Thursday
19 Jul 2018

സാമുവൽ കോൾറിഡ്ജിന്റെ സ്മൃതിദിനം ഇന്ന്‌

By: Web Desk | Tuesday 25 July 2017 4:45 AM IST

ജോസ്‌ ചന്ദനപ്പള്ളി
“ലിറിക്കൽ ബാലഡസി”ലൂടെ പ്രസിദ്ധനായ സാമുവൽ ടെയ്‌ലർ കോൾറിഡ്ജ്‌, ഒരു കവിയും നിരൂപകനും സർവോപരി ഒരു സാഹിത്യ ചിന്തകനുമായിരുന്നു. 19-ാ‍ം ശതകത്തിലെ കാൽപ്പനിക പ്രസ്ഥാനത്തിന്റെ വക്താവെന്ന നിലയിൽ കോൾറിഡ്ജിന്റെ സ്ഥാനം സമുന്നതമാണ്‌. നിരൂപണമായാലും കവിതയായാലും പലപ്പോഴും അപൂർണ്ണമാണെങ്കിലും ഭാവനാധനനായ ഒരു ദാർശനികന്റെ ഉൾക്കാഴ്ച്ചയും വ്യക്തിപ്രഭാവവും കൊണ്ട്‌ അവ ഉജ്ജ്വലമാണ്‌. ഒരു ബഹുമുഖ പ്രതിഭയായ കോൾറിഡ്ജിന്റെ ബുദ്ധിപരമായ സർഗകൗതുകം മനുഷ്യ യത്നത്തിന്റെ സമസ്ത മേഖലകളിലും ഇദ്ദേഹത്തെക്കൊണ്ടെത്തിച്ചു.
18-ാ‍ം ശതകത്തിന്റെ കാവ്യപാരമ്പര്യത്തെ തിരുത്തിയെഴുതിയ ഇദ്ദേഹത്തിന്റെ കൃതികൾ ഭാവനയും അനുഭൂതി തീവ്രതയും നാടകീയതയും നിമിത്തം വിശ്വോത്തരമായിത്തീർന്നു. ഒരു ദാർശനികൻ കൂടിയായിരുന്ന കോൾറിഡ്ജ്‌ ബർക്ക്ലിയുടെ ആശയവാദത്തിൽ ആകൃഷ്ടനാവുകയും ഇമ്മാനുവൽ കാന്റിന്റെ ദർശന പദ്ധതിയോട്‌ യോജിക്കുകയും ചെയ്തു. കോൾറിഡ്ജിന്റെ ചിന്താപദ്ധതിയുടെ അടിവേരുകൾ പ്ലേറ്റോയുടെയും പ്ലോട്ടിനസിന്റെയും ദർശനങ്ങളിലാണ്‌.
1793ൽ മോണിങ്‌ ക്രോണിക്കിളിൽ കവിതകൾ പ്രസിദ്ധീകരിക്കുന്നതോടെയാണ്‌ ഇദ്ദേഹത്തിന്റെ കാവ്യജീവിതം ആരംഭിക്കുന്നത്‌. 1796ൽ പോയംസ്‌ ഓൺ വേരിയസ്‌ സബ്ജറ്റ്സ്‌ എന്ന പേരിൽ ആദ്യ സമാഹാരം പുറത്തുവന്നു. 1796ൽ ‘ദ വാച്മാൻ’ എന്നൊരു വൃത്താന്ത പത്രം ആരംഭിച്ചു. 10 ലക്കങ്ങൾ പുറത്തു വന്നു. 1797ൽ വേഡ്സ്‌വർത്തുമായി ഉറ്റ ചങ്ങാത്തത്തിലായി. ഈ സൗഹൃദം ഇരു കവികളുടെയും സർഗ്ഗശക്തിക്ക്‌ പരസ്പരം സഹായകമായി. ഇക്കാലത്താണ്‌ ദ റൈം ഓഫ്‌ ദ ഏൻഷ്യന്റ്‌ മാരിനർ, കുബ്ലാഖാൻ എന്നീ കവിതകളും ക്രിസ്റ്റബലിന്റെ ആദ്യഭാഗവും രചിച്ചത്‌. ഈ കൃതികളിൽ പ്രകൃത്യതീതരായ കഥാപാത്രങ്ങളിലൂടെ മനുഷ്യവികാരത്തെയും യാഥാർഥ്യബോധത്തോടെ പകർത്തുന്നു. മിഥ്യയും തഥ്യയും ഇവിടെ സമ്മേളിക്കുന്നു. 1798ൽ വേഡ്സ്‌വർത്തും കോൾറിജും ചേർന്ന്‌ ലിറിക്കൽ ബാലഡ്സ്‌ പ്രസിദ്ധീകരിച്ചതോടെയാണ്‌ കോൾറിജ്‌ ജനശ്രദ്ധയാകർഷിച്ചത്‌. ഈ കാവ്യസമാഹാരത്തിന്‌ വേഡ്സ്‌വർത്ത്‌ എഴുതിയ ആമുഖ ലേഖനം കാൽപ്പനിക കവിതയുടെ തുടക്കത്തെ സംബന്ധിച്ച ഒരു ചരിത്രരേഖയായിത്തീർന്നു.
അലൗകികതയും മധ്യകാലിനതയുമാണ്‌ കോൾറിഡ്ജിന്റെ കവിതകളുടെ മുഖ്യ സവിശേഷത. ലിറിക്കൽ ബാലഡ്സിന്റെ രചനാവേളയിൽ അലൗകികമായതിനെ ലൗകികമായി ചിത്രീകരിക്കുന്ന ജോലി വേഡ്സ്‌വർത്തും ലൗകികമായതിനെ അലൗകികമായി ചിത്രീകരിക്കുന്ന ജോലി കോൾറിഡ്ജും ഏറ്റെടുക്കുകയാണുണ്ടായതെന്ന്‌ ആമുഖത്തിൽ പറയുന്നു. കോൾറിഡ്ജിനെ സംബന്ധിച്ചിടത്തോളം ഇത്‌ അക്ഷരാർത്ഥത്തിൽ ശരിയാണെന്ന്‌ വിളിച്ചോതുന്നവയാണ്‌. അലൗകിക സംഭവങ്ങൾ അതിനു വിധേയരാകുന്ന മനുഷ്യരിലുണ്ടാക്കുന്ന ചിത്തവൃത്തിയിലൂടെ ധന്യാത്മകമായി ആവിഷ്കരിക്കുകയാണ്‌ കോൾറിഡ്ജിന്റെ രീതി. അപൂർണമായ കുബ്ലാഖാൻ(ലിറിക്കൽ ബാലഡ്സ്‌-1798) നിർമലമായ മാന്ത്രികച്ഛായ നൽകുന്ന കോൾറിഡ്ജിന്റെ കവിതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌.
കോൾറിഡ്ജിന്റെ ഗദ്യരചനകളിൽ ഏറ്റവും പ്രസിദ്ധമായത്‌ ‘ബയോഗ്രാഫിയ ലിറ്ററേറിയ’ (1800 -2001) ആണ്‌. അനുഭൂതിജന്യമായ വൈദഗ്ധ്യവും സന്തുലിത മൂല്യനിർണ്ണയവും ദാർശനിക നിരീക്ഷണവും ഈ കൃതിയുടെ പ്രത്യേകതകളാണ്‌. ആത്മകഥാപരവും സാഹിത്യ വിമർശനാത്മകവുമായ ഈ കൃതി ഒരു പ്രമാണിക ഗ്രന്ഥമാണ്‌. ഷേക്സ്പിയർ കൃതികളുടെ വിമർശനം കോൾറിഡ്ജ്‌ എന്ന സാഹിത്യ വിമർശകന്റെ ക്രാന്തദർശിത്വം വെളിപ്പെടുത്തുന്നു. ഷേക്സ്പിയറുടെ ജീവിതമൂല്യനിർണയത്തോട്‌ യോജിക്കെത്തന്നെ, നാടകത്തിന്റെ സ്ഥലകർമൈക്യത്തെ കോൾറിജ്‌ രൂക്ഷമായി എതിർക്കുന്നു. കോൾറിഡ്ജ്‌ കവിതയുടെ പ്രമുഖമായ ഒരു വിശേഷത അവയുടെ നിരതിശയമായ ഭാവനാശക്തിയാണ്‌. അദ്ദേഹം തന്നെ പറയും പോലെ അവയ്ക്ക്‌ അവിശ്വാസത്തെ സ്വമനസ്സാലെ തടഞ്ഞുനിർത്തുന്നതിനുളള കഴിവുണ്ട്‌.
പുരോഹിതനും സ്കൂൾ മാസ്റ്ററുമായിരുന്ന ജോൺ കോൾറിഡ്ജിന്റെ പതിമൂന്നാമത്തെ പുത്രനായി ഇംഗ്ലണ്ടിലെ ഡെവൻഷയറിൽ 1772 ഒക്ടോബർ 21ന്‌ സാമുവൽ ടെയിലർ കോൾറിഡ്ജ്‌ ജനിച്ചു. മാതാവ്‌ ആനി ബോഡ്‌വിൻ. മൂന്നാം വയസിൽ വായന ശീലിച്ച സാമുവേൽ, അഞ്ചുവയസിനകം ബൈബിളും ആയിരത്തൊന്നു രാവുകളും വായിക്കുകയും ആ കൃതികളിലെ പല ഭാഗങ്ങളും മനഃപാഠമാക്കുകയും ചെയ്തു. 6-ാ‍മത്തെ വയസിൽ പിതാവ്‌ പഠിപ്പിച്ചിരുന്ന വിദ്യാലയത്തിൽ ചേർന്ന കോൾറിഡ്ജ്‌ വിവിധ വിഷയങ്ങളിൽ ഒട്ടേറെ ക്ലാസിക്കുകൾ വായിച്ചു. 1779ൽ കോൾറിഡ്ജിന്‌ 9 വയസുളളപ്പോൾ പിതാവ്‌ മരിച്ചതോടെ കുടുംബം വിഷമസ്ഥിതിയിലായി. അടുത്ത വർഷം സാമുവലിനെ ലണ്ടനിലെ ക്രൈസ്റ്റ്‌ ആശുപത്രിയോടനുബന്ധിച്ചുളള സൗജന്യ പാഠശാലയിൽ ചേർത്തു. ഇവിടെ ഏഴെട്ടു വർഷക്കാലം ഒരിക്കൽ പോലും വീടു സന്ദർശിക്കാതെ അദ്ദേഹം കഴിച്ചുകൂട്ടി. പൊതുവെ അവഗണിക്കപ്പെട്ട ഒരു ദരിദ്ര വിദ്യാർഥിയുടെ സ്ഥിതിയിലായിരുന്ന സാമുവേൽ സഹപാഠികളുടെ കളികളിലും വിനോദങ്ങളിലും നിന്നൊഴിഞ്ഞ്‌ ഒരു പുസ്തകപ്രേമിയും സ്വപ്ന ജീവിയുമായി കഴിഞ്ഞുകൂടി. അവിടെ കോൾറിഡ്ജിന്റെ സഹപാഠിയായിരുന്നു ചാൾസ്‌ ലാം. 1791ൽ കേംബ്രിഡ്ജിലെ ജീസസ്‌ കോളേജിൽ ചേർന്നു. സാമ്പത്തിക പരാധീനത ഹൃസ്വകാലത്തെ സൈനിക സേവനത്തിൽ കൊണ്ടെത്തിച്ചെങ്കിലും സഹോദരന്മാർ ഇദ്ദേഹത്തെ വീണ്ടെടുത്ത്‌ കേംബ്രിഡ്ജിലേക്ക്‌ കൊണ്ടു വന്നു. 1794ൽ കോൾറിഡ്ജ്‌ വെയിൽസിലേക്ക്‌ കോളേജിലെ ഒരു സുഹൃത്തുമൊത്ത്‌ കാൽനടയാത്രയ്ക്കിറങ്ങി. ഇടയ്ക്ക്‌ ഓക്സ്ഫെർഡ്‌ സന്ദർശിക്കുകയും കവിയായ റോബേർട്ട്‌ സൗഥിയെ പരിചയപ്പെട്ട്‌ ആശയങ്ങൾ കൈമാറുകയും ചെയ്തു. സൗഥിയൊടൊപ്പം ബ്രിസ്റ്റലിൽ താമസിക്കുമ്പോൾ സൗഥിയുടെ ഭാര്യാസഹോദരി സാറാ ഫ്രിക്കറെ പരിചയപ്പെടുകയും 1795ൽ അവരെ വിവാഹം കഴിക്കുകയും ചെയ്തു.
1797ൽ കോൾറിഡ്ജ്‌ ദമ്പതികൾ സമർസെറ്റിലെ നെതർസ്റ്റോവെയിൽ താമസിക്കുകയും വില്യം വേഡ്സ്‌വർത്തിനെയും അദ്ദേഹത്തിന്റെ സഹോദരിയായ ഡോറഥിയെയും സന്ദർശിക്കുകയും ചെയ്തു. അടുക്കും ചിട്ടയുമായി ജീവിച്ചിരുന്ന വേർഡ്സവർത്ത്‌ കോൾറിഡ്ജിനെ വല്ലാതെ സ്വാധീനിച്ചു. തന്റെ വിജ്ഞാനത്തിന്റെയും അനുഭവസമ്പത്തിന്റെയും സീമ വിപുലീകരിക്കുന്നതിനായി 1798ൽ കോൾറിഡ്ജ്‌ വേർഡസ്‌വർത്തുമൊത്തു ജർമനി സന്ദർശിച്ചു. ശരീരശാസ്ത്രം, പ്രപഞ്ച ചരിത്രം, യോഗാത്മകവാദം തുടങ്ങിയ വിഷയങ്ങളിൽ അറിവു സമ്പാദിച്ചുകൊണ്ടായിരുന്നു തിരിച്ചു വരവ്‌. 1798ൽ ലിറിക്കൽ ബാലഡ്സ്‌ പ്രസിദ്ധീകരിച്ചു. താമസിയാതെ വേഡ്സ്‌വർത്തിന്റെ ഭാര്യാസഹോദരി സാറാ ഹച്ചിൻസണുമായി കോൾറിഡ്ജ്‌ പ്രണയത്തിലായി. മോണിങ്‌ പോസ്റ്റ്‌ എന്ന ആനുകാലികത്തിൽ ഒരു ജോലി തരപ്പെട്ടത്‌ സാമ്പത്തിക നില അൽപം മെച്ചപ്പെടുത്താൻ സഹായകമായി. 1800ൽ വേഡ്സ്‌വർത്തിന്റെ സാമീപ്യം ലക്ഷ്യമാക്കി കോൾറിഡ്ജ്‌ കംബർലാൻഡിൽ താമസമാക്കി. ലേക്‌ ഡിസ്ട്രിസ്ക്റ്റിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിന്‌ ഇത്‌ അവസരമൊരുക്കി. അതിശയകരമായ പ്രതിഭയുളള ആളായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഇച്ഛാശക്തി തീർത്തും ബലഹീനമായിരുന്നു. ഇതിനോടകം കറുപ്പിന്റെ അടിമയായിത്തീർന്ന അദ്ദേഹത്തിന്‌, ഉളള വീര്യം കൂടി നഷ്ടപ്പെട്ടു. എയിഡ്സ്‌ റ്റു റിഫ്ലക്ഷൻ (1825), രാജ്യത്തിന്റെയും ക്രൈസ്തവ സഭയുടെയും ഭരണഘടന (1830) എന്നിവയാണ്‌ അന്ത്യകാല കൃതികൾ. 1834 ജൂലൈ 25ന്‌ ലണ്ടനടുത്തുളള ഹൈഗേറ്റിൽ കോൾറിഡ്ജ്‌ അന്തരിച്ചു.