Sunday
21 Jan 2018

സൗദിയിൽ ഹൗസ് ഡ്രൈവര്‍മാർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട്

By: Web Desk | Tuesday 14 November 2017 9:20 AM IST

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി പ്രാബല്യത്തില്‍ വരുന്നതോടെ ഹൗസ് ഡ്രൈവര്‍മാരില്‍ പകുതി പേര്‍ക്കും തൊഴില്‍ നഷ്​ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. 50 ശതമാനത്തോളം ഹൗസ് ഡ്രൈവര്‍മാരുടെ സേവനത്തില്‍ നിന്ന് സ്വദേശി കുടുംബങ്ങള്‍ മുക്തമാവുമ്പോള്‍ രാജ്യത്തിന്റെ ബജറ്റില്‍ 16.5 ബില്യന്‍ റിയാല്‍ കുറക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വര്‍ഷത്തില്‍ 33 ബില്യന്‍ റിയാല്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി രാജ്യം ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഹൗസ് ഡ്രൈവര്‍മാരുടെ ചെലവ് കുറക്കുന്നതോടെ രാജ്യത്തെ ആളോഹരി വരുമാനത്തില്‍ 64 ബില്യന്‍ റിയാലി​​െൻറ വര്‍ധനവുണ്ടാവുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയംരാജ്യത്ത് ഡ്രൈവിഗ് ലൈസന്‍സ് നേടുന്നതിന് വിവിധ മേഖലകളിലുള്ള ഡ്രൈവിംഗ് സ്‌കൂളുകളില്‍ നടത്തുന്ന പരിശീലനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസ് ഉയര്‍ത്തിയേക്കും. ഇത് സംബന്ധിച്ച ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ സൗദി ട്രാഫിക് ഡയറക്ടറിന് നിര്‍ദേശം സമര്‍പിച്ചു.

ഡ്രൈവിംഗില്‍ നേരത്തെ പരിശീലനം ലഭിച്ച വനിതകള്‍ക്ക് സ്‌കൂളില്‍ ആറു മണിക്കൂര്‍ പരിശീലനം നല്‍കാനും അല്ലാത്തവര്‍ക്ക് 90 മണിക്കൂര്‍ പരിശീലനം നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറിനു അറുപത് മുതല്‍ എഴുപത് റിയാല്‍ ചാര്‍ജീടാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.