Thursday
24 Jan 2019

എസ്ബിഐ: മിനിമം തുക പിഴ കുറച്ചു

By: Web Desk | Tuesday 13 March 2018 11:09 PM IST

മുംബൈ:

മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനം കുറവ് വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നേരത്തെ മെട്രോ നഗരങ്ങളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴ തുക 50 രൂപയായിരുന്നു ഈടാക്കിയത്. ഇത് 15 രൂപയാക്കി കുറച്ചു.

അര്‍ധനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍ നിന്ന് 12, 10 രൂപയുമായാണ് കുറവുവരുത്തിയത്. പിഴ തുകയ്ക്ക് പുറമെ ജിഎസ്ടി കൂടി നല്‍കേണ്ടിവരും. മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തതിന്റെ പേരില്‍ എട്ട് മാസം കൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് പിഴതുക കുറയ്ക്കാന്‍ ബാങ്ക് അധികൃതരെ പ്രേരിപ്പിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയ്ക്ക് 25 കോടി ഉപഭോക്താക്കളുണ്ട്. തീരുമാനം ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.