Thursday
24 Jan 2019

ശാസ്ത്രത്തിന്റെ അറിവുകള്‍ കേരളീയ പ്രത്യേകതകളുള്ള പദ്ധതികളായി മാറണം

By: Web Desk | Sunday 1 April 2018 8:42 PM IST

1970 കാലഘട്ടത്തില്‍ സി അച്യുതമേനോന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ ചരിത്രം സൃഷ്ടിക്കുന്ന ചില നീക്കങ്ങള്‍ നടത്തുകയും അതിന്റെ ഗുണഫലം കേരളം ഇന്നും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. 40-50 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ നേട്ടങ്ങള്‍ക്ക് കേരളം വഴിമരുന്നിട്ടതെങ്കിലും ആ നേട്ടങ്ങളുടെ വളര്‍ച്ചയും വികാസവും ഉറപ്പുവരുത്തി മുന്നേറുന്നതില്‍ കേരളം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ അധികാര വികേന്ദ്രീകരണം പോലെയുള്ള ചിലകാര്യങ്ങളില്‍ പുത്തന്‍ വളര്‍ച്ച തുടര്‍ന്നുള്ള കാലഘട്ടത്തില്‍ കൈവരിക്കുകയും ചെയ്തു. ആധുനിക ലോകം കൈവരിച്ച ശാസ്ത്രത്തിന്റെ അറിവുകള്‍, കേരളത്തിന്റെ പ്രത്യേകതകള്‍ ഉള്‍കൊള്ളുന്ന പദ്ധതികളായി മാറണം. ഇത്തരം പദ്ധതികള്‍ക്ക് ഭാവനാപൂര്‍വ്വം നേതൃത്വം നല്‍കാന്‍ കേരളത്തിലെ ഭരണ -രാഷ്ട്രീയ-സിവില്‍സര്‍വീസ് നേതൃത്വങ്ങള്‍ക്ക് കഴിയുകയും വേണം.
ഇവിടെ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഒരു കാര്യം കേരള സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് മാര്‍ച്ച് 22, 23 തീയതികളില്‍ കൊച്ചിയില്‍വച്ച് ആഗോള ഡിജിറ്റല്‍ സംഗമം (# FUTURE)) ഫലപ്രദമായി സംഘടിപ്പിക്കുകയും പുതിയ കുതിപ്പുകളെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ചിറകുമുളപ്പിക്കുകയും ചെയ്തു എന്നുള്ളതാണ്. ആയുര്‍വേദത്തിലും അലോപ്പതിയിലും അടക്കം മരുന്നു നിര്‍മ്മാണ മേഖലയില്‍ വലിയ സാധ്യതകളാണ് കേരളത്തിനുള്ളത്. ഈ രംഗത്ത് ആവശ്യമായത്ര ഗവേഷണ സാധ്യത ഇവിടെ തന്നെ വളര്‍ത്തിയെടുക്കാനാകും. വിവിധങ്ങളായ ഔഷധച്ചെടി തോട്ടങ്ങള്‍ വ്യാപകമാക്കല്‍, അവയുടെ ശേഖരണവും വിതരണവും കുറ്റമറ്റതാക്കല്‍, മരുന്നിന്റെ ഉത്പാദനവും വിപണനവും ശാസ്ത്രീയമായി നടപ്പിലാക്കള്‍ ഇക്കാര്യങ്ങളില്‍ കേന്ദ്രീകൃതമായ നീക്കമുണ്ടായാല്‍ അത് വളര്‍ച്ചാനിരക്കിലും സാമ്പത്തിക ഭദ്രതയിലും വലിയ നേട്ടമായി മാറും. പാല്‍, മുട്ട, മാംസം, ഇല, പൂവ്, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ സ്വയംപര്യാപ്തതയ്ക്കുള്ള സാദ്ധ്യത വളരെ അടുത്താണ്. മത്സ്യസമ്പത്തിലൂടെയുള്ള സാമ്പത്തിക നേട്ടം നിലവില്‍ 50-60 ശതമാനം ഇടത്തട്ടുകാര്‍ കൊണ്ടുപോകുകയാണ്. യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് വ്യാപകമായി രൂപം നല്‍കി അവരെ ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനും അത് ശേഖരിക്കാനും വിപണനം നടത്താനും കഴിയുകയും ചെയ്താല്‍ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തില്‍ അത് പുരോഗതി കൊണ്ടുവരുമെന്ന് മാത്രമല്ല, കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് അത് വലിയൊരു താങ്ങായി മാറുകയും ചെയ്യും.
കെട്ടിട നിര്‍മ്മാണത്തിനുവേണ്ടി വരവ് അറിയാതെ എത്ര തുകയും ചെലവഴിക്കുന്ന ശീലമാണ് പൊതുവെ മലയാളികള്‍ക്കുള്ളത്. ഈ വീടുകളിലൊക്കെയും സോളാര്‍ വൈദ്യുതി ഉപയോഗപ്പെടുത്തുക തികച്ചും സാധ്യമായ കാര്യമാണ്. വ്യാപകമായ രീതിയില്‍ ബയോഗ്യാസും ഉപയോഗിക്കാനാകും. മഴവെള്ള സംഭരണി, മാലിന്യ സംസ്‌ക്കരണം ഇക്കാര്യങ്ങളിലും ഒരു കുതിച്ചുചാട്ടത്തിനുള്ള സാദ്ധ്യത നമ്മുടെ മുന്നിലുണ്ട്. സംസ്ഥാനത്തെ നാലിലൊന്ന് വീടുകളിലെങ്കിലും (ഉദ്ദേശം 20 ലക്ഷം വീടുകള്‍) ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയും. പക്ഷേ നിലവിലുള്ള രീതികളും പ്രചരണ തന്ത്രങ്ങളും കൊണ്ടുമാത്രം ഈ ലക്ഷ്യം കൈവരിക്കാനാകില്ല. ഈ രംഗത്ത് നല്ല ജാഗ്രത ഉണ്ടായാല്‍ കോടിക്കണക്കിന് രൂപയുടെ പുതിയ നിക്ഷേപം ഉണ്ടാകുകയും വൈദ്യുതി ഉത്പാദനം വര്‍ധിക്കുകയും ചെയ്യും. 2000 ചതുരശ്ര കിലോമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണം ഉള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നവരില്‍ നിന്ന് മൊത്തം ചെലവിന്റെ 20 ശതമാനം ഈടാക്കാവുന്ന രീതിയില്‍ കെട്ടിടനികുതി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചാല്‍ ആഡംബര കെട്ടിടങ്ങളുടെ നിര്‍മ്മാണം കുറയുകയും സര്‍ക്കാരിന്റെ വരുമാനം വര്‍ധിക്കുകയും ചെയ്യും. മണ്ണും വെള്ളവും മണലും തടിയും പാറയും പോലും അപൂര്‍വമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഇത്തരം ഒരു മാറ്റം അനിവാര്യമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്താനുള്ള കുറെ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയും അതിന്റെ ഗുണഫലം കണ്ടുതുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ രംഗത്ത് തുടര്‍ നടപടികള്‍ ആവശ്യമാണ്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ അടക്കം എല്ലാവര്‍ക്കും സൗജന്യമെന്നത് കേരളത്തിന്റെ ചെറിയ സമ്പദ്ഘടനയ്ക്ക് താങ്ങാനാകുന്ന കാര്യമല്ല. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു ശാസ്ത്രീയമായ പുനഃപരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണം.
കാര്‍ബണ്‍ രഹിത നിരത്തുകള്‍ കേരളത്തില്‍ സാധ്യമായ കാര്യമാണ്. ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, മാലിന്യ നിക്ഷേപം ‘0’ ആക്കല്‍ ഇവയും നടപ്പിലാക്കാന്‍ കഴിയും. വിദ്യാഭ്യാസം,ചികിത്സ, സര്‍ക്കാര്‍ ആഫീസുകളില്‍ നിന്നുള്ള സേവനം തുടങ്ങി ധാരാളം കാര്യങ്ങളില്‍ പ്രതീക്ഷയ്ക്ക് അപ്പുറമുള്ള നേട്ടങ്ങള്‍ ഇന്നത്തെ കേരളത്തിന് കൈവരിക്കാന്‍ കഴിയും. സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനും സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിനും സാംസ്‌ക്കാരിക രംഗം ആര്‍ജ്ജവമുള്ളതാക്കുന്നതിനും ഇത് വഴിതെളിക്കും എന്നത് ഉറപ്പാണ്. ശാസ്ത്രകുതിപ്പുകളുടെ വിശാലമായ കാഴ്ചപ്പാടില്‍ ഇക്കാര്യങ്ങള്‍ ചിന്തിക്കുമ്പോഴും ചര്‍ച്ചചെയ്യുമ്പോഴും കേരളം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട്. പലപ്പോഴും കണ്ടുവരുന്ന അസഹിഷ്ണുതയുടെ ശൈലി, എതിര്‍ അഭിപ്രായങ്ങള്‍ മാനിക്കാതിരിക്കല്‍, സംഘട്ടനങ്ങള്‍, കൊലപാതകങ്ങള്‍, അതിന്റെ തുടര്‍ച്ചയായുണ്ടാകുന്ന കോടതി കേസുകളും കോടതി വിധികളും, സിബിഐ ഇടപെടല്‍, മാധ്യമ വിചാരണ ഇതൊക്കെയും ഒരു ജനാധിപത്യ സമൂഹത്തില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം. പക്ഷേ ഇവിടെ എല്ലാ സീമകളും മറികടക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിന്റെ ഫലമായി കേരളത്തിലെ ജീവല്‍പ്രധാനമായ മുഖ്യ അജണ്ടകള്‍ പലപ്പോഴും അപ്രസക്തമാകുന്നു. ഇതിന്റെ ഫലമായി ക്രിമിനലുകളുടെ എണ്ണം പൊതുരംഗത്തും ജനാധിപത്യ സ്ഥാപനങ്ങളിലും വര്‍ദ്ധിച്ചുവരുന്നു. അപകടകരമായ ഒരവസ്ഥയാണിത്. കേരളത്തിന്റെ സമഗ്രമായ മാറ്റത്തിന് ജനങ്ങളുടെ പൊതു മനോഭാവത്തിലും പെരുമാറ്റത്തിലും ഭക്ഷണക്രമത്തിലും ആരോഗ്യകാര്യങ്ങളിലും ചിന്താ രീതികളിലും അടക്കം ഗുണകരമായ മാറ്റം ആവശ്യമാണ്. നിലവിലുള്ള നികുതിപിരിവുകൊണ്ടുമാത്രം ദീര്‍ഘകാല അടിസ്ഥാനത്തില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക സാധ്യമല്ല. അതിനാല്‍ ശാസ്ത്രം തെളിച്ചു തരുന്ന അനന്തമായ സാദ്ധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താന്‍ കേരളത്തിന്റെ മനസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ.