Thursday
19 Jul 2018

ജെയ്റ്റ്‌ലിയും സംഘ്പരിവാറും ശ്രമിക്കുന്നത് അഴിമതിക്ക് വെള്ളപൂശാന്‍

By: Web Desk | Monday 7 August 2017 1:33 AM IST

 
കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങളും നിഷ്പക്ഷമതികളായ സാധാരണ പൗരന്മാരും ഒരുപോലെ എതിര്‍ക്കുന്ന അക്രമരാഷ്ട്രീയം സംഘ്പരിവാര്‍ സ്വയം വെള്ളപൂശാനുള്ള ആയുധമാക്കിയിരിക്കുന്നു. തിരുവനന്തപുരത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ആര്‍എസ്എസ് ബസ്തി കാര്യവാഹകിന്റെ കൊലയിലും ബിജെപി സംസ്ഥാന ഓഫീസിനും സിപിഐ(എം) സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും നടന്ന അക്രമസംഭവങ്ങളാണ് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ പ്രയോജനപ്പെടുത്താന്‍ ബിജെപിയും ആര്‍എസ്എസും കേന്ദ്ര സര്‍ക്കാരും മുതിര്‍ന്നിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ കേരളത്തിലെത്തിയത്. കേരളത്തില്‍ ക്രമസമാധാനനില അപ്പാടെ തകര്‍ന്നിരിക്കുന്നുവെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതിനെ തന്നെ ചോദ്യം ചെയ്തുമാണ് ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനവും സംഘ്പരിവാര്‍ നേതാക്കളുടെ പ്രസ്താവനകളും വന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര അധികാരത്തിന്റെ പിന്‍ബലത്തില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനും ഗവണ്‍മെന്റിന്റെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും പ്രവര്‍ത്തനസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കങ്ങള്‍. അതോടൊപ്പം അഴിമതിയില്‍ ആണ്ടുപോയ സംസ്ഥാന ബിജെപി-സംഘ്പരിവാര്‍ നേതൃത്വത്തെ പൊതുസമൂഹത്തില്‍ ഉയര്‍ന്നുവന്ന അപഖ്യാതിയില്‍ നിന്നും വിമര്‍ശന ശരങ്ങളില്‍ നിന്നും രക്ഷിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ബിജെപിയും സംഘ്പരിവാറും പിന്തുടരുന്ന അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും സംസ്‌കാരം രാഷ്ട്രീയ വ്യവഹാരത്തില്‍ നിന്നും മറച്ചുപിടിക്കാനും പ്രതിരോധിക്കാനുമാണ് ശ്രമം. അധികാരത്തിന്റെ പിന്‍ബലത്തില്‍ ബിജെപിയും സംഘ്പരിവാറും തുടര്‍ന്നുവരുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ രാജ്യത്താകെ ഉയര്‍ന്നുവന്നിട്ടുള്ള ജനകീയ വികാരത്തിന്റെയും പ്രതിരോധത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ നാടകം കേരളത്തില്‍ അരങ്ങേറുന്നത്. ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് ഡസന്‍കണക്കിന് പാവപ്പെട്ട മനുഷ്യര്‍ രാജ്യത്താകെ ഇരകളായിക്കൊണ്ടിരിക്കെയാണ് അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ സംഘ്പരിവാര്‍ നടത്തുന്ന നീക്കമെന്നതും ശ്രദ്ധേയമാണ്. ബിജെപി ഭരണം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അത്യന്തം ഹീനമായ അക്രമങ്ങളെയും കൊലപാതകങ്ങളെയും അപലപിക്കാന്‍ പോലും മുതിരാത്തവരാണ് കേരളത്തിലെ ‘രാഷ്ട്രീയ അതിക്രമങ്ങളു’ടെ പേരില്‍ ധാര്‍മിക രോഷം കൊള്ളുന്നത്.
രാഷ്ട്രീയ സംവാദങ്ങളോടും ആശയസമരങ്ങളോടും എക്കാലത്തും മുഖംതിരിച്ചു നിന്നിട്ടുള്ള പാരമ്പര്യമാണ് ആര്‍എസ്എസ്-ബിജെപി-സംഘ് പരിവാരിന്റേത്. രാഷ്ട്രപിതാവിനെ വധിച്ചതു മുതല്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരപരാധികളായ ആയിരങ്ങളുടെ രക്തംപുരണ്ട കൈകളാണ് അവരുടേത്. അത്തരക്കാര്‍ അക്രമത്തേക്കുറിച്ചും രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചും നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളുടെ ഓര്‍മശക്തിയെ വെല്ലുവിളിക്കലാണ്, പരിഹാസ്യമാണ്. എന്നാല്‍ അത്തരം ഫാസിസ്റ്റ് രാഷ്ട്രീയത്തെ തുറന്നുകാട്ടാനും അധികാരത്തിന്റെ മറവില്‍ അവര്‍ ഏര്‍പ്പെട്ടിരിക്കുന്ന അധാര്‍മികതയും അഴിമതിയും ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും ലഭിക്കുന്ന അവസരം ഇടതുപക്ഷം ഒരുകാരണവശാലും നഷ്ടപ്പെടുത്തിക്കൂട. വര്‍ക്കലയിലെ മെഡിക്കല്‍ കോളജിന്റെ പേരില്‍ കേരളത്തിലെയും കേന്ദ്രത്തിലെയും ബിജെപി നേതാക്കന്മാര്‍ക്ക് നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള അവസരമാണ് കേരളത്തിന് നഷ്ടമായത്. ആ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഭരണത്തിന്റെ മറവില്‍ ബിജെപി-സംഘ്പരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളുടെയും തട്ടിപ്പുകളുടെയും ഡസന്‍കണക്കിന് കഥകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അത് ആ പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ അനൈക്യത്തിന്റെയും ചേരിപ്പോരിന്റെയും നാണംകെട്ട കഥകളാണ് തുറന്നുകാട്ടിക്കൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ തണലില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി അധഃപതിച്ച ഒന്നായി അതിനെ തുറന്നുകാട്ടാനുള്ള അവസരം നഷ്ടമാക്കിക്കൂട.
കേരളത്തില്‍ അക്രമരാഷ്ട്രീയത്തിനും ഹിംസയ്ക്കുമെതിരായ ജനവികാരം പ്രയോജനപ്പെടുത്തി സമാധാനപൂര്‍ണമായ സാമൂഹ്യജീവിതം ഉറപ്പുവരുത്താന്‍ കഴിയുന്ന അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്. അതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരവെ ആ ശ്രമങ്ങളെ അട്ടിമറിക്കാന്‍ മാത്രമെ അരുണ്‍ ജെയ്റ്റ്‌ലിയെപോലെ ഉന്നതരും ഉത്തരവാദിത്തപ്പെട്ട നേതാക്കളും നടത്തുന്ന ഇടപെടലുകള്‍ സഹായകമാകു. കേരളത്തിലും രാജ്യത്തെവിടെയും സംഘപരിവാര്‍ ഏര്‍പ്പെട്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സ്വന്തം അണികളെ നിലയ്ക്കുനിര്‍ത്താന്‍ മുതിരുന്നതിനു പകരം എരിതീയില്‍ എണ്ണപകരുന്ന നടപടികളാണ് അവര്‍ അവലംബിക്കുന്നത്. രാജ്യത്ത് സാമൂഹ്യ ജീവിതത്തില്‍ സമാധാനമാണ് കാംക്ഷിക്കുന്നതെങ്കില്‍ ആയുധപരിശീലനവും അക്രമവും കൈവെടിയാന്‍ സ്വന്തം അണികളെ പ്രേരിപ്പിക്കാനാണ് കേന്ദ്ര ഭരണ നേതൃത്വം മുതിരേണ്ടത്. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ ശാന്തത പുലരാന്‍ എല്‍ഡിഎഫ് സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന സിപിഐ(എം) ഉം മുഖം നോക്കാതെയുള്ള നടപടികള്‍ക്ക് തയാറാവണം. അധികാരത്തിന്റെ തണലില്‍ അഴിഞ്ഞാടാന്‍ സാമുഹ്യവിരുദ്ധരെ അനുവദിച്ചുകൂട. അത്തരക്കാരെ നിലയ്ക്കുനിര്‍ത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിതാന്തജാഗ്രത പുലര്‍ത്തിയെ മതിയാവു. ആരോഗ്യകരമായ ഒരു രാഷ്ട്രീയ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും പുരോഗതിയുടെയും രാഷ്ട്രീയത്തെ വിജയത്തിന്റെ പാതയില്‍ നയിക്കാനാവൂ.

Related News