Wednesday
19 Sep 2018

സൗദി കാറ്റിന് സ്ത്രീസ്വാതന്ത്ര്യഗന്ധമോ

By: Web Desk | Friday 6 October 2017 1:51 AM IST

ഗീതാ നസീര്‍

”നിക്കാഹിന് സമ്മതം. പക്ഷേ ചില കണ്ടീഷനുകളുണ്ട്. ഒന്ന് പുത്തന്‍ കാറ് വാങ്ങിത്തരണം, രണ്ട് ഓടിക്കാന്‍ അനുവദിക്കണം, മൂന്ന് വിവാഹശേഷം തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കണം, നാല് ജോലി ചെയ്യാന്‍ തടസം നില്‍ക്കരുത്.”- സ്ത്രീകളുടെ സ്വാതന്ത്ര്യം സ്വപ്നം കാണാന്‍പോലും കഴിയാതിരുന്ന സൗദി അറേബ്യയുടെ ഇന്നത്തെ മാറ്റമാണ് ഈ കണ്ടീഷനുകളിലൂടെ പ്രകടമാക്കപ്പെട്ടിരിക്കുന്നത്. ബിന്‍ അല്‍ ദായിര്‍ എന്ന സൗദി പെണ്‍കുട്ടിയുടെ ഈ ആവശ്യങ്ങളടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് തരംഗമായി മാറിയിരിക്കുന്നു. മെഹര്‍ നല്‍കണമെന്ന ഇസ്‌ലാം സന്ദേശം സ്ത്രീകള്‍ക്ക് ഇവിടെ തുണയാകാറുണ്ടെങ്കിലും ഇത്തരമൊരാവശ്യം ആദ്യമായാണ് സൗദിയില്‍ ഉയരുന്നത്.
സ്ത്രീധനത്തിന് അടിമപ്പെട്ട് വിവാഹം നടക്കാതെ പോകുന്ന, അഥവാ നടന്നാല്‍ തന്നെ കടക്കാരാകുന്ന വിവാഹശേഷം വീണ്ടും കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന, കൊലചെയ്യുന്ന നമ്മുടെ രാജ്യത്ത് സ്ത്രീസ്വാതന്ത്ര്യം മറ്റു പലതിലും അനുഭവിക്കുന്നുണ്ട് എങ്കിലും സൗദിയെപ്പോലൊരു രാജ്യത്തെ മാറ്റം ലോകത്തെ സ്ത്രീസമൂഹം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. മെഹര്‍ അഥവാ പെണ്‍പണമെന്നത് മറ്റു ചില സ്വാതന്ത്ര്യങ്ങള്‍ കൂടിയായി മാറുകയാണിവിടെ. ഈ അടുത്തകാലത്തായി സൗദി സ്ത്രീകള്‍ പൊരുതി നേടിയ വിജയം ചരിത്രസംഭവമാകുന്നുണ്ട്. വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം മുതല്‍ മതപുരോഹിതരാകാനുള്ള അവകാശം വരെ സ്ത്രീകള്‍ ഇവിടെ നേടിയിരിക്കുന്നു.
സൗദിയുടെ സാമൂഹ്യാവസ്ഥയെക്കുറിച്ച് കേണല്‍ സഫര്‍ മെഹ്മൂദ് കവാര്‍, ബഹാദ്ദീന്‍ സക്കറിയ സര്‍വകലാശാലയില്‍ അവതരിപ്പിച്ച 236 പേജുള്ള തന്റെ തീസിസ് പേപ്പറില്‍ സൗദിയിലെ സ്ത്രീ അവസ്ഥകളെക്കുറിച്ചും പദവികളെക്കുറിച്ചും വിശദമാക്കുന്നുണ്ട്. പെണ്‍ഭ്രൂണഹത്യ അറേബ്യന്‍ ഗോത്രവര്‍ഗസമൂഹത്തില്‍ നിലനിന്നിരുന്നു എന്നും സ്ത്രീകളെ ആടുമാടുകളെപ്പോലെയാണ് കൈകാര്യം ചെയ്തിരുന്നതെന്നും അതില്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഖുറാന്‍ അവതരിച്ചതോടെ ഇവ പൂര്‍ണമായും നിര്‍ത്തലാക്കി. പക്ഷേ ലോകപുരോഗതിക്കൊപ്പം സ്ത്രീയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ യാഥാസ്ഥിതികരായ മതപുരോഹിതന്മാര്‍ തയാറായില്ല. പുരുഷാധിപത്യ മേല്‍ക്കോയ്മ എല്ലാ സമുദായത്തിലുമെന്നപോലെ അവിടെയും ശക്തിയോടെ നിലകൊണ്ടു. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഇത് കൈകടത്തിയത് മുഖം മറയ്ക്കാനുള്ള നിബന്ധനയോടെയാണ്. പൊടിക്കാറ്റിനെ നേരിടാന്‍ അവിടെ സ്ത്രീയും പുരുഷനും സമാനമായ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ സ്ത്രീ മുഖം കൂടി മറയ്ക്കണമെന്ന ശാസനയാണ് പുറപ്പെടുവിച്ചത്. രാജസ്ഥാനടക്കമുള്ള മരുഭൂമികള്‍ നില്‍ക്കുന്ന പ്രദേശത്തെ ജനങ്ങള്‍ തലപ്പാവും വായയും മൂക്കും പൊത്തിയുള്ള ശിരോവസ്ത്രവും ധരിക്കാറുണ്ട്. എന്നാല്‍ മിതശീതോഷ്ണമേഖലകളിലെ സ്ത്രീകളെ പര്‍ദ്ദയ്ക്കുള്ളിലാക്കുന്ന തന്ത്രം മതപുരോഹിതന്മാര്‍ അടിച്ചേല്‍പ്പിക്കുന്നത് സൗദിയെ ഉദാഹരണമാക്കിയാണ്.
കടുത്ത പൗരോഹിത്യം നിയന്ത്രിക്കുന്ന രാജഭരണകൂടമാണ് സൗദിയില്‍ അധികാരമേറ്റത്. ഇന്നും ആ ഭരണമാണവിടെ തുടരുന്നത്. 1960 ല്‍ മാത്രമാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു പ്രത്യേക പരിപാടിക്ക് അവര്‍ രൂപം നല്‍കിയത്. 1970 ന്റെ മധ്യത്തോടെ പകുതിയോളം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ കഴിഞ്ഞു. 1980 ലാണ് പെണ്‍കുട്ടികള്‍ക്കായി ആറ് സര്‍വകലാശാലകള്‍ ആരംഭിക്കുന്നത്. അന്തരിച്ച മുന്‍ ഭരണാധികാരി ഫഹദ് രാജകുമാരന്റെ പ്രത്യേക ശ്രമഫലമായി ഡോക്ടര്‍, അധ്യാപികമാര്‍, സാമൂഹ്യ സേവകര്‍, സംപ്രേക്ഷകര്‍ ഒക്കെയായി ധാരാളം സ്ത്രീകള്‍ രംഗത്തെത്തി. ഇതോടെ മാറ്റത്തിന്റെ കാറ്റ് പതുക്കെ വീശിത്തുടങ്ങി.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തെ 134 രാജ്യങ്ങളില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ജെന്‍ണ്ടര്‍ സമിതി 2009ല്‍ നടത്തിയ പഠനത്തില്‍ സൗദി അറേബ്യയുടെ സ്ഥാനം 130 ആയിരുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചതോടെ 2011 ല്‍ വോട്ടു ചെയ്യാനുള്ള അവകാശം സ്ത്രീകള്‍ക്ക് നല്‍കാമെന്ന് അബ്ദുള്ള രാജാവ് ഉറപ്പുനല്‍കി. തുടര്‍ന്നുവന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ വോട്ടുചെയ്യുക മാത്രമല്ല മത്സരിച്ച് അധികാരത്തില്‍ വരികയും ചെയ്തു. പിന്നീട് ഉയര്‍ന്നുവന്ന വലിയൊരു പ്രതിഷേധം വാഹനം ഓടിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. വാഹനമോടിച്ച ഷൈമ ജസ്താനിയ എന്ന സ്ത്രീക്ക് പത്ത് അടി ശിക്ഷയായി വിധിച്ചതോടെ സ്ത്രീകള്‍ രോഷാകുലരായി. സ്ത്രീകള്‍ ഈ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തിയതോടെ ശിക്ഷ റദ്ദാക്കിയെങ്കിലും അനുമതി നിഷേധിക്കുകതന്നെ ചെയ്തു. എല്ലാ എതിര്‍പ്പുകളേയും മറികടന്ന് സ്ത്രീകള്‍ വാഹനമോടിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാട്ടം തുടര്‍ന്നതോടെ 2017 സെപ്റ്റംബര്‍ 26ന് ഇപ്പോഴത്തെ ഭരണാധികാരി സല്‍മാന്‍ രാജാവ് സ്ത്രീകള്‍ക്ക് അനുമതി നല്‍കി.
എന്നാല്‍ ഇതിനേക്കാളൊക്കെ ഗൗരവമായ ചില സ്വത്വ പ്രഖ്യാപനങ്ങള്‍ക്ക് ഇതിനിടയില്‍ സൗദി സ്ത്രീകള്‍ തുടക്കമിടുന്നുണ്ടായിരുന്നു. അത്തരമൊരു പ്രതിരോധ സമരമായിരുന്നു ഞങ്ങള്‍ക്ക് രക്ഷകന്‍ വേണ്ട #ക മാ ാ്യ ീംി ഴൗമൃറശമി എന്ന സോഷ്യല്‍ മീഡിയ സമരം. സൗദിയില്‍ സ്ത്രീകള്‍ക്ക് എന്ത് ചെയ്യണമെങ്കിലും പിതാവ്, ഭര്‍ത്താവ്, സഹോദരന്‍, മകന്‍ ഇവരില്‍ ആരുടെയെങ്കിലും സമ്മതപത്രം ആവശ്യമാണ്. ഉപരിപഠനത്തിനും മറ്റും പോകുന്ന പെണ്‍കുട്ടികള്‍ക്ക് ഇത് നല്‍കാന്‍ വിസമ്മതം വന്നതോടെ പലരുടെയും ഉപരിപഠന സ്വപ്നങ്ങള്‍ പൊലിയാന്‍ തുടങ്ങി. മാത്രമല്ല സ്വത്ത് തൊഴില്‍ എന്നിവയുടെ കാര്യത്തിലും സ്ത്രീകള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥ. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അവകാശത്തിന് വേണ്ടി സജീവമായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ആക്ടിവിസ്റ്റായ അസീസ അല്‍ യൂസഫ് തന്നെയാണ് ഇതിനും തുടക്കമിട്ടത്. ഈ ആവശ്യം ഉന്നയിച്ച് അവരിട്ട ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് അടുത്ത നിമിഷത്തില്‍ തന്നെ 15,000 സ്ത്രീകളുടെ പിന്തുണ വരികയുണ്ടായി.
ലോകത്തെ ഞെട്ടിച്ച മറ്റൊരു സംഭവമുണ്ടാകുന്നത് 2013 ഏപ്രില്‍ 17, 18 തീയതികളിലായാണ്. ബുര്‍ക്കയ്ക്കുള്ളിലെ രണ്ട് കണ്ണുകള്‍ മാത്രം പുറത്തുകാണുന്ന ഒരു സ്ത്രീയുടെ മുഴുവര്‍ണ ചിത്രവുമായി അന്ന് സൗദിയിലെ ദേശീയ പത്രങ്ങള്‍ പുറത്തിറങ്ങി. ചിലത് മൂടിവയ്ക്കാനാവില്ല എന്ന ഒറ്റവാചകം മാത്രം ചിത്രത്തിനോടൊപ്പം കൊടുത്തു. ജനങ്ങള്‍ ആകാംക്ഷാഭരിതരായി- ”എത്രനാള്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ കാര്‍പ്പറ്റിനടിയില്‍ മൂടിവെയ്ക്കാന്‍ നമുക്കാകും-” എന്ന ചോദ്യത്തോടൊപ്പം സ്ത്രീ പീഡനങ്ങള്‍ അറിയിക്കാനുള്ള പ്രാദേശിക ഷെല്‍ട്ടറുകളുടെ ഫോണ്‍ നമ്പറുകള്‍ അടക്കമുള്ള പരസ്യം സൗദിയുടെ സാമൂഹ്യചരിത്രത്തിലെ ആദ്യ വിസ്‌ഫോടനമായിരുന്നു. സൗദി രാജാവ് ഖാലിദിന്റെ നാമധേയത്തിലുള്ള ഫൗണ്ടേഷനാണ് ഈ പരസ്യത്തിന് ചുക്കാന്‍ പിടിച്ചത്. റിയാദ് ആസ്ഥാനമായ മെമക് ഒഗില്‍വി എന്ന പരസ്യക്കമ്പനി തികച്ചും അടഞ്ഞ സമൂഹമായ സൗദിയില്‍ ഇത്തരമൊരു പരസ്യം എങ്ങനെ ചെയ്യുമെന്ന ശങ്കയാല്‍ ആദ്യം ഒന്ന് മടിച്ചെങ്കിലും സൗദി രാജ്ഞിയുടെ പിന്തുണയും പ്രേരണയും തുണയായതോടെ അവര്‍ മുന്‍പോട്ട് പോയി. എന്തിനാണ് സത്യം വിളിച്ചു പറയാന്‍ ഇത്ര മടിക്കുന്നതെന്ന ചോദ്യമാണ് അവര്‍ തിരിച്ചുചോദിച്ചത്.
ഇപ്പോള്‍ സ്ത്രീകള്‍ സൗദിയില്‍ ഉന്നയിക്കുന്ന ഒരു പ്രശ്‌നവും മതവിരുദ്ധമായതല്ലെന്നാണ് ഈ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്. പൗരോഹിത്യം പുരുഷന്റെ മാത്രം കുത്തകയാകുന്നതാണ് ഇതിനൊക്കെ കാരണമെന്ന തിരിച്ചറിവില്‍ നിന്നാകണം എന്തായാലും ആ മേഖലയിലേക്കും സ്ത്രീകള്‍ കടന്നുകയറ്റം നടത്തിക്കഴിഞ്ഞു. പെണ്‍ മുഫ്തിമാര്‍ക്കും മതശാനകള്‍ (ഫത്‌വ) പുറപ്പെടുവിക്കാമെന്ന രാജഭരണകൂട തീരുമാനം മറ്റ് മത പുരോഹിതന്മാരെ ഞെട്ടിച്ചിരിക്കുന്നു. ഏതാണ്ട് 45 വര്‍ഷമായി സ്ത്രീകള്‍ ഉയര്‍ത്തുന്ന ഈ ആവശ്യം ഇന്ന് സഫലീകൃതമായിരിക്കുന്നു. സൗദിയിലെ മുഖ്യപുരോഹിതന്‍ മുഫ്തി അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ള വാഹനമോടിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ശക്തമായി എതിര്‍ത്തിരുന്നെങ്കിലും ആ എതിര്‍പ്പ് മറികടന്നാണ് രാജഭരണം അവകാശം സ്ത്രീകള്‍ക്ക് നല്‍കിയത്. ഇതുകൂടാതെ ഇതുവരെ നിഷിദ്ധമായിരുന്ന ടൂറിസം കായികമേഖലകളിലും വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള പദ്ധതി അവിടുത്തെ തൊഴില്‍ മന്ത്രാലയം ആസൂത്രണം ചെയ്യുകയാണ്. വിഷന്‍ 2030 ലക്ഷ്യമിടുന്നത് പുതിയൊരു സൗദി രാഷ്ട്രമാണെന്ന് ഭരണത്തലവന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത് ഏതര്‍ഥത്തിലാണെന്നതിന്റെ സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സൗദി സ്ത്രീകള്‍ വര്‍ഷങ്ങളയി കാത്തിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ കവാടം മലര്‍ക്കെ തുറക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Related News