Monday
23 Jul 2018

സൗദി ജുവലറികളില്‍ പ്രവാസികള്‍ പുറത്ത്

By: Web Desk | Saturday 25 November 2017 9:57 PM IST

പ്രതേ്യക ലേഖകന്‍

റിയാദ്: സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്ന സൗദി അറേബ്യയിലെ സ്വര്‍ണാഭരണശാലകളില്‍ നിന്നും വിദേശികളെ പൂര്‍ണമായും പിരിച്ചുവിട്ടുതുടങ്ങി.
ഡിസംബര്‍ അഞ്ചിന് പിരിച്ചുവിടല്‍ പൂര്‍ണമാകുന്നതോടെ മലയാളികള്‍ക്ക് ആധിപത്യമുള്ള ഈ മേഖലയിലെ 1.38 ലക്ഷം പേര്‍ക്കാണ് പണി പോകുന്നത്. അടുത്ത മാസം അഞ്ചിന് മുമ്പുതന്നെ പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജുവലറി ഉടമകളെ അറിയിച്ചതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബൈല്‍ഖല്‍ വെളിപ്പെടുത്തി. പത്ത് വര്‍ഷം മുമ്പ് ജൂവലറി മേഖലയില്‍ പൂര്‍ണമായ സ്വദേശിവല്‍ക്കരണവും വനിതാവല്‍ക്കരണവും നടത്താന്‍ നടപടിയെടുത്തിരുന്നുവെങ്കിലും ഈ മേഖലയില്‍ പണി ചെയ്യാന്‍ സ്വദേശികളായ വനിതകള്‍ പോലും സെയില്‍സ്‌ഗേള്‍സായി മുന്നോട്ടുവന്നില്ല.
അന്ന് പാളിയ സ്വദേശിവല്‍ക്കരണമാണ് വീണ്ടും പൊടിതട്ടി പുറത്തെടുത്തിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ജുവലറി ഉടമകള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഒറ്റയടിക്ക് ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയാല്‍ അത് വാണിജ്യമേഖലയില്‍ ഏറ്റവും വിപുലമായ സ്വര്‍ണാഭരണ വിപണിയില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന് സൗദി ജുവലറികളുടെ ദേശീയ സംഘടനാധ്യക്ഷന്‍ കരിം അല്‍ അനസി മുന്നറിയിപ്പ് നല്‍കി.

 

Related News