Monday
23 Jul 2018

സംഘപരിവാറിന്റെ രാമബാണങ്ങളും പൂവമ്പുകളും

By: Web Desk | Monday 25 September 2017 1:41 AM IST

ഗുജറാത്തിലെ ഒരു ബിജെപി മന്ത്രി കഴിഞ്ഞ ദിവസം ഒരു വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ ബോധരഹിതയായത് വിശ്രുത നര്‍ത്തകിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗുജറാത്തിലെ തന്നെ മല്ലികാ സാരാഭായി. മലയാളി നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെയും മകള്‍ മല്ലിക.
എങ്ങനെ ബോധം കെട്ടുവീഴാതിരിക്കും. ഇന്ത്യന്‍ ബഹിരാകാശ സംഘടന തൊടുത്തുവിടുന്ന മിസൈലുകളെല്ലാം ശ്രീരാമബാണങ്ങള്‍ ആണെന്നായിരുന്നു ഗുജറാത്ത് സംഘിമന്ത്രിയുടെ വെളിപാട്. പുരാണങ്ങളിലൊളിച്ചിരിക്കുന്ന രാമനും രാമബാണവും ശ്രീഹരിക്കോട്ടയില്‍ നിന്നും ബാലസോറില്‍ നിന്നും വിക്ഷേപിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെങ്കില്‍ തന്റെ പിതാവിന് ഐഎസ്ആര്‍ഒയില്‍ പണിയെന്തായിരുന്നുവെന്ന് ഓര്‍ത്താകാം മല്ലിക ബോധം കെട്ടത്. ലോകബഹിരാകാശ ഭൂപടത്തില്‍ ഇന്ത്യയെ അത്യുന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ച വിക്രം സാരാഭായി കോവളം ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതിനു പിന്നില്‍ സിഐഎ ആയിരുന്നുവെന്ന സംശയം എഴുന്നു നില്‍ക്കുമ്പോഴാണ് ശത്രുവിന്റെ മാറുപിളര്‍ക്കുന്ന ഇന്ത്യന്‍ മിസൈലുകള്‍ക്ക് ബിജെപി മന്ത്രി രാമബാണമുദ്ര നല്‍കിയിരിക്കുന്നത്.
ശാസ്ത്രത്തെയും ഹൈന്ദവവല്‍ക്കരിക്കുന്ന സംഘപരിവാര്‍ അജന്‍ഡയ്‌ക്കൊത്തുതന്നെ നടന്‍ സുരേഷ്‌ഗോപി എംപിയും ഉയര്‍ന്നിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ മറ്റൊരു വെളിപാടിന്റെ പൊരുള്‍. പൂണൂലിട്ടവരെല്ലാം ദൈവതുല്യരാണെന്നാണ് സുരേഷ്‌ഗോപിയുടെ വചനഘോഷണം! അതായത് പൂണൂലോടെ അകത്തുകിടക്കുന്ന ഗുര്‍മീത് സിങ്ങും ആസാറാം ബാപ്പുവും സ്വാമി നൃത്യഗോപാലുമെല്ലാം പൂവിട്ടു പൂജിക്കേണ്ട മലര്‍ബാണന്മാര്‍!
കായലുകളോടെന്താണിത്ര പ്രമാണിമാര്‍ക്കു കമ്പം. വേമ്പനാട്ടുകായലും ചെലവന്നൂര്‍ കായലും മന്ത്രി തോമസ് ചാണ്ടി നികത്തിയെന്ന് കേസ്. എല്ലാം മുകളില്‍ നിന്ന് ഒരാള്‍ കാണുന്നുണ്ടെന്ന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി മന്ത്രിയുടെ വാചകം. അതേ ഇതെല്ലാം മുകളില്‍ നിന്ന് ഒരാള്‍ കണ്ടുവെന്നതുതന്നെ തെളിവെന്ന് ആലപ്പുഴ കളക്ടറും റവന്യുവകുപ്പും. ബഹിരാകാശത്തു ചുറ്റിക്കറങ്ങുന്ന ഐഎസ്ആര്‍ഒയുടെ ഉപഗ്രഹം (സംഘപരിവാര്‍ ഭാഷയില്‍ ശ്രീരാമന്റെ ഔട്ട്ഹൗസ്) എടുത്ത ചിത്രങ്ങളില്‍ മന്ത്രിയുടെ കയ്യേറ്റചിത്രങ്ങളുണ്ടെന്ന് ജില്ലാകളക്ടര്‍ ചിത്രസഹിതം മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. ഉപഗ്രഹ ക്യാമറ കള്ളംപറയില്ലെന്നായപ്പോള്‍ കായല്‍ നികത്തിയ മണ്ണ് നീക്കം ചെയ്യാമെന്നായി മന്ത്രി. തന്റെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ നിയമലംഘനങ്ങളുടെ ഘോഷയാത്ര ചിക്കിലിപിഴയടച്ചാല്‍ തീരാവുന്നതേയുള്ളൂവെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞപോലെ.
നടിയാക്രമണക്കേസില്‍ ‘ആരുടെ കൈകള്‍ തുറന്നുതന്നീടുമീ അറയുടെ അഴിവാതില്‍’ എന്ന് പണ്ട് പ്രേംനസീര്‍ ജയില്‍ എന്ന സിനിമയില്‍ പാടിയതുപോലെ ശോകഗാനം ആലപിക്കുന്ന ജനപ്രിയന്‍ ദിലീപും കായല്‍ കയ്യേറിയെന്ന കേസിനിടയില്‍ നടന്‍ ജയസൂര്യയ്ക്കും എട്ടിന്റെ പണികിട്ടി. അതും ചെലവന്നൂര്‍ കായല്‍. കേസും പുക്കാറുമായി അതൊരുവഴിക്കു നീങ്ങുമ്പോള്‍ ജനം ഇനി സംസ്ഥാന കായല്‍ സംരക്ഷണ സമിതികള്‍ വാര്‍ഡുകള്‍തോറും രൂപീകരിക്കേണ്ടിവരുമോ എന്ന് തെല്ലൊരു ആശങ്ക. അല്ലെങ്കില്‍ ‘കായലും നീലമലയും പിന്നെ നീളെ മലരണിക്കാടും’ എന്ന കോലഴി ഗോപാലകൃഷ്ണന്റെ മലയാളക്കരയുടെ അനന്യ പ്രകൃതി സൗന്ദര്യത്തെക്കുറിച്ചുള്ള മനോഹരഗാനം നമുക്ക് പാടാതിരിക്കാം.
കേരളത്തിലെ ബിജെപി-ബിഡിജെഎസ് ബാന്ധവം ഒരു ഉണ്ണിപിറക്കും മുമ്പുതന്നെ തകര്‍ന്നു. വേങ്ങരയിലെ ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ വേറെ ആളുനോക്കിക്കോ എന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്മാറിയിട്ടും കുമ്മനം വിടുന്ന ലക്ഷണമില്ല. ബിഡിജെഎസിന്റെ ‘വ്യാളിമുഖം വെച്ച് തീര്‍ത്ത വളഞ്ഞവാതില്‍ രണ്ടും തുറന്ന് ആളകത്തിരുന്നാല്‍ കാണാം എന്ന ഓഫീസിന്റെ മുന്നില്‍ നിന്ന് ഒളികണ്ണിട്ട് നോക്കി കുമ്മനം ഹൃദയസ്പൃക്കായി പിന്നെയും പാടുന്നു- പൂമുഖ കിളിവാതില്‍ അടയ്ക്കുകില്ല, കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ല’!
യിലില്‍ കിടന്ന് ഗിന്നസ് ബുക്കില്‍ കയറാനുള്ള യോഗം നടന്‍ ദിലീപിന്റെ തലവരയിലുണ്ടെന്നു തോന്നുന്നു. ജാമ്യത്തിന്‌വേണ്ടി എത്ര തവണ അപ്പീല്‍ നല്‍കിയെന്ന് ദിലീപിനുപോലും നിശ്ചയമില്ല. പണ്ട് പച്ചവെള്ളത്തില്‍ നിന്നു പെട്രോളുണ്ടാക്കാമെന്ന് അവകാശപ്പെട്ട് തട്ടിപ്പുനടത്തിയതിന് ജയിലില്‍ കിടക്കുന്ന തമിഴന്‍ രാമര്‍ പിള്ളയുടെ നാമസാദൃശ്യമുളള ദിലീപിന്റെ വക്കീല്‍ രാമന്‍പിള്ളയോട് ചോദിച്ചാല്‍ ഒരു കാക്കത്തൊള്ളായിരം പ്രാവശ്യം അപ്പീല്‍ നല്‍കിയിട്ടുണ്ടാവുമെന്ന് ഒരു തിട്ടമില്ലായ്മ. ഇന്ത്യന്‍ പീനല്‍ കോഡും ശിക്ഷാ നിയമവും തെളിവുനിയമവും ഒന്നുമറിയാതെ രാമന്‍പിള്ള കാടടച്ചു വെടിവച്ചു ‘രാമലീല’ കളിക്കുകയാണോ എന്ന കലശലായ സന്ദേഹം. ഇന്ത്യന്‍ തെളിവുനിയമത്തിന്റെ മുപ്പതാം വകുപ്പ് പ്രകാരം കൂട്ടുപ്രതിയുടെ കുമ്പസാരം തെളിവായി സ്വീകരിക്കാം എന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് പള്‍സര്‍ സുനിയുടെ മൊഴിതന്നെ ശക്തമായ തെളിവാകുന്നു. ദിലീപ് കൂട്ടുപ്രതിയുമാകുന്നു. ഇരുപതു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം. എന്നിട്ടാണ് രാമന്‍പിള്ള വക്കീലും ദിലീപും പറയുന്നത് കള്ളന്റെ കുമ്പസാരം എങ്ങനെ തെളിവാകുമെന്ന്!
അപ്പോള്‍ വക്കീലിനു നിയമമറിയില്ലെന്നു കട്ടായം. മൂന്നുവര്‍ഷത്തെ തടവിനുള്ള കുറ്റമേ ചുമത്തിയിട്ടുള്ളൂവെന്ന് മറ്റൊരു രാമലീല. മൂന്നുവര്‍ഷം എന്ന് പിള്ളയെങ്ങനെയറിഞ്ഞു. 2013 ല്‍ ഇന്ത്യന്‍ തെളിവുനിയമത്തിന്റെ 114-ാം വകുപ്പ് ഭേദഗതി ചെയ്ത് (എ) എന്ന ഒരു ഉപവകുപ്പ് കൂടി എഴുതിച്ചേര്‍ത്തതും ഹൈക്കോടതിയിലെ ഈ കിടിമന്നന്‍ വക്കീലിന് അജ്ഞാതം. സിആര്‍പിസി മൂന്നാം വകുപ്പിലെ ഭേഗദതിയനുസരിച്ചും 90 ദിവസം കഴിഞ്ഞാല്‍ മാത്രമേ ദിലീപിനു ജാമ്യം കിട്ടു എന്നിരിക്കേ അപ്പീലുകള്‍ തുടര്‍ക്കഥയാക്കുന്നത് ഗിന്നസ് ബുക്കില്‍ ചുളുവില്‍ കയറിപ്പറ്റാനുള്ള കുരുട്ടുബുദ്ധിയാണെന്ന് ഇപ്പോഴല്ലേ ജനം അറിയുന്നത്.
ണ്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ഥത്തില്‍ നൂറുകണക്കിനു കാണികള്‍ നോക്കിനില്‍ക്കേ ഒരു അരുംകൊല നടന്നു. പത്മതീര്‍ത്ഥത്തില്‍ നീന്തിത്തുടിച്ച ആജാനുബാഹുവായ ഒരു യുവാവ് കുളത്തില്‍ കുളിച്ചുകൊണ്ടിരുന്നവരെ ആക്രമിച്ചു. ചിലരെ മുക്കിക്കൊല്ലാന്‍ വരെ ശ്രമിച്ചപ്പോള്‍ ക്ഷേത്രത്തിലെ ഒരു സുരക്ഷാ ജീവനക്കാരന്‍ വെള്ളത്തില്‍ ഒരു കുറുവടിയുമായി ചാടിയിറങ്ങി അക്രമിയെ കരയ്ക്കു കയറ്റാന്‍ നോക്കി. യുവാവ് അശുവായ ആ പാവത്തിന്റെ വടിപിടിച്ചുവാങ്ങി തലയ്ക്കടിച്ചശേഷം പത്മതീര്‍ത്ഥത്തില്‍ മുക്കിക്കൊന്നു. അന്ന് മൊബൈലില്‍ കൊലപാതകരംഗം ചിത്രീകരിക്കാന്‍ കഴിയില്ല. മൊബൈല്‍ പോലുമില്ലാത്ത കാലം. സമീപത്തെ ഒരു സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഈ ദുരന്തരംഗം ചിത്രീകരിച്ചു. വിവരമറിഞ്ഞ ഒരു ചാനല്‍ എത്തി അതു വന്‍തുക നല്‍കി സ്വന്തമാക്കി ദൃശ്യങ്ങള്‍ എക്‌സ്‌ക്ലൂസീവായി ചാനലില്‍ വരികയും ചെയ്തു.
ത്അന്തകാലം. ഇപ്പോള്‍ വെട്ടിക്കൊന്നാലും കുത്തിക്കൊന്നാലും മുഴുനീള ചിത്രീകരണത്തിന് മൊബൈല്‍ ശിങ്കങ്ങള്‍ റെഡി. ഈയടുത്ത ദിവസം മുന്നു പെണ്ണുങ്ങള്‍ ചേര്‍ന്ന് ഒരു ടാക്‌സി ഡ്രൈവറെ പൊതിരെ തല്ലി ഈഞ്ചപ്പരുവമാക്കി. ഈ ചിത്രം കാണികള്‍ മൊബൈലില്‍ പകര്‍ത്തി. അത് എല്ലാ ചാനലുകള്‍ക്കും കിട്ടി. ഡ്രൈവറെ സ്ത്രീകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെ ഈ ചാനല്‍ പുറത്തുവിടുന്നുവെന്ന് ഒരു ചാനല്‍. പിന്നെ ദൃശ്യങ്ങള്‍ മറ്റേ ചാനലിന്, മറിച്ച ചാനലിന്, വേറിട്ട ചാനലിന്, വെറുതേയൊരു ചാനലിന് എന്ന അറിയിപ്പുകള്‍. എല്ലാപേര്‍ക്കും മര്‍ദ്ദനരംഗം എക്‌സ്‌ക്ലൂസിവ്! അല്ല വലിയ വിവരമൊന്നുമില്ലാത്തതുകൊണ്ട് ചോദിച്ചുപോവുകയാണ്. പൊതുവായതെല്ലാമാണ് എക്‌സ്‌ക്ലൂസീവെന്ന് ചാനലുകള്‍ക്ക് മാത്രമായി ഒരര്‍ഥകല്‍പനയുണ്ടോ!~
ഗാനഗന്ധര്‍വന്‍ യേശുദാസ് വിജയദശമിനാളില്‍ അനന്തപുരിനാഥനായ ശ്രീപദ്മനാഭനെ ദര്‍ശിച്ചുവണങ്ങാന്‍ ക്ഷേത്രഭരണ സമിതി തീരുമാനിച്ചിരിക്കുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ശ്രീചിത്തിരതിരുന്നാള്‍ ഒരു സാമൂഹ്യനവോത്ഥാനത്തിനുതന്നെ തിരിതെളിച്ച ശ്രീപദ്മനാഭ സന്നിധിയിലെ നവരാത്രി മണ്ഡപത്തില്‍ ‘യാപാദേ സരോജ ധൂളി’ എന്ന ശ്രീപദ്മനാഭ ശതകവും ആലപിക്കും. ഹിന്ദുമത വിശ്വാസിയെന്ന് എഴുതി വാങ്ങിയ ശേഷമായിരുന്നു യേശുദാസിന്റെ ക്ഷേത്രപ്രവേശനം എന്ന കാര്യം നമുക്കുമറക്കാം. ‘ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും, ഗോപുരവാതില്‍ തുറക്കും ഞാന്‍ ഗോപകുമാരനെ കാണും’ എന്നു പാടിയ യേശുദാസിന് ഗുരുവായൂരിലെന്തേ അയിത്തം. ‘ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോള്‍ സ്വന്തം കണ്ഠം കൊടുത്തവനേ’ എന്ന് തന്റെ ഗുരുനാഥനും ബ്രാഹ്മണനുമായ ചെമ്പൈ വൈദ്യനാഥ ഭാഗവരോട് മുട്ടിയുരുമ്മിയിരുന്നു ഹൃദയാവര്‍ജകമായി പാടിയ യേശുദാസിനുവേണ്ടി എന്തേ ഗോപകുമാരന്റെ ഗോപുരവാതിലുകള്‍ തുറക്കാത്തത്?

Related News