Saturday
26 May 2018

എസ്ബിഐക്ക് മൂന്നാംപാദത്തില്‍ 2,416 കോടിയുടെ നഷ്ടം

By: Web Desk | Saturday 10 February 2018 10:34 PM IST

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 2,416.37 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. കിട്ടാക്കടങ്ങളും ബോണ്ട് നിക്ഷേപവുമാണ് ഇത്രയും നഷ്ടത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന് 2610 കോടിരൂപയുടെ ലാഭമുണ്ടായിരുന്നു. 2017 ഏപ്രിലില്‍ അഞ്ച് ബാങ്കുകള്‍ ലയിപ്പിച്ച ശേഷമാണ് ഈ നഷ്ടം. 1999ന് ശേഷം ആദ്യമായാണ് ബാങ്ക് ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത്രയും വലിയ നഷ്ടം നേരിടുന്നത്. 1999ല്‍ ബാങ്കിന് നേരിട്ടത് 115 കോടിരൂപയുടെ നഷ്ടമായിരുന്നു.
ഈ പാദത്തില്‍ ബാങ്കിന് 25,830 കോടിയുടെ കിട്ടാക്കടമാണുളളത്. റിസര്‍വ് ബാങ്ക് എസ്ബിഐയുടെ രേഖകള്‍ പരിശോധിക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. 2,329 കോടിരൂപ വരുമാനമില്ലാത്ത ആസ്തികളുടെ കൂട്ടത്തില്‍ പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍പാദങ്ങളില്‍ ഇത്തരത്തില്‍ 3,000 കോടിരൂപ എന്‍പിഎയില്‍ പെടുത്തിയിട്ടുണ്ട്.
കോര്‍പ്പറേറ്റ് വായ്പകളാണ് മൂന്നാംപാദത്തില്‍ ബാങ്കിന്റെ 90ശതമാനം നഷ്ടത്തിനും ഇടയാക്കിയത്. ബോണ്ടുകളുടെ മൂല്യം വര്‍ദ്ധിച്ചതുമൂലം ബാങ്കിന് ഈ കാലയളവില്‍ 3,500 കോടിയുടെ നഷ്ടമുണ്ടായി. ഇതിന് പുറമെ ട്രഷറികളില്‍ നിന്നുളള വരുമാനം കഴിഞ്ഞ വര്‍ഷത്തെ 3,000 കോടിയില്‍ നിന്ന് ആയിരം കോടിയായി ഇടിഞ്ഞതും കനത്ത ആഘാതമായി.
പ്രതിവര്‍ഷം ബാങ്കിന്റെ ബാധ്യത ആയിരം കോടി രൂപ വീതം വര്‍ധിച്ച് 18,876 കോടിയിലെത്തി. നോണ്‍ പെര്‍ഫോമിങ് അസറ്റില്‍ നിന്നുളള നഷ്ടം 17,760 കോടിയായി. മുന്‍വര്‍ഷമിത് 7,255 കോടി മാത്രമായിരുന്നു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വരുമാനമില്ലാത്ത മൊത്തം ആസ്തിയുടെ ബാധ്യത 1.99 ലക്ഷം കോടിയായിരുന്നു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇത് 1.86 ലക്ഷം കോടിരൂപയായിരുന്നു.
രജനീഷ് കുമാര്‍ എസ്ബിഐ മേധാവിയായി ചാര്‍ജെടുത്ത ശേഷം ആദ്യമായാണ് ബാങ്കിന്റെ ആസ്തി -ബാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കിട്ടാക്കടങ്ങള്‍ക്ക് മേല്‍ നടപടിയെടുക്കാനുളള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ശുഭാപ്തി വിശ്വാസക്കാരനാണെങ്കിലും 45 ദിവസം കൊണ്ട് അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നും ജനുവരി-മാര്‍ച്ച് പാദത്തെക്കുറിച്ചുളള ചോദ്യത്തിന് ഉത്തരമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.