Thursday
19 Jul 2018

മേധയും നര്‍മദയും ആവശ്യപ്പെടുന്നത് അടിപതറാത്ത ഐക്യദാര്‍ഢ്യം

By: Web Desk | Wednesday 9 August 2017 12:35 PM IST

 

സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസം അനുഷ്ഠിച്ചിരുന്ന നര്‍മദ ബചാവോ ആന്തോളന്‍ നേതാവ് മേധാപട്കറും അഞ്ച് സഹപ്രവര്‍ത്തകരും മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയില്‍, ആശുപത്രിയില്‍, തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. വന്‍ പൊലീസ് കാവലില്‍ കഴിയുന്ന മേധയേയും സഹപ്രവര്‍ത്തകരേയും സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ല. ഉപവാസം ആരംഭിച്ച് പന്ത്രണ്ടാം ദിവസം ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് അവരെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലും മേധയും സഹപ്രവര്‍ത്തകരും ഉപവാസം തുടരുകയാണ്. സുപ്രിംകോടതി നിര്‍ദേശാനുസരണം സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിക്കുന്ന മുറയ്ക്ക് കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍ അതിനാവശ്യമായ യാതൊരു തയാറെടുപ്പും കൂടാതെ ജലനിരപ്പ് ഉയരുന്നതിന്റെ പേരില്‍ ജനങ്ങളെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കുന്നതാണ് സമരം ചെയ്യാന്‍ നര്‍മദാ ബചാവോ ആന്തോളനെ നിര്‍ബന്ധിതമാക്കിയത്. മധ്യപ്രദേശിലെ നാല് ജില്ലകളില്‍ നിന്നായി 15,000 കുടുംബങ്ങളില്‍പെട്ട 72,000 ആളുകളെയാണ് കുടിയൊഴിപ്പിക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, 40,000 കുടുംബങ്ങളും കര്‍ഷകരും ആദിവാസികളുമായ അവരുടെ കന്നുകാലികളും ദശലക്ഷക്കണക്കിന് വൃക്ഷങ്ങളും വിവിധ മതങ്ങളില്‍പ്പെടുന്ന വിശ്വാസികളുടെ ആരാധാനാലയങ്ങളും സ്‌കൂളുകളും നൂറ്റാണ്ടുകളായി അവര്‍ നിലനിര്‍ത്തിപ്പോരുന്ന സംസ്‌കാരങ്ങളും അവര്‍ നിലനിന്നിരുന്ന ജൈവവൈവിധ്യവുമാണ് ജലസമാധിയടയുകയെന്ന് വസ്തുതകള്‍ വെളിവാക്കുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അവശ്യം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും മതിയായ നഷ്ടപരിഹാരം നല്‍കാതെയുമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വലിയൊരു ജനതതിയുടെ മേല്‍ ഈ ദുരന്തം അടിച്ചേല്‍പ്പിക്കുന്നത്. പദ്ധതിയോടുള്ള സ്വാഭാവികമായ എതിര്‍പ്പ് നിലനില്‍ക്കെ തന്നെ കോടതിവിധി മാനിച്ച് കുടിയൊഴിപ്പിക്കലിന് വിധേയരാവാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് അര്‍ഹമായ പുനരധിവാസമോ നഷ്ടപരിഹാരമോ നല്‍കാതെ വികസനത്തിന്റെ ഉരുക്കുചക്രങ്ങളില്‍ മനുഷ്യജീവിതത്തെ ഞെരിച്ചമര്‍ത്താനാണ് ശിവ്‌രാജ്‌സിങ് ചൗഹാനും നരേന്ദ്രമോഡിയും സംഘവും ശ്രമിക്കുന്നത്. ജീവിക്കാനും അതിനുവേണ്ടി ജീവാവസാനം വരെ പൊരുതാനുമുള്ള ഒരു ജനതയുടെ മൗലികാവകാശത്തിനുമേല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന നിഷ്ഠുരതയുടെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ഇത്.
ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ അഭ്യുന്നതി ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന സര്‍ക്കാര്‍ ഭാഷ്യം ജനങ്ങളോടുള്ള വഞ്ചനയും രാജ്യത്തെതന്നെ കബളിപ്പിക്കലുമാണ്. ഏറ്റവും പ്രാകൃതമായ മൂലധന കേന്ദ്രീകരണത്തിനും കൊള്ളലാഭത്തിനും വഴിവയ്ക്കുന്ന കുത്തക കോര്‍പ്പറേറ്റ് വ്യവസായവല്‍ക്കരണത്തെയും അവയില്‍ അടിമകളെപോലെ പണിയെടുക്കാന്‍ നിര്‍ബന്ധിതരാവുന്ന ജനങ്ങള്‍ അധിവസിക്കുന്ന നഗരങ്ങളുമായിരിക്കും സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഗുണഭോക്താക്കള്‍. അത് കോളറ പോലെ മേല്‍പറഞ്ഞ സംസ്ഥാനങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന ആത്മഹത്യകള്‍ക്ക് ഇരകളാവുന്ന കര്‍ഷകര്‍ക്കും ഗ്രാമീണ ജനസാമാന്യത്തിനും കുടിവെള്ളമോ ജലസേചന സൗകര്യങ്ങളോ പ്രദാനം ചെയ്യില്ലെന്ന് പഠനങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമികളില്‍ നിന്നും വികസനത്തിന്റെയും വ്യവസായവല്‍ക്കരണത്തിന്റെയും പേരില്‍ ആട്ടിപ്പായിക്കപ്പെടുന്നിടത്ത് കര്‍ഷകന്റെയും കൃഷിയുടെ പേരില്‍ നടത്തുന്ന കൊടുംവഞ്ചനയും തട്ടിപ്പുമായിരുന്നു അണക്കെട്ടെന്ന് കാലം തെളിയിക്കും. കുടിയിറക്കപ്പെടുന്നവരെ ഗ്രാമങ്ങളില്‍ കര്‍ഷകരായി പുനരധിവസിപ്പിക്കുകയല്ല മൂലധന താല്‍പര്യം, മറിച്ച് അവര്‍ നഗരപ്രാന്തങ്ങളില്‍ പുഴുക്കളെപോലെ അടിഞ്ഞുകൂടുന്ന ചേരിപ്രദേശങ്ങളില്‍ വിലകുറഞ്ഞ അവകാശങ്ങളും മുഖങ്ങളും സംസ്‌കാരവുമില്ലാത്ത കൂലിത്തൊഴിലാളികളായി മാറണം. അതാണ് മുതലാളിത്തവും, അതിന് ചൂട്ടുപിടിക്കുന്ന മോഡി സര്‍ക്കാരിന്റെയും ലക്ഷ്യം.
നരേന്ദ്രമോഡിയടക്കം, മൂലധനശക്തികള്‍ അധികാരത്തില്‍ അവരോധിച്ച, ഭരണാധികാരികള്‍ വിഭാവനം ചെയ്യുന്ന ഇന്ത്യ തദ്ദേശീയ, ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് വ്യവസായങ്ങളെ ചുറ്റിപ്പറ്റി വളരുന്ന സ്മാര്‍ട്ട് സിറ്റികളുടെ സമുച്ചയമാണ്. അവയെ ബന്ധിപ്പിക്കുന്ന വ്യവസായ-വാണിജ്യ ഇടനാഴികള്‍, പരസ്പരം കൂട്ടിയിണക്കുന്ന അതിവേഗ റയില്‍പാതകള്‍, വിമാനത്താവള ശൃംഖലകള്‍, ബഹുനിര ദേശീയ പാതകള്‍ ഇങ്ങനെ പോകുന്നു ആ സങ്കല്‍പം. പരമ്പരാഗത കാര്‍ഷിക വൃത്തികള്‍ക്കും ഗ്രാമങ്ങള്‍ക്കും അത്തരം സങ്കല്‍പങ്ങളില്‍ സ്ഥാനമുണ്ടായില്ല. കൃഷിഭൂമി കര്‍ഷകനില്‍ നിന്നും കാര്‍ഷിക വ്യവസായ കുത്തകകളിലേക്കും ജനതിക മാറ്റം വരുത്തിയ വിളകളുടെ പ്രവിശാലമായ കൃഷിത്തോട്ടങ്ങളായും മാറ്റപ്പെടണം. അവകളിലൊക്കെ അടിമസമാനം പണിയെടുക്കുന്ന കൂലിപ്പണിക്കാര്‍ കൂടിയേ തീരൂ. അത്തരം ബൃഹത്തായ ഒരു കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലൂടെ യാഥാര്‍ഥ്യമാക്കാന്‍ ഭരണവര്‍ഗം ശ്രമിക്കുന്നത്. അത് കേവലം മേധാപട്കറുടെയോ നര്‍മദാ ബചാവോ ആന്തോളന്റെയോ കുടിയിറക്കപ്പെടുന്ന ആദിവാസികളടക്കം പതിനായിരക്കണക്കിന് വരുന്ന ഗ്രാമീണരുടെയോ സമരമല്ല. സ്വതന്ത്രമായി ജീവിക്കാനും ജീവിതം ആസ്വദിക്കാനും, പ്രകൃതി മനുഷ്യനും സമസ്ത ജീവജാലങ്ങള്‍ക്കും വേണ്ടി സഹസ്രാബ്ദങ്ങളായി ഒരുക്കി നല്‍കിയ ഭൂമി വരുംതലമുറയ്ക്കായി പരിരക്ഷിച്ചു കൈമാറാനുള്ള, അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ്. മേധയും നര്‍മദാ ബചാവോ ആന്തോളനും കുടിയിറക്കപ്പെടുന്ന ജനതതിയും ആവശ്യപ്പെടുന്നത് അടിപതറാത്ത ഐക്യദാര്‍ഢ്യമാണ്‌