Monday
25 Sep 2017

സര്‍പ്പസത്രം

By: Web Desk | Wednesday 13 September 2017 3:52 PM IST

ജനമേജയന്‍:

 

നാവുകെട്ടാന്‍ പണിപ്പെടുമ്പോള്‍
ആയിരം മണിയുടെ നാവടക്കീടാമൊറ്റ
വായിലെ നാവാര്‍ക്കാനും കെട്ടുവാന്‍ കഴിയുമോ
ഗൗരീ ലങ്കേഷിന്റെ നാവ് ഇപ്പോള്‍ എത്രയോ നാവുകളായി നാടാകെ പ്രതികരിച്ചുകൊണ്ടിരിക്കുന്നു. പത്രപ്രവര്‍ത്തകര്‍ക്ക് തലക്കുമുകളില്‍.ഒരു അലാത വലയം ഉണ്ടായിരുന്നു. .അല്ലാതെ എങ്ങനെ ദുരിതകലുഷിതമായ മേഖലകളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നതിനും അത് പുറത്തെത്തിക്കുന്നതിനും കഴിയുന്നത്. അലാത വലയം എന്നത് കരുത്തിന്റെ ഒരു പ്രഭാവലയമാണ്.. അവര്‍ക്ക് അസാധാരണമായ ഒരു ശക്തിയുണ്ടെന്ന വയ്പാണ്. അത് കാണാനാവുന്ന ശക്തിയല്ല. സത്യത്തിന്‌റെ, നേരിന്റെ ശക്തിയാണത്. തോക്കിനും ബോംബിനുമിടയില്‍പോയി വാര്‍ത്തകള്‍ എത്തിക്കുന്ന പത്രപ്രവര്‍ത്തകരുണ്ട്. അവര്‍ക്ക് അസാമാന്യ ശക്തിയൊന്നുമില്ല. മജ്ജയും മാംസവുമുള്ള വെടിയേറ്റാല്‍ തുളയുന്ന തൊണ്ടയുള്ളവര്‍തന്നെയാണ് അവരും. ഇതെല്ലാം മാധ്യമധര്‍മ്മത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം മാത്രമാണ്. ജനാധിപത്യത്തിന്റെ നാലാംകാലായി പത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അതിന് ശക്തിയുണ്ടാവുന്നത്. ജനാധിപത്യത്തെ മാനിക്കുന്നവര്‍ക്കേ പത്രത്തെ മാനിക്കാനാവൂ. ആശയംകൊണ്ട് ഏറ്റുമുട്ടാനറിയാത്ത വന്യജീവികള്‍ക്ക് ഗൗരിലങ്കേഷ് നശിപ്പിക്കപ്പെടേണ്ട ഒരുപ്രതിബന്ധമായിരിക്കാം. നാവ് അരിഞ്ഞും കണ്ണ്കുത്തിപ്പൊട്ടിച്ചും നിഷ്ഠൂരശക്തികള്‍ ഇല്ലാതാക്കുന്നത് ജനാധിപത്യത്തെത്തന്നെയാണ്.
ബോംബെറിയുന്നവനെതടുത്തുനിര്‍ത്തി ഉപദേശിക്കാം ബോംബിനെ ഉപദേശിച്ചിട്ട് കാര്യമില്ലല്ലോ.അത് പൊട്ടിത്തെറിക്കുകതന്നെചെയ്യും.

ധര്‍മ്മവിചാരം
ധര്‍മ്മം എന്തെന്നത് മഹാഭാരതപാരമ്പര്യം നമ്മെ പേര്‍ത്തുംപേര്‍ത്തും ഓര്‍മ്മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തകാര്യമാണ്. ഭാരതപാരമ്പര്യമനുസരിച്ച് ധര്‍മ്മത്തെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പുത്രധര്‍മ്മം,പിതൃധര്‍മ്മം,ഭാര്യാധര്‍മ്മം,പൗരധര്‍മ്മം എന്നിങ്ങനെ ഓരോരുത്തര്‍ക്കും ഒരു ധര്‍മ്മമുണ്ട്. ധര്‍മ്മരാജന്‍,ധര്‍മ്മപുത്രന്‍,പത്രധര്‍മ്മം എന്നിവ പ്രത്യേകം ഓര്‍മ്മിക്കുക. മറ്റൊരു സംസ്‌കൃതിയിലും ധര്‍മ്മത്തെ ഇത്ര കൃത്യമായി നിര്‍വഹിച്ചിട്ടില്ല എന്നതുതന്നെ ഭാരത സംസ്‌കൃതിയുടെ പ്രത്യേകതവ്യക്തമാക്കുന്നു. കടമ,കടപ്പാട് എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. ധര്‍മ്മം വിടുമ്പോളാണ് മൂല്യച്യുതി അപചയം എന്നിവയുണ്ടാകുന്നതെന്നും ചരിത്രപാഠങ്ങള്‍. അപ്പോള്‍ ഈ ധര്‍മ്മം ആരാണ് നമ്മെ വ്യക്തമായി പഠിപ്പിക്കുന്നത്. എവിടെയും ധര്‍മ്മത്തിനായി കൃത്യവും പൂര്‍ണവുമായ ഒരു പഠന സംവിധാനം നിലനില്‍ക്കുന്നില്ല. മതങ്ങളും വിദ്യാലയങ്ങളും കൂട്ടായ്മകളും വീട്ടുസദസുകളും മുമ്പ് ഇത് കൂടി ലക്ഷ്യമിട്ടിരുന്നു. ഇന്ന് അത് എങ്ങുമില്ല. അതിന്റെ ഫലം വ്യാപകമായി കാണാനുണ്ട്. തകര്‍ച്ചയുള്ള വ്യക്തികളുടെ കൂട്ടായ്മ അപകടകരമായ സമൂഹമായി മാറുന്നു.പണത്തിനുവേണ്ടി എന്തും ചെയ്യാമെന്നും മുതിര്‍ന്നവരെ ബഹുമാനിക്കേണ്ടെന്നും അധ്യാപകനെ തല്ലാമെന്നും കുടുംബത്തുതന്നെ വഞ്ചനആകാമെന്നും അങ്ങനെയങ്ങനെ അപചയം വളരുകയാണ്. ധര്‍മ്മപാഠങ്ങള്‍ വീട്ടില്‍ ഒന്നു ശ്രദ്ധിച്ചാല്‍ വരുംതലമുറ എങ്കിലും രക്ഷപ്പെട്ടേക്കും. അതിന് നമുക്ക് ധര്‍മ്മമില്ലല്ലോ പിന്നെ എങ്ങനെ പഠിപ്പിക്കാന്‍ അല്ലേ.

നാട്ടുംപുറത്തുകാരെന്തുചെയ്യും.
മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുല്‍കലാമിന്റെ ഒരു സ്വപ്‌ന പദ്ധതിയായിരുന്നു പ്രൊവൈഡ് അര്‍ബന്‍ ഫെസിലിറ്റീസ് ടു റൂറല്‍ ഏരിയാസ്(pura) ന്ന്ച്ചാല്‍ പട്ടണങ്ങളിലുള്ള സൗകര്യം നാട്ടുംപുറത്തുകാര്‍ക്കുകൂടി ലഭ്യമാക്കാനുള്ള പരിപാടികള്‍. പാവം നാട്ടുംപുറത്തുകാര്‍ക്ക് വിമാനത്താവളമില്ല,നല്ല ആശുപത്രിയില്ല,കലാലയമില്ല,റോഡില്ല,വാഹനങ്ങളില്ല ഇതെല്ലാം ഞങ്ങള്‍ സഹിക്കുകയായിരുന്നു ഇതുവരെ. പക്ഷേ നന്മകള്‍മാത്രമുള്ള നാട്ടുംപുറത്തുകാര്‍ക്ക് ബാറുകൂടി നിഷേധിച്ചത് കടന്ന കയ്യായിപ്പോയി. എന്തെല്ലാം വികസനമില്ലെങ്കിലും സഹിക്കാമായിരുന്നു. ബാര്‍പോയാല്‍ പിന്നെ സമാധാനത്തിന് എന്തോന്നു ചെയ്യും.

ജിഎസ്ടി മാവേലി
മാവേലിയുടെ വരവായിരുന്നു രസകരം. പാതാളത്തീന്ന് കയറിയതിന് ജിഎസ്ടി, നടന്നതിന് ജിഎസ്ടി, ഒണപ്പൂക്കളത്തിന് ജിഎസ്ടി, സദ്യക്ക് ജിഎസ്ടി ,തുമ്മിയാലും തുപ്പിയാലും ജിഎസ്ടി. ഇവനാരാ വാമനെക്കാള്‍ വലിയ കേമനാണല്ലോ എന്ന് കരുതി ഉത്തരവാദപ്പെട്ടമന്ത്രിയോടുതന്നെ ചോദിച്ചു. ഇതുകുറച്ചു കടുപ്പമല്ലേ ഒരാള്‍ ഒരുദിവസം ജീവിച്ചിരിക്കുന്നതിന് സര്‍ക്കാര്‍ ഇത്രരൂപ എന്ന് പറഞ്ഞ് പിടിച്ചുവാങ്ങുന്നത് മോശമല്ലേ. പ്രഭാതഭക്ഷണത്തിന് ജിഎസ്ടി എട്ടുരൂപ, ഉച്ചഭക്ഷണത്തിന് 12രൂ, ചായക്ക് രണ്ടുരൂപ, രാത്രിഭക്ഷിച്ചപ്പോള്‍ 12രൂപ ആകെമൊത്തം ഒരാള്‍ ഒരു ദിവസം ഭക്ഷിച്ചതിന് സര്‍ക്കാരിലേക്ക് 34രൂപ.
സര്‍ക്കാരിനും പിടിച്ചുനില്‍ക്കേണ്ടേ.
എത്രയാ ഓരോദിവസോം ചെലവ്.
എന്തിന്
ഭരിക്കാനേ.
ഓഹോ അതിനും ജിഎസ്ടിയുണ്ടോ.
പിന്നില്ലാതെ ജീവിക്കാന്‍ ജിഎസ്ടി വേണമെങ്കില്‍ ഭരിക്കാനും അതില്ലാതെ തരമില്ലല്ലോ.
ഓഹോ,ശരി അപ്പ പിന്നെകാണാം.
അപ്പോ ജിഎസ്ടി എടുക്ക്.
എന്തിന്
മാവേലിതമ്പുരാന്റെ ജീവിതം ഒരു സര്‍വീസല്ലേ.
അതേ. സേവനംതന്നെ,
, അപ്പോ ജിഎസ്ടി തരാതെ പറ്റില്ലല്ലോ സേവനത്തിനും നികുതിയുണ്ട്. ടാക്‌സാതെ ഒരു സേവനവും ഇവിടെ കൊടുക്കാറില്ല അതാണ്., നെയമാണ് ഒന്നും തോന്നര്ത്.