Monday
17 Dec 2018

മൈമൂനയെ ഹൃദയത്തിലാവാഹിച്ച്

By: Web Desk | Friday 16 February 2018 1:51 AM IST

സജിനി ഒയിറ്റി
മൈമൂനയെ ഹൃദയത്തിലാവാഹിച്ച് എത്ര രാത്രികള്‍ ഞാന്‍ മനസുകൊണ്ട് എന്റേതായ ലോകത്തിലൂടെ അലഞ്ഞിട്ടുണ്ടെന്ന് നിശ്ചയമില്ല. അവള്‍ അനുഭവിച്ച സ്വാതന്ത്ര്യം, ആ സ്വാതന്ത്ര്യത്തിന്റെ ആശ്വാസം ഒക്കെയും എന്നെ അസൂയപ്പെടുത്തി. അവളൊരു ഭാരമില്ലാത്ത പഞ്ഞിത്തുണ്ടുപോലെയായിരിക്കാം പാടവരമ്പിലൂടെ നടന്നത്. അങ്ങനെ ചെയ്യരുത്, ഇങ്ങനെ നടക്കരുത്, നോക്കരുത്, മിണ്ടരുത്, പാടരുത്, പറയരുത് തുടങ്ങിയ അരുതുകള്‍ മാത്രമനുഭവിക്കുന്ന പെണ്ണുടലുകളെ അപേക്ഷിച്ച്, ശരീരവും, സ്വപ്‌നങ്ങളും സങ്കല്‍പങ്ങളും സൗന്ദര്യവും ഭാരമാകുന്നവരെ അപേക്ഷിച്ച് മൈമൂന ഭാഗ്യവതിയാണ്. അവള്‍ പാടവരമ്പിലൂടെ ഉറച്ചകാല്‍വെപ്പോടെ തനിക്ക് തോന്നുന്നിടത്തൊക്കെ സഞ്ചരിച്ചു. കഥാകാരന്റെ ഭാവനയില്‍ ഞരമ്പോടിയ കൈത്തണ്ടകാണിച്ച് കറുത്തു ചുരുണ്ട തലമുടി തട്ടമിട്ട് മറയ്ക്കാതെ അങ്ങനെ മനസിന് തോന്നിയവിധം.
സ്വന്തം അസ്വാതന്ത്ര്യത്തിലേക്ക് കണ്ണു പായിക്കുന്ന പെണ്‍മ ഒരിക്കലെങ്കിലും ആഗ്രഹിക്കാതിരുന്നിട്ടുണ്ടാവില്ല. മൈമൂനയെപോലെ സ്വാതന്ത്ര്യത്തോടെ നടക്കാന്‍, അവനവന്റെ മനസിന് മതിയാകുവോളം ആകാശത്തിന്റെ നീലിമയിലേക്ക് നോക്കാന്‍, തിരമാലകളില്‍ കളിക്കാന്‍, പട്ടം പറത്താന്‍, അപാരതയിലേക്ക് കല്ലെറിയാന്‍. എന്തിനേറെ മനസറിഞ്ഞൊന്ന് ആര്‍ത്ത് ചിരിക്കാന്‍ പോലും പറ്റാത്തവരാണ് പെണ്ണെന്നത് മൈമൂന അറിഞ്ഞിട്ടുണ്ടാവില്ല. മൈമൂന അവളുടെ ലോകത്ത് സന്തോഷവതിയാണ്. ധൈര്യവതിയാണ്. ആരേയും കൂസാത്തവളാണ്. അതിലുപരി ശരിക്കും ജീവിക്കുന്നവളാണ്.
മൈമൂനയുടെ കറുത്തുചുരുണ്ട തലമുടിയിലേക്ക് ഞാന്‍ ആരാധനയോടെ നോക്കി. അവളുടെ നീലഞരമ്പോടിയ കൈത്തണ്ടയിലേക്ക് ഞാന്‍ സ്‌നേഹത്തോടെ നോക്കി. കാസിമിനോടും ഹനീഫയോടും ഉബൈദ്ദാവൂദിനോടും ഉസാമത്തിനോടും വായാടുന്ന സ്വാതന്ത്ര്യത്തിലേക്ക് ഞാന്‍ അതിശയത്തോടെ നോക്കി. എന്നാല്‍ അവരിലാരെയും അവള്‍ പ്രണയിച്ചില്ലാന്നുളളത് ഞാന്‍ അത്ഭുതത്തോടെയാണ് നോക്കിയത്. അതുകൊണ്ടുതന്നെ അവളുടെ സ്വാതന്ത്ര്യം ധീരവും നിഷ്‌കളങ്കവുമാണെന്ന് ഞാനറിഞ്ഞു.
ഇരട്ടിയോളം പ്രായക്കൂടുതലുള്ള മൂങ്ങാംകോഴിയെന്ന ചക്രുറാവുത്തറെ അവള്‍ മടിയില്ലാതെ കല്യാണം കഴിച്ചു. അയാളോടൊപ്പം ജീവിച്ചു. ഇന്നലെകളും ഇന്നും അവള്‍ സ്വാതന്ത്ര്യം അനുഭവിച്ചു. മൈമൂന ഒരു വായനമാത്രമല്ല. ഒരു വികാരം കൂടിയാണ്. എന്നെ നോക്കൂ എന്ന് പറയാതെ പറഞ്ഞുകൊണ്ട് അനേകം പെണ്‍മനസ് കടന്ന്, പാടവരമ്പത്തൂടെ നടന്ന് അലക്ഷ്യമായിട്ട് തട്ടത്തിനടിയിലൂടെ അവള്‍ തന്റെ തലുടി പ്രദര്‍ശിപ്പിച്ചു.
മൈമൂന നിനക്ക് വയസായി തുടങ്ങിയിരിക്കും. നിന്നെ വയസായി കാണാന്‍ എനിക്കിഷ്ടമില്ല. എന്റെ മനസിനുള്ളിലെ നീ സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ, കൈതപ്പൂമണമുള്ള കാറ്റിലൂടെ കഥാകാരന്റെ ഭാഷ കടമെടുത്താല്‍ യാഗാശ്വത്തെപ്പോലെ ഇപ്പഴും നടക്കുകയാണ്. നീ നിത്യയൗവനമാണ്. പെണ്‍ കാമനകള്‍ മരിക്കാത്തിടത്തോളം കാലം നിനക്ക് നിത്യയൗവ്വനം തന്നെയാണ്.

മൈമൂന – ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന കഥയിലെ കഥാപാത്രത്തെ സമകാലിക പരിസരത്ത് തേടുകയാണ് ലേഖിക