Thursday
19 Jul 2018

നഗ്നമായ സ്വേച്ഛാധിപത്യം

By: Web Desk | Sunday 6 August 2017 1:03 AM IST

സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള നരേന്ദ്രമോഡി സര്‍ക്കാര്‍ രാഷ്ട്രീയ അധികാരത്തില്‍ കുത്തകാവകാശം നേടുന്നതിനും സമ്പദ്‌വ്യസ്ഥയുടെ പ്രധാന മേഖലകളെ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതിനുമായി നഗ്നമായ സ്വേച്ഛാധിപത്യ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഇതിനായി സിബിഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സുരക്ഷാസേന എന്നീ സംവിധാനങ്ങളെ നാണംകെട്ടവിധത്തില്‍ ഉപയോഗിക്കുകയാണ്.

ഗുജറാത്തില്‍ നിന്ന് ബംഗളൂരുവില്‍ എത്തിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡ് നാടകം ജനാധിപത്യവിരുദ്ധമാണ്. ഈ നടപടി രാജ്യത്ത് നിലവിലുള്ള ഫെഡറല്‍ സംവിധാനത്തെ കശാപ്പുചെയ്യുന്ന നിലപാടാണ്. കര്‍ണാടകയിലെ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലാണ് ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരുന്നത്. ഇവിടെ റെയ്ഡ് നടത്തിയത് അമിത്ഷായ്ക്കും നരേന്ദ്രമോഡിക്കും എത്രമാത്രം നിലവാരം താഴാം എന്നതിന്റെ തെളിവാണ്. സിബിഐ റെയ്ഡ് നടത്തിയപ്പോള്‍ എന്തിനാണ് തോക്കുധാരികളായ സിആര്‍പിഎഫ് ജവാന്മാരെ കൊണ്ടുവന്നത്. എംഎല്‍എമാര്‍ താമസിച്ചിരുന്ന സ്ഥലത്ത് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുക, അല്ലെങ്കില്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തുക എന്നതായിരുന്നു മോഡിയും അമിത്ഷായും ലക്ഷ്യമിട്ടത്. ഈ പ്രവൃത്തി രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും ചോദ്യം ചെയ്യുന്നതാണ്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ കേന്ദ്രസേനയെ ഉപയോഗിക്കുന്നത് തികച്ചും ഭരണഘടനാവിരുദ്ധമാണ്.
അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ഉപയോഗിക്കുന്നതില്‍ സിപിഐക്ക് എതിര്‍പ്പില്ല. ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയും അഴിമതിമുക്തമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ കഴിയില്ലെന്ന് നേരത്തേതന്നെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരും അഴിമതി നടത്തുന്നത് വര്‍ധിച്ചുവരുന്നു. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യാന്‍ തയ്യാറാകണം. സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് കോടികള്‍ കോഴവാങ്ങിയെന്ന ആരോപണം പ്രധാനമന്ത്രിക്കെതിരെതന്നെ നിലവിലുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സ്വത്ത് മുന്നൂറിരട്ടിയായി. പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്ന പനാമാ പേപ്പറുകളില്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും നേതാക്കളുടെ പേരുകളുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും കൂടുതല്‍ ലഭിക്കുന്നത് അദാനി ഗ്രൂപ്പിനാണ്. വിദേശങ്ങളില്‍ നിക്ഷേപം നടത്തുന്നതിനും കരാറുകളില്‍ ഏര്‍പ്പെടുന്നതിനുമായി ബാങ്കിങ് നിയമങ്ങളില്‍പ്പോലും അദാനി ഗ്രൂപ്പിനായി മോഡി സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നു.
വിദേശരാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളതില്‍ ഭൂരിഭാഗം പേരും ബിജെപിക്കാരോ അഥവാ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചിട്ടുള്ളവരോ ആണ്. പനാമാ പേപ്പറിന്റെ അടിസ്ഥാനത്തില്‍ ബിജെപി അനുഭാവിയായ ശിശിര്‍ ബജോരിയയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതായുള്ള വെളിപ്പെടുത്തല്‍ ഇതിനുള്ള തെളിവാണ്. പനാമാ പേപ്പറുകളില്‍ പറഞ്ഞിട്ടുള്ള 500 ഇന്ത്യക്കാരുടെ പേര് പുറത്തുകൊണ്ടുവരാന്‍ മോഡി സര്‍ക്കാരിന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇതിനായി സംഘടിതമായ പ്രചരണം ഉണ്ടാകണം. കൂടാതെ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വീഴ്ചവരുത്തിയവരെയും പൊതുജനമധ്യത്തില്‍ കൊണ്ടുവരണം. ഇത്തരത്തില്‍ കൊള്ളയടിക്കപ്പെട്ട പണത്തെ നിഷ്‌ക്രിയ ആസ്തി എന്ന വാക്കുകൊണ്ട് സാധൂകരിക്കരുത്. ഇത്തരത്തില്‍ കൊള്ളയടിക്കപ്പെട്ട പണത്തെ നിയമസാധുത ഉള്ളതാക്കി മാറ്റാനുള്ള നടപടികള്‍ മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഇത് പുറത്തുകൊണ്ടുവരണം.
കള്ളപ്പണം വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കുറ്റവാളികള്‍ക്കെതിരെയും നടപടികള്‍ ഉണ്ടാകണം. വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം നിയമസാധുതയുള്ളതാക്കി മാറ്റാനാണ് ആര്‍ബിഐ ശ്രമിക്കുന്നത്. 2013 ഓഗസ്റ്റ് മുതല്‍ ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം നിയമപരമാക്കാനുള്ള നടപടികള്‍ ഇതിനകം സ്വീകരിച്ചു. ഇതൊക്കെ നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ ഭാഗമാണ്. ലോക ബാങ്ക്, അന്താരാഷ്ട്ര നാണയനിധി, ലോക വ്യാപാര സംഘടന എന്നിവരൊക്കെയാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. വിദേശത്തുണ്ടായിരുന്ന കള്ളപ്പണം രാജ്യത്ത് നിക്ഷേപിക്കുന്നതിലൂടെ നിരവധി ഇളവുകളാണ് ഇവര്‍ക്ക് നല്‍കുന്നത്. ഓഹരി കമ്പോളം ഉള്‍പ്പെടെയുള്ള ക്യാപിറ്റല്‍ മാര്‍ക്കറ്റുകളില്‍ ഈ പണം നിക്ഷേപിക്കാന്‍ അനുമതി നല്‍കുന്നു. കൂടാതെ വിദേശ രാജ്യങ്ങളില്‍പ്പോലും സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനും നിയമസാധുത ഒരുക്കിക്കൊടുക്കുന്നു.
ഇതൊക്കെതന്നെ കള്ളപ്പണത്തെ നിയമപ്രകാരം വെളിപ്പിക്കാനുള്ള നടപടികളാണ്. പനാമാ പേപ്പറുകള്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ പറയുന്ന കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള ഒരു കിളിവാതിലാണ് മോഡി സര്‍ക്കാര്‍ ഒരുക്കുന്നത്.

Related News