Tuesday
22 Jan 2019

പ്രവേശനോത്സവത്തിന് മുമ്പ് സംസ്ഥാന സ്കൂളുകളെ ഹൈടെക് ആക്കും: മന്ത്രി

By: Web Desk | Tuesday 16 October 2018 9:59 PM IST

ബാലരാമപുരം: അടുത്ത അദ്ധ്യയനവർഷ പ്രവേശനോത്സവത്തിന് മുമ്പ് സംസ്ഥാനത്തെ സ്കൂളുകൾ ഹൈടെക്ക് ആക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബാലരാമപുരം ഹയർസെക്കൻഡറി സ്കൂൾ ദേശീയനിലവാരത്തിലേക്ക് ഉയ‌ർത്തുന്നതിന്റെ തറക്കല്ലിടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
800 കോടി രൂപയാണ് സ്കൂളുകൾ ദേശീയനിലവാരത്തിലേക്ക് ഉയർത്തുവാൻ സർക്കാർ ചെലവിടുന്നത്. എൽ.പി.സ്കൂളുകളും ഈ വർഷം ഹൈടെക്ക് ആക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 300 കോടി രൂപ അനുവദിച്ചു. ഹൈടെക് പഠനരീതി നടപ്പാക്കാൻ വേണ്ട പരിശീലനവും അദ്ധ്യാപകർക്ക് ഇതിനോടകം നൽകി കഴിഞ്ഞു. ഇതോടെ ഇന്ത്യയിൽ ആദ്യമായി സ്കൂളുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർന്നാൽ മാത്രമേ സ്കൂളുകൾ ഹൈടെക് ആവുകയുള്ളൂവെന്നും കേരളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാരും വിദ്യാഭ്യാസ വകുപ്പും നടത്തുന്നതെന്ന്  മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു മുഖ്യപ്രഭാഷണം നടത്തി പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി, വൈസ് പ്രസിഡന്റ് ഷാമിലാബീവി,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ശോഭനകുമാരി, കെ.ഹരിഹരൻ, ബിന്ദു.ആ‍ർ.കെ, ബ്ലോക്ക് മെമ്പർമാരായ അഡ്വ.ഡി.സുരേഷ് കുമാർ, എസ്. ജയചന്ദ്രൻ, എസ്.വീരേന്ദ്രകുമാർ, വാർഡ് മെമ്പർ എ.എം.സുധീർ, പ്രിൻസിപ്പൽ അമൃതകുമാരി, ഹെഡ്മിസ്ട്രസ് ജയശ്രീ.എസ്, സ്വാഗതസംഘം രക്ഷാധികാരി സുപ്രിയ സുരേന്ദ്രൻ,  ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി നോർത്ത് പ്രസിഡന്റ് പുന്നക്കാട് ബിജു, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,  മുസ്ലിം ലീഗ് കോവളം മണ്ഡലം ജനറൽ സെക്രട്ടറി ഹുമയൂൺ കബീർ, സി.എം.പി നേതാവ് എം.നിസ്താർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഇ.എം.ബഷീർ, സമിതി നേമം ഏരിയാ കമ്മിറ്റി സെക്രട്ടറി സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കെ. പ്രീജ സ്വാഗതവും പി.ടി.എ പ്രസിഡന്റ് അൽജവാദ് നന്ദിയും പറഞ്ഞു.
Related News