Friday
20 Jul 2018

പ്രവാസി ദന്തഡോക്ടര്‍മാരെ സൗദി നാടുകടത്തുന്നു

By: Web Desk | Thursday 23 November 2017 12:21 AM IST

പ്രത്യേക ലേഖകന്‍

റിയാദ്: സൗദി അറേബ്യയിലെ പ്രവാസി ദന്തഡോക്ടര്‍മാരെ ഒന്നടങ്കം നാടുകടത്തുന്നു. ഇതിന്റെ മുന്നോടിയായി തലസ്ഥാനമായ റിയാദില്‍ സേവനമനുഷ്ഠിക്കുന്ന വിദേശി ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കിനല്‍കുന്നതല്ല. ഈ തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ രാജ്യമൊട്ടാകെ വ്യാപിപ്പിക്കും. ഇതോടെ നൂറുകണക്കിന് മലയാളി ഡോക്ടര്‍മാര്‍ക്കാണ് സൗദി വിടേണ്ടിവരിക.
വിദേശത്തുനിന്നുള്ള ദന്ത ഡോക്ടര്‍മാര്‍ക്ക് പുതിയ തൊഴില്‍ വിസ നല്‍കുന്നതല്ലെന്നും സൗദി തൊഴില്‍ – സിവില്‍ മന്ത്രാലയം വ്യക്തമാക്കി. പ്രവാസി ദന്ത ഡോക്ടര്‍മാരുടെ കരാര്‍ കാലാവധി തീരുന്നമുറയ്ക്ക് സ്വദേശികളെ കുടിയിരുത്താനാണ് ഈ തീരുമാനമെന്നും വിശദീകരണമുണ്ട്. എന്നാല്‍ 15 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ പരിചയസമ്പന്നരായ പ്രവാസി ഡോക്ടര്‍മാര്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കി നല്‍കും. ഇത്തരത്തില്‍പ്പെടുന്നവര്‍ എണ്ണത്തില്‍ തീരെ കുറവാണുതാനും. വിദഗ്ധരായ ഇത്തരം ഡോക്ടര്‍മാരെ ലഭിക്കാത്തതാണ് ഈ ഇളവിനു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ പ്രവാസി ഡോക്ടര്‍മാരെ നിയമിക്കേണ്ടിവന്നാല്‍പോലും തൊഴില്‍ കരാര്‍ ഒരു വര്‍ഷത്തേയ്ക്ക് മാത്രമായിരിക്കുമെന്നും വിശദീകരണമുണ്ട്.
ഭക്ഷണശൈലിയും മധുരത്തോടുള്ള അമിതാസക്തിയും മൂലം ഗള്‍ഫ് മേഖലയിലും മധ്യപൂര്‍വദേശത്തും ഏറ്റവുമധികം ദന്ത രോഗികളുള്ളത്. പുതിയ കുടിയിറക്കുനയത്തെത്തുടര്‍ന്ന് സൗദി അറേബ്യയിലെ ദന്താരോഗ്യമേഖല വഷളാകുമെന്ന് ഇതിനിടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Related News