Wednesday
18 Jul 2018

സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്വാശ്രയ സ്‌കൂളുകള്‍ അടച്ചുപൂട്ടില്ലെന്ന്

By: Web Desk | Saturday 23 September 2017 8:42 PM IST

കോഴിക്കോട്:

സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്വാശ്രയ സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് ഓള്‍ കേരളാ സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍. വിദ്യാഭ്യാസ വകുപ്പിന്റേത് നിയമവിരുദ്ധ നോട്ടീസാണെന്നും കേരളാ വിദ്യാഭ്യാസ നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെടുമെന്നും ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളും അടച്ചു പൂട്ടില്ല. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ തയ്യാറെടുത്തപ്പോള്‍ അപേക്ഷ പോലും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കിനു കാരണം ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കുറവാണ്. അതിന്റെ പേരില്‍ സ്വാശ്രയ സ്ഥാപനങ്ങളെ പഴിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ് സ്‌കൂളുകളില്‍ ഡിവിഷന്‍ വര്‍ദ്ധിപ്പിച്ച് പുതിയ തസ്തികള്‍ സൃഷ്ടിച്ച് അധ്യാപക നിയമനത്തിന് ലക്ഷങ്ങള്‍ കോഴ വാങ്ങുന്ന ചില മാനേജ്‌മെന്റുകളെ സഹായിക്കാനാണ് പുതിയ നിര്‍ദ്ദേശത്തിലൂടെ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ ഭാരവാഹികളാ ജഗത്മയന്‍ ചന്ദ്രപുരി, സത്യന്‍ അഭയഗിരി എന്നിവരും സംബന്ധിച്ചു.

Related News