Thursday
19 Jul 2018

കരമനയാറിനെയും കിള്ളിയാറിനെയും സംരക്ഷിക്കണം

By: Web Desk | Thursday 27 July 2017 4:45 AM IST

അനന്തപുരിയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ഏക കുടിവെള്ള സ്രോതസായ കരമനയാറും കിള്ളിയാറും മാലിന്യം നിറഞ്ഞും മണൽവാരൽമൂലം കരയിടിഞ്ഞും ഒഴുക്ക്‌ നിലച്ചും കാട്‌ കയറിയും നശിച്ചുകൊണ്ടിരിക്കുന്നു. ഈ രീതി തുടർന്നാൽ അധികം താമസിയാതെ ഈ രണ്ട്‌ പുഴകളും ചരിത്രമായിത്തീരും.
മാലിന്യങ്ങൾ വാരിയെറിഞ്ഞും ആശുപത്രികളിലേയും വീടുകളിലേയും ഖര-ജൈവ കക്കൂസ്‌ മാലിന്യങ്ങൾ ഒഴുക്കിവിട്ടും അറവുശാലകളിലെ, ഇറച്ചിമാലിന്യങ്ങൾ കൊണ്ടിട്ടും നാനാതരത്തിൽ പുഴകളെ കൊന്നുകൊണ്ടിരിക്കുന്ന കാപാലികർക്കെതിരെ സത്വരവും കർശനവും വിട്ടുവീഴ്ചയില്ലാത്തതുമായ കടുത്ത ശിക്ഷാ നടപടികൾ അനിവാര്യമായിരിക്കുന്നു. ഒന്ന്‌ സങ്കൽപ്പിച്ച്‌ നോക്കുക, കരമനയാർ ഇല്ലെങ്കിൽ, ഈ നദി നശിച്ചാൽ തലസ്ഥാനനഗരിയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങൾ കുടിവെള്ളത്തിനായി എന്ത്‌ ചെയ്യും? ഗ്രാമപ്രദേശങ്ങളിലാണെങ്കിൽ കിണർ വെള്ളമെങ്കിലും ഉണ്ടാവും. നഗരങ്ങളിൽ അതിന്‌ നിവൃത്തിയില്ലല്ലോ? തിരുവനന്തപുരത്തും സമീപ മുനിസിപ്പൽ-പഞ്ചായത്ത്‌ പ്രദേശങ്ങളിലും ജനങ്ങൾക്ക്‌ കുടിവെള്ളം കിട്ടുന്നത്‌ കരമനയാറിൽ അരുവിക്കരയിലും പേപ്പാറയിലുമുള്ള അണക്കെട്ടുകളിലെ ജലസംഭരണികളിൽ നിന്നും കരമനയാറിൽ അവിടവിടെ സ്ഥാപിച്ചിട്ടുള്ള പമ്പുഹൗസുകൾ വഴിയുമാണ്‌.
കേരളത്തിലെ 44 നദികളും മാലിന്യ നിക്ഷേപത്താലും മണൽവാരൽമൂലവും മറ്റും ഭീഷണി നേരിടുകയാണ്‌. കേരളത്തിലങ്ങളോമിങ്ങോളമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ കുടിവെള്ളം നൽകുന്നത്‌ ഏറിയപങ്കും ഈ നദികൾ തന്നെയാണ്‌. ഈ നദികളൊന്നും സ്വയം നശിക്കുകയല്ല. ഈ നദികൾകൊണ്ട്‌ ഉപജീവനം നടത്തുന്നവർ തന്നെയാണ്‌ പുഴകളെ നശിപ്പിക്കുന്നത്‌. പ്രകൃതി സ്നേഹികളും മറ്റും വല്ലപ്പോഴും നദീസംരക്ഷണത്തെപ്പറ്റിയൊക്കെ അധികാരിവർഗത്തോട്‌ കയർത്തതുകൊണ്ടൊന്നും ഫലമുണ്ടാവുമെന്ന്‌ തോന്നുന്നില്ല. പുഴകളെ കൊല്ലാതെ കൊല്ലുന്നവരെ ക്രിമിനൽ വകുപ്പ്‌ ചുമത്തി കേസെടുത്ത്‌ ശിക്ഷിക്കാൻ തക്കവണ്ണമുള്ള നിയമനിർമാണം ഉണ്ടാവണം.
കരമനയാറിന്റെ ഉത്ഭവസ്ഥാനമായ സഹ്യാദ്രിസാനുക്കളിലെ അഗസ്ത്യാർകൂടം മല മുതൽ പുഴ കടലിൽ ചേരുന്ന തിരുവല്ലം പനത്തുറ വരെയുള്ള രണ്ടുവശങ്ങളേയും ഉൾക്കൊള്ളുന്ന പഞ്ചായത്ത്‌ വാർഡ്‌ മെമ്പർമാരും നെടുമങ്ങാട്‌, നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിലർമാരും തിരുവനന്തപുരം നഗരസഭ കൗൺസിലർമാരും എംഎൽഎമാരും എംപിമാരും ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളും പുഴ-പ്രകൃതി സംരക്ഷണ പ്രവർത്തകരും സാമൂഹ്യ-സാംസ്കാരിക-സാമുദായിക സംഘടനാ പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും റസിഡന്റ്സ്‌ അസോസിയേഷനുകളും അധ്യാപകരും വിദ്യാർഥികളും യുവജനങ്ങളും ആരോഗ്യ-ജല അതോറിട്ടി ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും നിയമജ്ഞരും നിയമപാലകരും ഉൾക്കൊള്ളുന്ന ഒരു ബൃഹത്തായ കരമനയാർ-കിള്ളിയാർ സംരക്ഷണ സമിതി രൂപീകരിക്കാൻ ഒട്ടും താമസമില്ലാതെ സർക്കാർ മുൻകൈ എടുക്കണം. രണ്ട്‌ പുഴകളും കടന്നുപോകുന്ന പഞ്ചായത്ത്‌-നഗരസഭാ പ്രദേശങ്ങളിലെ പുഴയുടെ ഭാഗം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അതാത്‌ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും നൽകുകയും ഇതിന്റെ സമ്പൂർണ മേൽനോട്ടം പുതുതായി രൂപീകരിക്കുന്ന കരമനയാർ-കിള്ളിയാർ സംരക്ഷണസമിതിയിൽ നിക്ഷിപ്തമാക്കുകുയം വേണം.
പിരപ്പൻകോട്‌ സുശീലൻ
തിരുവനന്തപുരം