Saturday
18 Nov 2017

വി എച്ച് എസ് ഇ യിലെ ശനിയാഴ്ച അവധി; നടപ്പിലാക്കാതെ വിദ്യാഭ്യാസ വകുപ്പ്

By: Web Desk | Saturday 4 November 2017 8:29 PM IST

കാസര്‍കോട്: സാധാരണ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെപോലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും ശനിയാഴ്ച അവധി നല്‍കണമെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തിന് വിദ്യാഭ്യാസ വകുപ്പില്‍ പുല്ലുവില. ഉത്തരവിറങ്ങി ഒരു വര്‍ഷമായെങ്കിലും ഉത്തരവിന്‍മേല്‍ ഒരു നടപടിയും സ്വീകരിക്കാതെ വിദ്യാഭ്യാസ വകുപ്പ് ഫയല്‍ കെട്ടിവച്ചിരിക്കുകയാണ്.
നിലവില്‍ സ്‌കൂള്‍, ഹയര്‍സെക്കണ്ടറി രംഗത്ത് ശനിയാഴ്ച പ്രവൃത്തിദിനമുള്ള ഏക മേഖലയാണ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. അതേ സമയം ഇതേ സിലബസും പരീക്ഷാ സമ്പ്രദായവുമുള്ള പ്ലസ്ടുവിനാണെങ്കില്‍ ശനിയാഴ്ച അവധി നല്‍കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വി എച്ച് എസ് ഇ വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്ച അവധി നല്‍കി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും തിങ്കള്‍ മുതല്‍ വെള്ളിവരെ അഞ്ച് ദിവസങ്ങളിലാണ് പ്രവൃത്തി ദിനം. എന്നാല്‍ വി എച്ച് എസ് ഇക്ക് മാത്രം തിങ്കള്‍ മുതല്‍ ശനിവരെ ആറു പ്രവൃത്തി ദിനങ്ങളാണുള്ളത്. അതുകൊണ്ടു തന്നെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് പഠന, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സമയം കിട്ടാറില്ലെന്നും മാത്രമല്ല ഇത് തങ്ങള്‍ക്ക് വളരെയേറെ മാനസിക സമ്മര്‍ദ്ധം ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഹയര്‍ സെക്കണ്ടറിയില്‍ 45 മിനിറ്റാണ് ഒരു പിരീയഡ് എങ്കില്‍ വി എച്ച് എസ് ഇ യില്‍ ഇത് ഒരു മണിക്കൂറാണ്. ദിവസവും രാവിലെ 8.30 മുതല്‍ 4.30 വരെയാണ് വിഎച്ച്എസ് ഇ ക്ക് ക്ലാസ്. ഇത്രയും സമയം ഒരേ വിഷയത്തില്‍ തുടര്‍ച്ചയായി ശ്രദ്ധിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടുന്നു. ശനിയാഴ്ചകളില്‍ ക്ലാസുള്ളതിനാല്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളെ പോലെ തങ്ങള്‍ക്ക് എന്‍ട്രസ് കോച്ചിംഗും ശനിയാഴ്ചകളില്‍ ലഭിക്കേണ്ട ട്യൂഷനും നിഷേധിക്കപ്പെടുകയാണെന്ന് കാണിച്ച് ഇന്നലെ കാസര്‍കോട് ജില്ലയിലെ വി എച്ച് എസ് ഇ യില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസം കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് കാസര്‍കോട് സംഘടിപ്പിച്ച ബാലാവകാശ സംവാദത്തില്‍ സംബന്ധിക്കാനെത്തിയ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശിക്കാണ് വിദ്യാര്‍ത്ഥികള്‍ ഇത് സംബന്ധിച്ച നിവേദനം നല്‍കിയത്. പ്ല്‌സടുവിന് അവധി നല്‍കിയപ്പോള്‍ തങ്ങള്‍ക്ക് അവധി നല്‍കാതെ അധികൃതര്‍ കുട്ടികളെ വേര്‍തിരിച്ചുകാണുകയാണെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം. വി എച്ച് എസ് ഇ മേഖലയില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമായും ഇതിനെ കാണുന്നതായും രക്ഷിതാക്കള്‍ പറയുന്നു. കഴിഞ്ഞ അധ്യായന വര്‍ഷത്തിന് മുമ്പാണ് വി എച്ച് എസ് ഇയിലെ സമയ ക്രമം അടുത്ത അധ്യായന വര്‍ഷം മുതല്‍ പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും വിഎച്ച് എസ് ഇ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. ഇതിനായി ആവശ്യമെങ്കില്‍ നിലവിലെ പാഠ്യപദ്ധതി പുനപരിശോധിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പഠന ദിവസം അഞ്ചാക്കി കുറച്ചെങ്കിലും വി എച്ച് എസ് ഇ യില്‍ ഇപ്പോഴും ശനിയാഴ്ച ക്ലാസ് നടത്തുന്നുണ്ട്. ദിവസം എട്ട് ണിക്കൂര്‍ വീതം ആഴ്ചയില്‍ ആറുദിവസം തുടര്‍ച്ചയായി പഠനത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നത് കുട്ടികളുടെ ശാരീരിക-മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. പാഠ്യ പദ്ധതി തയ്യാറാക്കുന്നവര്‍ കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും പ്രായോഗിക സാഹചര്യങ്ങളും കണക്കിലെടുത്തുവേണം നടപടി സ്വീകരിക്കാനെന്ന് അന്നേ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതിന് ശേഷം ഒരു അധ്യായന വര്‍ഷം കൂടി കഴിയാറായെങ്കിലും കമ്മീഷന്റെ നിര്‍ ദ്ദേശം പാടെ മറന്ന മട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്.

Related News