Monday
18 Dec 2017

സ്‌കൂള്‍ ലൈബ്രറിക്കായി കുട്ടികളുടെ പുസ്തകപ്പയറ്റ്

By: Web Desk | Wednesday 4 October 2017 4:42 PM IST

വടക്കേ മലബാറില്‍ സുപരിചിതമായ പണപ്പയറ്റ് മാതൃകയില്‍ പുസ്തകപ്പയറ്റ്
കോഴിക്കോട്: ലൈബ്രറി ഒരുക്കാന്‍ സ്‌കൂളില്‍ പണപ്പയറ്റ് മാതൃകയില്‍ പുസ്തകപ്പയറ്റ്. കുറ്റ്യാടി എംഐയുപി സ്‌കൂളിലാണ് ‘കലാം അക്ഷരവീട് ‘ എന്ന പദ്ധതിക്കായി പുസ്തകപ്പയറ്റ് സംഘടിപ്പിച്ചത്. 10,000 പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉദ്ദേശിക്കുന്നത്. ഈ മാസം 21 ന് ജില്ലാ കലക്റ്റര്‍ യു വി ജോസ് അക്ഷരവീട് ഉദ്ഘാടനം ചെയ്യും.
വടക്കേ മലബാറില്‍ സുപരിചിതമായ പണപ്പയറ്റ് മാതൃകയില്‍ സംഘടിപ്പിച്ച  പുസ്തകപ്പയറ്റ് രാവിലെ 10ന് ആരംഭിച്ചു. പുസ്തകങ്ങള്‍ കൈമാറിയ നാട്ടുകാര്‍ പയറ്റു പുസ്തകത്തില്‍ പേര് രേഖപ്പെടുത്തി സൗഹൃദം പങ്കുവച്ചു. പുസ്തകപ്പയറ്റിനുള്ള  ക്ഷണക്കത്തുകള്‍ തയ്യാറാക്കി  നേരത്തെത്തന്നെ പിടിഎ ഭാരവാഹികള്‍ നാട്ടുകാര്‍ക്ക് എത്തിച്ചിരുന്നു. പണപ്പയറ്റിന്റെ മാതൃകയിലായിരുന്നു കത്തുകള്‍ തയ്യാറാക്കിയത്. പൂര്‍വവിദ്യാര്‍ഥി സംഘടനയും പരിപാടിയുമായി സഹകരിച്ചു. രാവിലെ സ്‌കൂള്‍ അസംബ്ലിക്ക് ശേഷം പയറ്റ്  ആരംഭിച്ചു. മികച്ച പ്രതികരണമാണ് നാട്ടുകാരില്‍നിന്ന് ലഭിക്കുന്നതെന്ന് ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് ജമാല്‍ കുറ്റ്യാടി പറഞ്ഞു.
കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി എന്‍ ബാലകൃഷ്ണന്‍ ആദ്യപുസ്തകം കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം  ഡോ. ഡി സചിത്ത്,  പിടിഎ പ്രസിഡന്റ് സി എച്ച് ഷരീഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി ശ്രീനിജ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്റ്റാഫ് സെക്രട്ടറി എ കെ എം സലീം, പൂര്‍വവിദ്യാര്‍ഥി സംഘടനാ സെക്രട്ടറി വി പി മൊയ്തു, ശ്രീജേഷ് ഊരത്ത്, കെ പി ആര്‍ അഫീഫ്, എം ഷെഫീഖ്,  വി കെ റഫീഖ്, മൈലിശേരി ജമീല, കെ പി റഷീദ്, കൊല്ലാണ്ടി അഷറഫ്, എന്‍ പി സൈഫുല്ല  തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാര്‍ മേഖലയില്‍ പ്രത്യേകിച്ച് വടകര, നാദാപുരം,  കുറ്റ്യാടി ഭാഗങ്ങളില്‍ നടന്നുവരുന്ന പലിശരഹിത പണമിടപാട് സംവിധാനമാണ് പണപ്പയറ്റ്. സാമ്പത്തിക പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ പൂര്‍വ്വികര്‍ ആവിഷ്‌ക്കരിച്ച ഈ സംവിധാനം വഴി നാടിന്റെ ഐക്യവും ബന്ധങ്ങളും ഊട്ടിയുറപ്പിക്കപ്പെട്ടു. പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാവരും ആ കൂട്ടായ്മയില്‍ പങ്കാളികളായി. കാലം മാറിയപ്പോള്‍ പണപ്പയറ്റ് ഉള്‍പ്പെടെ ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴാണ് ഇതേ മാതൃകയില്‍ പുസ്തകപ്പയറ്റ് നടന്നത്.