Wednesday
21 Nov 2018

സൗദി പാഴാക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ഭക്ഷണം; തടയാന്‍ നിയമം വരുന്നു

By: Web Desk | Monday 9 July 2018 10:37 PM IST

കെ രംഗനാഥ്
റിയാദ്: ലോകത്ത് ഏറ്റവുമധികം ഭക്ഷണം പാഴാക്കുന്ന രാജ്യമെന്ന ചീത്തപ്പേര് സൗദി അറേബ്യയ്ക്ക്. ഒരു സൗദി സ്വദേശി ഒരു വര്‍ഷം കുപ്പത്തൊട്ടിയിലെറിയുന്നത് 250 കിലോ ഭക്ഷ്യവസ്തുക്കള്‍. ഭക്ഷണം പാഴാക്കുന്നതിന്റെ ആഗോളവ്യക്തിഗത ശരാശരി 115 കിലോയാണ് പ്രതിവര്‍ഷം.
സൗദി അറേബ്യയില്‍ അടുക്കളയിലെത്തുന്ന 30 ശതമാനം ഭക്ഷ്യവസ്തുക്കളും മാലിന്യക്കൂമ്പാരങ്ങളിലാണ് എത്തിപ്പെടുന്നതെന്ന് സൗദി കൃഷി മന്ത്രാലയം അറിയിച്ചു. ലോക ഭക്ഷ്യ കാര്‍ഷികസംഘടനയുടെ കണക്കുകളും ഇതു ശരിവയ്ക്കുന്നു. സൗദിയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് ഒരു ലക്ഷം കോടിയോളം രൂപ വിലവരുന്ന 83 ലക്ഷം ടണ്‍ ഭക്ഷ്യസാധനങ്ങളാണ്. ലോകമൊട്ടാകെ ഒരു വര്‍ഷം പാഴാക്കുന്നത് 68,000 കോടി ഡോളര്‍ വിലയുള്ള 130 കോടി ടണ്‍ ഭക്ഷണസാധനങ്ങളാണ്. ചോറുമാത്രം 75,000 ടണ്‍.
വിവാഹസല്‍ക്കാരങ്ങള്‍, ഡിന്നറുകള്‍, ആഘോഷവേളകള്‍ എന്നിവയില്‍ തയാറാക്കുന്ന ഭക്ഷണത്തിന്റെ അറുപതു ശതമാനത്തോളമാണ് കുപ്പത്തൊട്ടികളില്‍ നിക്ഷേപിക്കുന്നത്. ഹോട്ടലുകളില്‍ ആവശ്യത്തിലേറെ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തിട്ട് നല്ലൊരു പങ്കും പാഴാക്കുന്നവരാണ് നല്ലൊരു പങ്ക് സൗദികളും. കഴിച്ചശേഷം മിച്ചം വരുന്ന ഹോട്ടല്‍ ഭക്ഷണം പാഴ്‌സലായി വീട്ടില്‍ കൊണ്ടുപോയി കഴിക്കുന്നത് പലര്‍ക്കും ക്ഷീണമാണ് എന്നും ഇതുസംബന്ധിച്ച സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ മാസാവസാനം ചേരുന്ന ഭക്ഷണകാര്യ ഉപദേശക സമിതിയായ ഷൂറാ കൗണ്‍സില്‍ ഭക്ഷണസാധനങ്ങള്‍ പാഴാക്കുന്നത് തടയാന്‍ പിഴയടക്കമുള്ള ശിക്ഷാ സംവിധാനങ്ങളോടെ നിയമനിര്‍മാണത്തിന് ശുപാര്‍ശ ചെയ്യുമെന്ന സൂചനയുണ്ട്. പുണ്യനഗരമായ മക്കയില്‍ ഭക്ഷണം പാഴാക്കുന്നതിനെതിരായ ഒരു നിയമം നിലവിലുണ്ട്. അതിന്റെ ചുവടുപിടിച്ചാവും ദേശീയ നിയമനിര്‍മാണമെന്ന് സൗദി ഫുഡ്ബാങ്ക് മേധാവി അബ്ദുള്ളാ അല്‍ ദര്‍ബ അറിയിച്ചു. ഇക്കഴിഞ്ഞ റംസാന്‍ കാലത്ത് ഫുഡ്ബാങ്ക് 17.4 ലക്ഷം ഭക്ഷ്ണപ്പൊതികളാണ് സൗജന്യമായി വിതരണം ചെയ്തത്.

Related News