Saturday
23 Jun 2018

കാരുണ്യക്കടല്‍

By: Web Desk | Sunday 27 August 2017 1:28 AM IST

പത്മേഷ് കെ വി

കാസര്‍ഗോഡ് ബദിയടുക്ക കിളിംഗാറിലെ സായിറാം ഭട്ടിന്റെ വീട് ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. അശരണരുടേയും ആലംബഹീനരുടേയും അഭയകേന്ദ്രം. ജീവിതത്തില്‍ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊക്കെയുമ്പോകുമ്പോള്‍ അവര്‍ ക്ഷേത്ര വിശുദ്ധിയുള്ള ആ വീട്ടിലേക്ക് ഓടിയെത്തും. അവര്‍ക്കറിയാം തങ്ങളുടെ പരാധീനതകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന്. മാനവസേവയാണ് യഥാര്‍ത്ഥ മാധവസേവയെന്നു തിരിച്ചറിഞ്ഞ സായിറാം ഭട്ട് എന്ന മനുഷ്യ സ്‌നേഹി അവിടെയുണ്ട്. ഒരു ആശ്വസിപ്പിക്കല്‍, ജീവിതയാത്രയില്‍ തളര്‍ന്നു വീഴുമ്പോള്‍ ഒരു കൈതാങ്ങ്. അത് അവര്‍ക്ക് അവിടെനിന്ന് ലഭിക്കും. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍രൂപമാണ് സായിറാം ഭട്ട്.
മാനവ സേവ, മാധവസേവ
സാമ്പത്തിക പരാധീനതകള്‍കൊണ്ട് ബുദ്ധിമുട്ടുന്ന നിര്‍ദ്ധനര്‍ വീടിന് വേണ്ടി അവസാനം ചെന്നെത്തുന്നതും സായിറാം ഭട്ടിന്റെ വീട്ടിലാണ്. തൂവെള്ളയില്‍ പൊതിഞ്ഞ്, തെളിഞ്ഞ പുഞ്ചിരിയോടെ നടന്നു നീങ്ങുന്ന ഈ മനുഷ്യന്‍ ഇതിനകം നിര്‍മ്മിച്ചു നല്‍കിയത് 248 വീടുകള്‍. രണ്ട് വീടുകളുടെ നിര്‍മ്മാണം ഇപ്പോള്‍ അന്തിമ ഘട്ടത്തിലും. നാലെണ്ണത്തിന്റെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. വേദ പുസ്തകങ്ങളിലെ ആപ്ത വാക്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്ന സായിറാം അശരണര്‍ക്ക് ഈശ്വര തുല്യന്‍. അംഗീകാരത്തിനുവേണ്ടിയല്ല അദ്ദേഹം ഇതൊക്കെ ചെയ്യുന്നത്. ഒരു നിയോഗം പോലെയാണ് ആ ദൗത്യം അദ്ദേഹം ഏറ്റെടുത്തത്. 1996ല്‍ ഒരു കാശിയാത്രയോടെയായിരുന്നു അത്. കാശിയാത്രക്കുള്ള ഒരുക്കത്തിനിടയില്‍ കിളിങ്ങാര്‍ കോടിങ്കാറിലെ അബ്ബാസ്, തന്റെ വീട് തകര്‍ന്ന ദുരവസ്ഥ പറഞ്ഞപ്പോള്‍ കാശിയാത്ര ഉപേക്ഷിച്ച് , അതിനായി കരുതിവെച്ച പണം വീട് നിര്‍മ്മിക്കാന്‍ നല്‍കി. ഇതൊരു യാത്രയുടെ തുടക്കമായിരുന്നു. കാരുണ്യ യാത്ര. കാശിയിലേക്കല്ല, മനുഷ്യമനസുകളിലേക്ക്. മനുഷ്യ സ്‌നേഹത്തിന്റെ വാതായനങ്ങള്‍ തേടിയുള്ള യാത്ര. നിരാലംബര്‍ക്ക് വീടും നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യവും ഒരുക്കിയുള്ള യാത്ര.
കാശി യാത്രയേക്കാളും മഹത്തരം
ഒരു പ്രസ്ഥാനത്തിന്റെയും ഒരു വ്യക്തിയുടെയും പിന്‍ബലമില്ലാതെയാണ് ഈ മനുഷ്യന്‍ തന്റെ സ്വന്തമായുള്ള പത്തേക്കര്‍ കൃഷി ഭൂമിയിലെ ആദായവും പാരമ്പര്യ ചികിത്സയില്‍ നിന്ന് കിട്ടുന്ന വരുമാനവും ഉപയോഗിച്ച് നിര്‍ദ്ധനര്‍ക്ക് വീടു നിര്‍മിച്ച് നല്‍കുന്നത്. ദാനം ചെയ്യാന്‍ തീരുമാനിച്ചാല്‍ അതിനുള്ള വഴി വന്നെത്തുമെന്ന് സായിറാം പറയുന്നു. നാല്‍പതിനായിരം രൂപയില്‍ തുടങ്ങിയ വീട് നിര്‍മ്മാണം ഇപ്പോള്‍ മൂന്ന് ലക്ഷം വരെയായി. രണ്ട് മുറിയും അടുക്കളയും ഉള്‍പ്പെടെയുള്ള കൊച്ചുവീടിന്റെ നിര്‍മ്മാണത്തിന് ആദ്യകാലത്ത് ഭട്ട് ബജറ്റിട്ടത് 40,000 രൂപയായിരുന്നു. പിന്നീട് അത് ഒരു ലക്ഷവും 1.4 ലക്ഷവുമായി. പുതുതായി നിര്‍മ്മിക്കുന്ന വീടിന് മൂന്ന് ലക്ഷം രൂപയാണ് ചെലവ്. കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് തന്റെ കര്‍മ പഥത്തിലൂടെ കിട്ടിയ സന്തോഷം താന്‍ നടത്തിയ 218 കാശിയാത്രയേക്കാളും മഹത്തരമാണെന്ന് പറയുമ്പോള്‍ സായിറാംഭട്ടിന്റെ കണ്ണുകളില്‍ സംതൃപ്തിയുടെ തിളക്കം. എല്ലാവരോടും സായിറാമിന് പറയാനുള്ളത്, മനസ്സിനുള്ളില്‍ തന്നെ ക്ഷേത്രം നിര്‍മ്മിക്കണമെന്നാണ്. അനര്‍ഹര്‍ക്ക് ഒരിക്കലും ദാനം ചെയ്യരുതെന്ന് സായിറാം പറയും. അതുകൊണ്ട്, തന്നെ സമീപിക്കുന്നവരുടെ ചുറ്റുപാടുകള്‍ നേരിട്ട് മനസ്സിലാക്കിയാണ് വീട് നിര്‍മിച്ച് കൊടുക്കുക. ഇവിടെ ജാതിയുടേയോ മതത്തിന്റേയോ അതിര്‍വരമ്പുകളില്ല. സാന്ത്വനത്തിന്റെ സ്‌നേഹ സ്പര്‍ശം മാത്രം. വീട് വെക്കാന്‍ അനുയോജ്യമായ സ്ഥലം നോക്കുന്നതും കുറ്റിയടിക്കുന്നതും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതുമെല്ലാം സായിറാംഭട്ടാണ്. സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലം വിലകൊടുത്തു വാങ്ങിയും വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുമുണ്ട്.
കൃഷീവലന്‍
പഴയ കളരി ആശാനായ സായിറാംഭട്ട് രാവിലെ നാലു മണിയോടെ എഴുന്നേറ്റ് കൃഷിയിടത്തിലെത്തുന്നു. തെങ്ങും കവുങ്ങും കൊക്കോയും നിറഞ്ഞ ഈ ജൈവകൃഷിതോട്ടം കണ്ണിന് കുളിര്‍മയേകുന്നതാണ്. വെള്ളരിയും മത്തനും കുമ്പളവും പാവലും പടവലവും പച്ചമുളകുമെല്ലാം തോട്ടത്തിലുണ്ട്. എല്ലാറ്റിനും മേല്‍നോട്ടം വഹിക്കുന്നത് സായിറാം തന്നെ. രാവിലെ എട്ടുമണിവരെ കൃഷിജോലികളില്‍ മുഴുകുന്ന സായിറാം പിന്നീട് തന്നെ കാണാനെത്തുന്ന രോഗികള്‍ക്ക് ചികിത്‌സ നിര്‍ദ്ദേശിക്കുകയും ചെയ്യും. ചികിത്സയ്ക്കും മരുന്നിനും കണക്ക് പറഞ്ഞ് പണം വാങ്ങാറില്ല. അവിടെയൊരുക്കിയ ഭണ്ഡാരത്തില്‍ ഇഷ്ടമുള്ളത് നിക്ഷേപിക്കാം. വീട് നിര്‍മ്മാണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല സായിറാം ഭട്ടിന്റെ സേവനപ്രവൃത്തികള്‍. ഇതിനകം 24 യുവതികള്‍ക്കാണ് സമൂഹ വിവാഹത്തിലൂടെ മംഗല്യസൗഭാഗ്യം നല്‍കിയത്. വിവാഹം ലളിതമാക്കണമെന്ന ആശയം ഉള്‍ക്കൊണ്ട് ഇദ്ദേഹം സ്വന്തം മകന്റെയും മകളുടേയും വിവാഹം ലളിതമായാണ് നടത്തിയത്. ഇതേ വിവാഹപന്തലില്‍ നിര്‍ദ്ധന യുവതികളുടെയും വിവാഹം നടത്തി. താലിമാലയും വിവാഹ വസ്ത്രങ്ങളും സായിറാംഭട്ട് തന്നെ നല്‍കി. യുവാക്കള്‍ക്ക് സ്വയം തൊഴില്‍ നല്‍കുന്നതിന് 14 ഓട്ടോ റിക്ഷകളും ഇദ്ദേഹം വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ചിലര്‍ ഓട്ടോ റിക്ഷ വില്‍ക്കാന്‍ തുടങ്ങിയതോടെ ഈ ഉദ്യമം ഉപേക്ഷിച്ചു.
അതിഥി ദേവോ ഭവ:
കാസര്‍ഗോഡ് ടൗണില്‍നിന്നും വിദ്യാനഗര്‍ വഴി സീതാംഗോളിയിലേക്കുള്ള പാതയില്‍ തുളുനാട്ടിലൂടെ എട്ടുകിലോമീറ്ററോളം സഞ്ചരിച്ചാല്‍ കിന്‍ഫ്ര പാര്‍ക്കിനടുത്തുള്ള കന്യാന എന്ന കൊച്ചുഗ്രാമത്തിലെത്താം. വിശാലമായി പരന്നുകിടക്കുന്ന കരിമ്പാറ പ്രദേശവും അതിനു ഓരംചേര്‍ന്ന പച്ചപ്പാര്‍ന്ന കവുങ്ങിന്‍തോട്ടങ്ങളും അങ്ങിങ്ങ് ചില വീടുകളും. ഇവിടം തുളുവും കന്നഡയും മലയാളവും ഉറുദുവും മറാത്തിയും ഹിന്ദിയും ഒക്കെ സംസാരിക്കുന്നവരുടെ ഗ്രാമീണ സാംസ്‌കാരികത കളിയാടുന്നു. ടിപ്പുവിന്റെ പടയോട്ടവും പ്രതാപവും മായിപ്പാടി രാജകുടുംബ മഹിമയുമെല്ലാംകൊണ്ട ചരിത്രത്തില്‍ ഇടംനേടിയിട്ടുണ്ട് ഈ പ്രദേശം. അഭയംചോദിച്ചാല്‍ ആരേയും തിരിച്ചയക്കാത്ത കുടുംബമായിരുന്നു സായിറാംഭട്ടിന്റേത്. അച്ഛന്‍ കൃഷ്ണഭട്ടും അമ്മ സുബ്ബമ്മയും ദാനധര്‍മ്മത്തില്‍ പേരുകേട്ടവരായിരുന്നു. എന്നാല്‍ സായിറാംഭട്ട് എന്ന് അറിയപ്പെടുന്ന ഗോപാലകൃഷ്ണഭട്ടിലൂടെയാണ് ഈ ഉള്‍നാടന്‍ ഗ്രാമം ലോകമറിയുന്നത്.

 

 

Related News