Wednesday
21 Nov 2018

സൗദിയില്‍ പ്രതിമാസം 8000 പ്രവാസി വനിതകളെ പിരിച്ചുവിടുന്നു

By: Web Desk | Tuesday 10 July 2018 11:05 PM IST

തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന ഇന്ത്യാക്കാര്‍ ജിദ്ദ വിമാനത്താവളത്തില്‍

കെ രംഗനാഥ്

റിയാദ്: സൗദിഅറേബ്യയിലെ തൊഴിലിടങ്ങളില്‍ നിന്നും പ്രവാസിവനിതകളുടെ പിരിച്ചുവിടല്‍ അതിരൂക്ഷം. പ്രതിമാസം ശരാശരി 8000 വനിതാ പ്രവാസി ജീവനക്കാരെയെങ്കിലും പിരിച്ചുവിടുന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി. ഒരു ദിവസം ശരാശരി 266 വിദേശ വനിതകള്‍ക്കെങ്കിലും ജോലി നഷ്ടപ്പെടുന്നു.

Gulf-retunies

എന്നാല്‍ പിരിച്ചുവിടലിന്റെ ഘോഷയാത്രയ്ക്കിടയിലും പ്രതിദിനം 160 സ്വദേശിവനിതകള്‍ക്ക് മാത്രമാണ് പുതുതായി പണി ലഭിക്കുന്നത്. തൊഴില്‍ തേടുന്ന സ്വദേശി സ്ത്രീകളുടെ എണ്ണത്തില്‍ 1.33 ശതമാനം കുറവുണ്ടായി. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസത്തിനിടയില്‍ 2.34 ലക്ഷം പ്രവാസികളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട് സ്വദേശിവല്‍ക്കരണത്തിന് ആക്കം കൂട്ടിയതായി തൊഴില്‍മന്ത്രാലയം വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മൂന്ന് ലക്ഷത്തിലധികം മലയാളികളടക്കം എട്ട് ലക്ഷം വിദേശികളെ പിരിച്ചുവിട്ട് സൗദിയില്‍ നിന്ന് കുടിയിറക്കിയെന്ന മന്ത്രാലയത്തിന്റെ കണക്ക് കഴിഞ്ഞ ദിവസം ‘ജനയുഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് വര്‍ഷത്തെ മൊത്തം കുടിയിറക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യപാദത്തില്‍ത്തന്നെ രണ്ടര ലക്ഷത്തോളം പ്രവാസികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടതില്‍ നിന്നും സ്വദേശിവല്‍ക്കരണം അതിന്റെ പരമകാഷ്ടയിലേക്ക് നീങ്ങുന്നുവെന്നു വേണം അനുമാനിക്കാന്‍.

Saudi

കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം മാര്‍ച്ച് അവസാനം വരെയും 700, 200 പ്രവാസികളാണ് തൊഴിലില്‍ നിന്ന് പുറത്തെറിയപ്പെട്ടതെന്ന കണക്കും മന്ത്രാലയം പുറത്തുവിട്ടു. പക്ഷേ തീവ്രസ്വദേശിവല്‍ക്കരണംമൂലം ഈ കാലയളവില്‍ തൊഴില്‍ ലഭിച്ച സ്വദേശികള്‍ വെറും 89,000 മാത്രം. 25നും 30നും മധ്യേ പ്രായമുള്ള യുവാക്കളില്‍ സ്വദേശിവല്‍ക്കരണംമൂലം ജോലി ലഭിച്ചവര്‍ വെറും 16.9 ശതമാനം. മൊബൈല്‍, ഫാര്‍മസി, നഴ്‌സിങ്, പാരാമെഡിക്കല്‍, ചില്ലറ വില്‍പനമേഖലകളില്‍ പ്രവാസിവനിതകളാണ് പിരിച്ചുവിടപ്പെടുന്നവരില്‍ നല്ലൊരു പങ്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.