Saturday
18 Nov 2017

സൗദി: അഴിമതിക്കാര്‍ തട്ടിയത് ഏഴ് ലക്ഷം കോടി രൂപ

By: Web Desk | Saturday 11 November 2017 6:48 AM IST

കെ രംഗനാഥ്

റിയാദ്: സൗദിഅറേബ്യയില്‍ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി അറസ്റ്റിലായ രാജകുമാരന്മാരടക്കമുള്ള 201 പേര്‍ ചേര്‍ന്ന് പൊതുഖജനാവില്‍ നിന്ന് അപഹരിച്ചത് ഏഴ് ലക്ഷം കോടിയോളം രൂപയെന്ന് ഔദേ്യാഗിക വെളിപ്പെടുത്തല്‍.
ഇതു പ്രാഥമിക കണക്കാണ്. അനേ്വഷണം പൂര്‍ത്തിയാകുമ്പോള്‍ ഇത് പത്ത് ലക്ഷം കോടിയോളമാകുമെന്നാണ് സൂചന. അനേകവര്‍ഷങ്ങളിലെ അഴിമതിയുടെ കണക്കെടുപ്പാണ് നടന്നുവരുന്നതെന്ന് സൗദി അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മുജീബ് അറിയിച്ചു. കിരീടാവകാശിയായ സല്‍മാന്‍ രാജകുമാരന്‍ അധ്യക്ഷനായ ദേശീയ അഴിമതി വിരുദ്ധ കമ്മിഷന്‍ ശനിയാഴ്ച ആരംഭിച്ച അറസ്റ്റുകളില്‍ 11 രാജകുമാരന്മാരും നാല് മന്ത്രിമാരും മുന്‍ മന്ത്രിമാരും വന്‍കിട ബിസിനസുകാരുമടക്കം 208 പേര്‍ വലയിലായി. ഇവരില്‍ ഏഴുപേരെ മതിയായ തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. എന്നാല്‍ വിട്ടയയ്ക്കപ്പെട്ടവരില്‍ രാജകുമാരന്മാര്‍ ആരുമില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയം വ്യക്തമാക്കി. മോചിതരായവരില്‍ ഒരു രാജകുമാരനുമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ഈ വിശദീകരണം.
എന്നാല്‍ അറസ്റ്റിലായ ഒരു മുന്‍ മന്ത്രിയുടെ അഴിമതികളുടേയും സ്വജനപക്ഷപാതത്തിന്റെയും വിശദാംശങ്ങള്‍ ഔദേ്യാഗികമായി പുറത്തുവിട്ടിട്ടുണ്ട്. വേണ്ടപ്പെട്ട ചില വകുപ്പുമേധാവികളുടെ പ്രതിമാസ ശമ്പളം 30 ലക്ഷത്തോളം രൂപയായി ഉയര്‍ത്തിയ ഇയാള്‍ ശതകോടികളാണ് ചില കരാര്‍ കമ്പനികള്‍ക്ക് പൊതുഖജനാവില്‍ നിന്ന് ചോര്‍ത്തിക്കൊടുത്തത്. ഈ തുകയില്‍ ഏറിയ പങ്കും ഈ മുന്‍മന്ത്രിയുടെ കീശയിലേയ്ക്കുതന്നെ തിരിച്ചൊഴുകിയെന്നും കണ്ടെത്തി. ഇയാള്‍ തന്റെ ചില ബന്ധുക്കളെ കണ്‍സള്‍ട്ടന്റുമാരെന്ന വ്യാജ തസ്തികകളില്‍ നിയമിച്ചും കോടികള്‍ തട്ടി.
ഭരണത്തിലും രാജകുടുംബത്തിലും നിര്‍ണായക സ്വാധീനമുണ്ടായിരുന്ന രാജകുമാരന്മാരടക്കമുള്ള കൊമ്പന്‍സ്രാവുകളെ അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ ഭാഗമായി അകത്താക്കിയ കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ ജനപ്രീതി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നുവെന്നും വിവിധ പാശ്ചാത്യസ്ഥാപനങ്ങള്‍ ഇതിനിടെ നടത്തിയ സര്‍വേകളില്‍ വ്യക്തമായിട്ടുണ്ട്.