ടിയെ വെള്ളത്തിനു മീതെ കൂടി നടക്കാന്‍ പഠിപ്പിച്ചു. അടുത്ത ദിവസം വേട്ടക്കാരന്‍ വേട്ടയ്ക്ക് പോയപ്പോള്‍ തന്റെ കൂട്ടുകാരനെക്കൂടി കൊണ്ടു പോയി. പട്ടിയുടെ ഈ കഴിവിനെപ്പറ്റി യാതൊന്നും കൂട്ടുകാരനോട് പറഞ്ഞില്ല. വേട്ടക്കാരന്‍ മീനിനെ വെടിവച്ചിട്ടു. പട്ടി വെള്ളത്തിനു മീതെ കൂടി നടന്നു പോയി മീനിനെ പിടിച്ചുകൊണ്ടു വന്നു. വേട്ടക്കാരന്‍ കൂട്ടുകാരന്റെ മുഖത്തേയ്ക്ക് നോക്കി. കൂട്ടുകാരന്‍ അനുമോദിക്കും, അനുമോദന പ്രവാഹമായിരിക്കും കിട്ടാന്‍ പോകുന്നത് എന്ന് ആണ് വേട്ടക്കാരന്‍ പ്രതീക്ഷിച്ചത്. പക്ഷെ കൂട്ടുകാരന് ഒരു ഭാവവ്യത്യാസവുമില്ല. പല പ്രാവശ്യം മീനിനെ വെടിവച്ചിട്ടു. പട്ടി നടന്നു പോയി മീനിനെ എടുത്തുകൊണ്ടു വന്നു. കൂട്ടുകാരന്‍ പട്ടിയുടെ ഈ കഴിവിനെപ്പറ്റി ഒന്നും പറയുന്നില്ല. ആവശ്യത്തിനു മീനിനെക്കിട്ടിയ വേട്ടക്കാരന്‍ കൂട്ടുകാരനേയും പട്ടിയെയും തന്റെ കാറില്‍ കയറ്റി തിരിച്ചു പോയി. കൂട്ടുകാരന്റെ വീടിനു മുമ്പില്‍ വണ്ടി നിര്‍ത്തി. കൂട്ടുകാരന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ വേട്ടക്കാരന്‍ ചോദിച്ചു. എന്റെ പട്ടിയെപ്പറ്റി നിന്റെ അഭിപ്രായം എന്താണ് എന്ന്, കൂട്ടുകാരന്‍ ഉടന്‍ മറുപടി പറഞ്ഞു ” നിന്റെ പട്ടിക്ക് നീന്താന്‍ അറിയില്ല അല്ലേ”
ഇനി ഈ വേട്ടക്കാരന്റെ മനസ്സില്‍ ആ കൂട്ടുകാരന് സ്ഥാനം ഉണ്ടാകുമോ ?
അതുപോലെ തന്നെ അനുമോദനങ്ങളും അംഗീകാരവുമൊക്കെ ലഭിക്കുമ്പോള്‍ അതിലേയ്ക്ക് നമ്മെ നയിച്ച, നമ്മെ പ്രാപ്തരാക്കിയ പല കാരണങ്ങളുമുണ്ടാകാം. അവയെ ഓര്‍ക്കാനും പങ്കു വയ്ക്കാനും സാധിക്കണം.
ഒരു പ്രശസ്ത സ്ഥാപനത്തിലെ സംസ്ഥാന തലത്തിലുള്ള പ്രധാന വില്‍പ്പനക്കാരുടെ യോഗത്തില്‍ ഒരു പ്രസംഗത്തിനായി ഞാന്‍ പങ്കെടുക്കുകയായിരുന്നു. കമ്പനിയുടെ ഡയറക്ടര്‍ ആ മീറ്റിംഗില്‍ വച്ച് രണ്ട് ജില്ലാ മാനേജര്‍മാര്‍ക്ക് കഴിഞ്ഞുപോയ വര്‍ഷം ഏറ്റവും മികച്ച വില്‍പ്പന നിലവാരം കൈവരിച്ചതിന് അവാര്‍ഡുകള്‍ സമ്മാനിച്ചു. തുടര്‍ന്ന് ഡയറക്ടര്‍ ആ ജില്ലാ മാനേജര്‍മാരോട് താങ്കളുടെ ടീം മികച്ച പ്രകടനം കാഴ്ച വച്ചതിനെപ്പറ്റി ആ മീറ്റിംഗില്‍ സംസാരിക്കുവാന്‍ ആവശ്യപ്പെട്ടു.
ആദ്യത്തെ ജില്ലാ മാനേജര്‍ (അയാള്‍ ആ വിജയത്തില്‍ ഭാഗികമായി മാത്രമായിരുന്നു ഉത്തരവാദി. കാരണം അയാള്‍ അവസാനത്തെ മൂന്നു മാസം മാത്രമേ ചാര്‍ജ്ജിലുണ്ടായിരുന്നുള്ളൂ.) എഴുന്നേറ്റ് താനെങ്ങനെ ആ നേട്ടം കൈവരിച്ചു എന്ന് വിശദീകരിക്കുവാന്‍ തുടങ്ങി.
അയാള്‍ സൃഷ്ടിച്ച ധാരണ താന്‍ മാത്രമാണ് ആ നേട്ടത്തിനുത്തരവാദിയെന്നും തന്റെ ശ്രമങ്ങളുടെ മാത്രം ഫലമാണതെന്നുമാണ്. ഞാന്‍ ചാര്‍ജ്ജെടുത്തപ്പോള്‍ ഞാനിന്നതൊക്കെ ചെയ്തു കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ഞാനെന്റെ പിടിയിലൊതുക്കി. പിന്നീട് ഞാനത് കൈവിട്ടു പോകുവാന്‍ അനുവദിച്ചുമില്ല എന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ അയാളുടെ സംഭാഷണത്തിലുടനീളം കടന്നു വന്നു.
അയാളുടെ സംസാരം മുന്നോട്ടു പോകുന്നതോടെ അയാളുടെ കീഴ് ജീവനക്കാരില്‍ വര്‍ദ്ധിച്ചു വന്നുകൊണ്ടിരുന്ന അസംതൃപ്തി ഞാന്‍ ശ്രദ്ധിച്ചു. ജില്ലാ മാനേജര്‍ തന്റെ വ്യക്തിപരമായ മഹത്വം പ്രകടിപ്പിക്കുന്നതിനിടയില്‍ കീഴ് ജീവനക്കാര്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടു. അടുത്തതായി മറ്റേ ജില്ലാ മാനേജര്‍ അവരുടെ ചെറിയ പ്രസംഗം നടത്തി. അദ്ദേഹം വളരെ വ്യത്യസ്തമായൊരു സമീപനം സ്വീകരിച്ചു. തന്റെ കീഴിലുള്ള ടീമിന്റെ ആത്മാര്‍ത്ഥതയോടുകൂടിയ തീവ്രപരിശ്രമം കൊണ്ടാണ് തന്റെ ഗ്രൂപ്പ് വിജയം വരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം തന്റെ ഗ്രൂപ്പിലെ ഓരോരുത്തരെയും പേരു വിളിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി അവരുടെ ഓരോരുത്തരുടെയും കഴിവുകളെ പുകഴ്ത്തിപ്പറഞ്ഞ് അനുമോദിച്ചു.
ഇവിടെ ആദ്യ മാനേജര്‍ അംഗീകാരം മുഴുവന്‍ തനിക്കു മാത്രമാക്കി. അതിലൂടെ തന്റെ ടീമംഗങ്ങളെ വെറുപ്പിച്ചു. ടീമിന്റെ ഉത്സാഹം നശിച്ചു. രണ്ടാമത്തെയാള്‍ തനിക്ക് കിട്ടിയ അംഗീകാരം തന്റെ ടീമിനു പകര്‍ന്നു നല്കി. അതോടെ അതിരട്ടി ഫലം ചെയ്തു. പണം പോലെ തന്നെ പ്രശംസയും നിക്ഷേപിച്ചാല്‍ അതിനു ഫലമുണ്ടകുമെന്നും പ്രശംസകള്‍ മുഴുവന്‍ തന്റെ ടീമിനു കൈമാറിയാല്‍ അടുത്ത വര്‍ഷം അവര്‍ കുറെക്കൂടി കഠിനമായി അദ്ധ്വാനിക്കുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.
ഒരാള്‍ക്ക് പ്രശംസ ശക്തിയാണ്. അതു മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ സാധിച്ചാല്‍ നമ്മുടെ മഹത്വം ഉയരും.

Related News