Monday
22 Oct 2018

നേതൃത്വഗുണം – ശരിയായ സാമൂഹ്യസൃഷ്ടിക്ക് ആധാരം

By: Web Desk | Monday 6 November 2017 11:31 PM IST

കൂട്ടുകാരേ,

സമൂഹത്തില്‍ സ്വീകാര്യതയോടുകൂടി പെരുമാറുവാനുള്ള ഒരുവന്റെ കഴിവ് ഒരു വ്യക്തിയുടെ സൗഹാര്‍ദ്ദപൂര്‍വമായ സാമൂഹ്യബന്ധത്തിന്റെ അടിസ്ഥാനമാണ്. ആത്മാഭിമാനവും ആത്മവിശ്വാസവും ഒത്തിണങ്ങിയ വ്യക്തിത്വവികാസം മറ്റുള്ളവരോട് സത്യസന്ധമായി ഇടപെടുന്നതിനോടൊപ്പം ഉദാത്തമായ ജീവിതമൂല്യങ്ങള്‍ക്കും സര്‍വോപരി ജീവിത സാക്ഷാത്കാരത്തിനും വേണ്ടി ബോധപൂര്‍വം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാമൂഹ്യപക്വത ആര്‍ജ്ജിച്ച ഒരു വ്യക്തി നേതൃത്വപരമായ നന്മയുടെ പൂര്‍ത്തീകരണമാണെന്ന് നിസംശയം പറയാം.
കൂട്ടുകാരേ, ചെറുപ്രായത്തില്‍പ്പോലും നേതൃത്വവാസന പ്രകടിപ്പിക്കുന്ന നിരവധി കുട്ടികളുണ്ടെന്നുള്ള വസ്തുത ഏവര്‍ക്കും അറിവുള്ളതല്ലേ. ശാരീരിക – ബൗദ്ധികമേഖലകളില്‍ മികവുള്ള കുട്ടികള്‍ ദുര്‍ബലരായ കുട്ടികളെ നിയന്ത്രിക്കുന്നതും മേധാവിത്വം സ്ഥാപിക്കുന്നതും നിത്യസംഭവമാണ്. മാത്രവുമല്ല, കുട്ടിക്കാലത്ത് കഴിവും ശേഷിയുമുള്ള ഇത്തരക്കാര്‍ പൊതുവെ അക്രമവാസന പ്രകടിപ്പിക്കുവാന്‍ തല്‍പ്പരരാണെന്നുള്ളതും ആര്‍ക്കും പൂര്‍ണമായി നിഷേധിക്കുവാന്‍ സാധിക്കില്ല. എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായ മികവിനോടൊപ്പം ശാരീരികമികവ്, ബുദ്ധിശക്തി, ഊര്‍ജ്ജസ്വലത, കര്‍മ്മധീരത, വൈകാരിക പക്വത, വ്യക്തിത്വവികാസം എന്നീ സല്‍ഗുണങ്ങളുള്ള ബഹുമുഖരാണ് സമൂഹത്തെ നയിക്കുന്ന നേതാക്കളായി ഭാവിയില്‍ പരിണമിക്കുന്നത്. ഇപ്രകാരമുള്ള നേതൃത്വശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായകമായ സ്വാധീനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന യാഥാര്‍ത്ഥ്യവും വിസ്മരിക്കുവാന്‍ പാടില്ല.
കൂട്ടുകാരേ, എല്ലാവരുടേയും ശ്രദ്ധ സമൂഹത്തില്‍ ആര്‍ജ്ജിക്കുന്നതിനോടൊപ്പം വളരെയധികം സാമൂഹികമായ അംഗീകാരം ലഭിക്കുന്നവര്‍ സമൂഹത്തിലെ മുന്‍നിരക്കാരാകുമ്പോള്‍ എല്ലാവരില്‍ നിന്നും പിന്തള്ളപ്പെടുന്നവര്‍ ഏകാകികളായും പരിഗണിക്കപ്പെടുന്നു. എന്നാല്‍ സാമൂഹിക ജീവിയായ മനുഷ്യന്‍, എല്ലാവരുമായി സഹകരണത്തോടും സ്‌നേഹത്തോടും കൂടി നിരന്തരം പ്രവര്‍ത്തിക്കുകയും ആശയവിനിമയത്തിലൂടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ലാഭേച്ഛകൂടാതെ നിസ്വാര്‍ഥസേവനം നടത്തുകയും ചെയ്യുകയെന്നത് ഒരുവന്റെ സാമൂഹികവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമാണ്.
കൂട്ടുകാരെ, വൈവിധ്യമാര്‍ന്ന അഭിരുചികളും പ്രാഗത്ഭ്യവുമുള്ളവരുമാണ് നമ്മുടെ വിദ്യാര്‍ഥി സമൂഹം. പഠനത്തില്‍ പിന്നാക്കവസ്ഥയുള്ള കുട്ടികള്‍ ഒരു മികച്ച കലാകാരനോ കായികതാരമോ ആകാനുള്ള സാധ്യതകള്‍ ഏറെയാണെങ്കിലും പിന്നാക്കാവസ്ഥയെന്ന അപകര്‍ഷതാബോധം അവനെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുകയില്ലേ. അതുകൊണ്ട് പഠന-പഠനേതര പ്രവര്‍ത്തനങ്ങളിലൂടെയും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലൂടെയും ഒരു കുട്ടിയുടെ നേതൃത്വഗുണങ്ങളെ കണ്ടെത്തി സമയബന്ധിതമായി വികസിപ്പിക്കുവാന്‍ അധ്യാപക സമൂഹവും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധനല്‍കേണ്ടതാണ്.
കൂട്ടുകാരേ, നേതൃത്വഗുണങ്ങള്‍ ഒരു പരിധിവരെ ജന്മസിദ്ധമാണെങ്കിലും ബോധപൂര്‍വം അവനവന് ലഭ്യമായ ജീവിതസാഹചര്യങ്ങളെ ക്രിയാത്മകമായി പ്രയോഗിക്കുന്നതിലൂടെ വികസിപ്പിച്ചെടുക്കുവാന്‍ സാധിക്കും. നേതൃത്വഗുണത്തെ വ്യക്തിയില്‍ ജനിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ കുട്ടികള്‍ക്കും ഒരുപോലെ നിസങ്കോചം പങ്കെടുക്കുവാനുള്ള സാഹചര്യം സംജാതമാക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ നിരന്തരം യത്‌നിക്കേണ്ടതാണ്. ശാസ്ത്ര – സാങ്കേതിക മേഖലകളിലെ അത്ഭുതകരമായ വളര്‍ച്ചയും വികാസവും സൃഷ്ടിപരമായ അന്വേഷണങ്ങളും പുരോഗമനപരമായ കണ്ടുപിടിത്തങ്ങളും ജീവിതമൂല്യങ്ങളില്‍ വരുത്തിയ പരിവര്‍ത്തനങ്ങളും യാഥാസ്ഥിതിക വിശ്വാസങ്ങളുടെ പതനത്തിനും വിശാലവും വിസ്തൃതവുമായ ഒരു ശാസ്ത്രലോകത്തിന്റെ പനഃസൃഷ്ടിക്കും നാം സാക്ഷ്യം വഹിച്ചതിനാല്‍ മനുഷ്യനന്മയ്ക്കായി മറ്റുള്ളവരെ നേര്‍വഴിക്ക് നയിക്കുന്നതിനോടൊപ്പം നിശ്ചയദാര്‍ഢ്യത്തോടും പുരോഗമന ചിന്താഗതികളോടും കൂടി സ്‌നേഹബുദ്ധ്യാ – ശാസ്ത്രീയ കാഴ്ചപ്പാടോടുകൂടി ലോകത്തെ ചിട്ടപ്പെടുത്തുന്നതിനോടൊപ്പം ശരിയായ സാമൂഹ്യസൃഷ്ടിക്ക് നേതൃത്വപരമായ മേന്മ വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

സൂര്യ കിരണ്‍ എ ബി
സ്റ്റാന്‍ഡേര്‍ഡ് 10
എസ്എംവി ഗവ. മോഡല്‍
എച്ച് എസ് എസ്
തിരുവനന്തപുരം.