Friday
21 Sep 2018

എഐഎസ്എഫ് “പഞ്ച് മോഡി ചലഞ്ച്” സമരത്തിനെതിരെ സംഘപരിവാര്‍ ഹാലിളക്കം

By: Web Desk | Wednesday 12 September 2018 8:05 PM IST

എഐഎസ്എഫ് സമരത്തിന് നേരെ കളമശേരിയില്‍ നടന്ന സംഘപരിവാര്‍, പൊലീസ് ആക്രമണം

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കളമശ്ശേരിയില്‍ പഞ്ച് മോഡി ചലഞ്ച് എന്ന പരിപാടി സംഘടിപ്പിക്കുന്നതിനിടെ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം. പൊലീസ് ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. തലക്കും ദേഹത്തും ഗുരുതരപമായ പരിക്ക് പറ്റിയ അഫ്സല്‍ പാനായിക്കുളത്തെ എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കളമശ്ശേരി എച്ച് എം ടി ജംഗ്ഷനില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി മോഡിയെ പ്രതീകാല്മകമായി വിചാരണ ചെയ്യുന്ന വേറിട്ട സമരരൂപമായി എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം എറണാകുളം മറൈന്‍ ഡ്രൈവില്‍ പഞ്ച് മോഡി ചലഞ്ച് സംഘടിപ്പിച്ചിരുന്നു. ഇതിന് വലിയ മാധ്യമ ശ്രദ്ധ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും എ ഐ എസ് എഫ് പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണ്.

ഇന്നലെ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അസലഫ് പാറേക്കാടിന്റെ എടത്തലയിലെ വസതിയിലേക്ക് സംഘപരിവാര്‍, ബി ജെ പി പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കി പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ഇന്ന് കളമശ്ശേരിയില്‍ സമാനമായ സമരം സമാധാനപരമായി നടത്തുന്നതിനിടയിലാണ് ഒരു പറ്റം യുവമോര്‍ച്ച, ബിജെപി, പ്രവര്‍ത്തകര്‍ പരിപാടി സംഘടിപ്പിച്ചാല്‍ ആക്രമിക്കുമെന്ന ഭീഷണിയുമായി നിലയുറപ്പിച്ചത്. കളമശ്ശേരിയിലെ വന്‍ പൊലീസ് സംഘവും സ്ഥലത്തുണ്ടായിട്ടും ഇവരെ തടയുവാനോ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ലന്ന് ആക്ഷേപമുണ്ട്. എ ഐ എസ് എഫ് സമരം തുടങ്ങിക്കഴിഞ്ഞപ്പോള്‍ ഓടിയെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൊലീസ് നോക്കിനില്‍ക്കെ എ ഐ എസ് എഫ് നേതാക്കളെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

മാധ്യമ പ്രവര്‍ത്തകനടക്കം നിരവധി പേര്‍ക്ക് പരിക്ക് പറ്റി. അസലഫ് പാറേക്കാടന്‍, ഹരികൃഷ്ണന്‍, അഭിജിത്ത് തുടങ്ങിയ എ ഐ എസ് എഫ് നേതാക്കളടക്കമുള്ളവരെ പൊലീസ് അതിക്രൂരമായി ആക്രമിച്ചാണ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

Related News