Sunday
17 Dec 2017

സൗദി പ്രതിരോധ കാര്യാലയം ആക്രമിക്കാനുള്ള ഐ എസ് പദ്ധതി തകര്‍ത്തു

By: പ്രത്യേക ലേഖകന്‍ | Wednesday 13 September 2017 11:58 AM IST

റിയാദ്: സൗദി അറേബ്യയുടെ പ്രതിരോധ കാര്യാലയത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഐ എസ് നടത്തിയ നീക്കം സുരക്ഷാ സൈനികര്‍ തകര്‍ത്തു. നാല് ചാവേറുകള്‍ പിടിയിലായി.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ആക്രമണ ശ്രമമെന്ന് ഔദ്യോഗിക സൗദി വാര്‍ത്താ ഏജന്‍സിയും സുരക്ഷാ അധികൃതരും അറിയിച്ചു. അറസ്റ്റിലായ രണ്ടുപേര്‍ യമന്‍ സ്വദേശികളും രണ്ടുപേര്‍ സൗദി പൗരന്മാരുമാണ്. ചാവേര്‍ ആക്രമണം നടത്താനുള്ള ബെല്‍റ്റ് ബോംബുകള്‍ ശരീരത്തില്‍ ഘടിപ്പിച്ച അഹമ്മദ് യാസിര്‍ അല്‍ കാല്‍ദി, അമ്മാര്‍ അലി മുഹമ്മദ് എന്നീ യമനികള്‍ റിമലിലാണ് പിടിയിലായത്. ഇവരിലൊരാള്‍ക്ക് യമനിലെ അല്‍ ഹൂതിയുമായും ബന്ധമുണ്ട്. സൗദി അറേബ്യക്കാരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.
അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഏഴ് കിലോ തൂക്കം വരുന്ന ബെല്‍റ്റ് ബോംബുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, തോക്കുകളും വെടിയുണ്ടകളുമടക്കം വന്‍ ആയുധശേഖരവും പിടിച്ചെടുത്തു. ഇതേത്തുടര്‍ന്ന് സൗദി അറേബ്യയിലെങ്ങും വ്യാപകമായ ഭീകരവേട്ട ആരംഭിച്ചിട്ടുണ്ട്. അല്‍റിമലിലെ ഭീകര പരിശീലനകേന്ദ്രവും റെയ്ഡിനിടയില്‍ കണ്ടെത്തിയിട്ടുണ്ട്.