Friday
14 Dec 2018

ശാസ്ത്രം മനുഷ്യന് തുണയാകുമ്പോള്‍

By: Web Desk | Monday 21 August 2017 1:57 AM IST

ഡോ. ആര്‍ രാജേന്ദ്രന്‍

മലേറിയയെക്കുറിച്ച് 1892 മുതല്‍ പഠനം നടത്തുന്നതിന് കാരണമായത് ട്രോപ്പിക്കല്‍ മെഡിസിന്റെ പിതാവ് എന്നറിയപ്പെടുന്ന സര്‍ പട്രിക്ക് മാന്‍സന്റെ പ്രോത്സാഹനമായിരുന്നു. ഫൈലേറിയ (മന്ത്) രോഗത്തിന്റെ രോഗഹേതുവായ വിരകള്‍ കൊതുകിലൂടെയാണ് വ്യാപരിക്കുന്നതെന്ന് കണ്ടെത്തിയ വിഖ്യാത വൈദ്യശാസ്ത്ര ഗവേഷകനാണ് മാന്‍സന്‍.

നുഷ്യരില്‍ മലേറിയ പരത്തുന്നത് അനോഫലസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണെന്ന് 1897 ആഗസ്റ്റ് 20-ാം തീയതി സര്‍ റൊണാള്‍ഡ് റോസ് ശാസ്ത്രീയമായി തെളിയിക്കുകയുണ്ടായി. ചരിത്ര പ്രസിദ്ധമായ കണ്ടെത്തലിന്റെ ആദരസൂചകമായാണ് വര്‍ഷം തോറും ആ ദിനം കൊതുകുദിനമായി ആചരിക്കുന്നത്.
ഇന്ത്യയില്‍ ജനിച്ച് ഇവിടെ ജീവിച്ച റൊണാള്‍ഡ് റോസിനെ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ എന്നു വിളിച്ചാലും തെറ്റില്ല. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ ജനറല്‍ സര്‍ ക്യാമ്പെല്‍ ക്ലെയെ ഗ്രാന്റ് റോസിന്റേയും മെറ്റില്‍ഡ ചാര്‍ലോറ്റി എള്‍ഡര്‍റ്റണ്‍-ന്റെയും പത്ത് മക്കളില്‍ മൂത്ത മകനായി റൊണാള്‍ഡ് റോസ് 1857 മെയ് 13-ന് ഇന്ത്യയില്‍ അല്‍മോറ (ഇപ്പോഴത്തെ ഉത്തരാഖണ്ഡ്) എന്ന സ്ഥലത്ത് ജനിച്ചു. മെയ് 13-ന് ജനിച്ചവര്‍ ജീവിതത്തിലുടനീളം പരാജയത്തിന്റെ കയ്പ്‌നീര്‍ കുടിച്ച് ദൗര്‍ഭാഗ്യങ്ങള്‍ക്ക് ഇരയായിത്തീരുമെന്നായിരുന്നു അക്കാലത്തെ പ്രബലമായ വിശ്വാസം. പല വിശ്വാസങ്ങളും മനുഷ്യ മനസിന്റെ വികലമായ ചിന്തയുടെ അനന്തരഫലമാണെന്നും അത് സ്ഥായിയായതല്ലെന്നും റോസ് തന്റെ ജീവിതത്തിലൂടെ തെളിയിച്ചത് ചരിത്രത്തിന്റെ മറ്റൊരു നിയോഗമാകാം.
1874-ല്‍ ലണ്ടനില്‍ പഠനം ആരംഭിച്ച റോസ് 1879-ല്‍ ഇംഗ്ലണ്ടിലെ പ്രസിദ്ധമായ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിലെത്തി. പഠനം കഴിഞ്ഞ് ഇന്ത്യയില്‍ തന്നെ ഡോക്ടറായെത്തി. അന്നത്തെ മദ്രാസ്, ബര്‍മ, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
മലേറിയയെക്കുറിച്ച് 1892 മുതല്‍ പഠനം നടത്തുന്നതിന് കാരണമായത് ട്രോപ്പിക്കല്‍ മെഡിസിന്റെ പിതാവ് എന്നറിയപ്പെടുന്ന സര്‍ പട്രിക്ക് മാന്‍സന്റെ പ്രോത്സാഹനമായിരുന്നു. ഫൈലേറിയ (മന്ത്) രോഗത്തിന്റെ രോഗഹേതുവായ വിരകള്‍ കൊതുകിലൂടെയാണ് വ്യാപരിക്കുന്നതെന്ന് കണ്ടെത്തിയ വിഖ്യാത വൈദ്യശാസ്ത്ര ഗവേഷകനാണ് മാന്‍സന്‍. അദ്ദേഹത്തിന് ഏറെ പ്രിയങ്കരനായ ഗവേഷകനായാണ് റോസ് അറിയപ്പെട്ടിരുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒഴിവുകാലം ചെലവഴിക്കാന്‍ എത്തിയ മാന്‍സന്‍, റോസിനെ അവിടേക്ക് ക്ഷണിച്ചു. ഇരുവരും ഓക്‌സ്‌ഫോര്‍ഡ് തെരുവിലൂടെ നടക്കുന്ന വേളയിലാണ് മന്തുരോഗം വ്യാപിപ്പിക്കുന്നതുപോലെ മലേറിയ പരുത്തുന്നതിനും കൊതുകുകള്‍ക്ക് മുഖ്യ പങ്കുണ്ടാകാം എന്ന നിരീക്ഷണം റോസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതിന് സമാനമായ ഒരു നിരീക്ഷണം ലവേറന്‍ എന്ന വൈദ്യശാസ്ത്ര ഗവേഷകന്റെ പുസ്തകത്തില്‍ വായിച്ചിട്ടുള്ളതായി റോസും സൂചിപ്പിച്ചു.
ലവേറന്റെയും മാന്‍സന്റെയും നിരീക്ഷണങ്ങളുടെ പ്രചോദനം ഉള്‍ക്കൊണ്ട് റോസ് മലേറിയയുടെ രഹസ്യം തേടാന്‍ തന്നെ തീരുമാനിച്ചു. ഇംഗ്ലണ്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് 1895 മാര്‍ച്ച് 20-ന് റോസിന് മലേറിയയെ സംബന്ധിച്ച് തയ്യാറാക്കി അവതരിപ്പിച്ച ഏറ്റവും നല്ല ഉപന്യാസത്തിനുള്ള പാര്‍ക്ക് മെമ്മോറിയല്‍ പ്രൈസ് ലഭിച്ചു.
മാന്‍സന്‍ തന്റെ എഴുത്തിലൂടെ മലേറിയ പരത്തുന്നതില്‍ കൊതുകുകള്‍ക്ക് പങ്കുണ്ടെന്ന നിരീക്ഷണം ഒരിക്കല്‍ ശക്തമായി ഉന്നയിച്ചപ്പോള്‍ അതൊന്നു പരീക്ഷിക്കാന്‍ തന്നെ റോസ് തീരുമാനിച്ചു. ഇതിനായി രോഗബാധിതനായ ഒരു വ്യക്തിയെ കൊതുകുകളെ കൊണ്ട് കടിപ്പിക്കുകയും അതേ കൊതുകുകളെ ഒരു കുപ്പിയില്‍ വെള്ളം നിറച്ച് അതില്‍ സൂക്ഷിക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് രോഗമില്ലാത്ത ആളുകളെ ‘കൊതുകുവെള്ളം’ കുടിപ്പിച്ച് മലേറിയ വരുന്നതും നോക്കിയിരുന്ന റോസിന് പിന്നെയും നിരാശപ്പെടേണ്ടി വന്നു.
മലേറിയ പഠനം ഊര്‍ജ്ജസ്വലമായി നടന്നുകൊണ്ടിരിക്കെയാണു തികച്ചും അപ്രതീക്ഷിതമായി മദ്രാസില്‍ നിന്ന് മലേറിയ തീരെയില്ലാത്ത രാജപുത്താനയിലേയ്ക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റോസിന് ലഭിക്കുന്നത്. റോസിന്റെ ഗവേഷണത്തെ ഏറെ ബാധിക്കാന്‍ പോന്നതായിരുന്നു ഉത്തരവ്. ഗവേഷണത്തെ അട്ടിമറിക്കാന്‍ കരുതിക്കൂട്ടിയുള്ള ഒരു കരുനീക്കമായിരുന്നു അത്. ജോലി രാജിവച്ച് പുറുത്തുപോകുമെന്ന് റോസ് ഭീഷണി ഉയര്‍ത്തി. മാന്‍സന്റെ സമയോചിതമായ ഇടപെടല്‍ റോസിന് അനുഗ്രഹമായി. അതോടെ മലേറിയയെക്കുറിച്ച് തുടര്‍ന്നും പഠിക്കാന്‍ സര്‍ക്കാര്‍ റോസിനെ ചുമതലപ്പെടുത്തി.
1897 ഏപ്രില്‍ 22-ന് ഉട്ടാക്ക്മണ്ഡിലെ (ഊട്ടി) കുന്നിന്‍ താവളത്തിനടുത്തുള്ള സിഗാര്‍ പര്‍വ്വതനിരയുടെ ഓരത്തുള്ള കല്‍ഹുത്തി എന്ന സ്ഥലത്ത് പോകാനിടയായി. രണ്ട് മൂന്ന് ദിവസം റോസ് അവിടെ താമസിച്ചു. തുടര്‍ന്ന് റോസിന് മലേറിയ പിടിപെട്ടു. രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ പനി വരാന്‍ ഒരാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് റോസ് കരുതിയിരുന്നത്. രോഗാണുക്കളുടെ എണ്ണം കൂടിയാല്‍ നേരത്തെ തന്നെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും അത്തരത്തിലായിരിക്കാം തനിക്ക് പനി ബാധിച്ചതെന്നും റോസ് കരുതി.
മലേറിയ വ്യാപിപ്പിക്കാന്‍ പോന്ന പ്രത്യേകയിനം കൊതുകുകളുണ്ടെങ്കില്‍ അതിനെ പിടിച്ച് പരിശോധിക്കണമെന്ന ലക്ഷ്യത്തോടെ കല്‍ഹുത്തിയില്‍ റോസ് വീണ്ടും എത്തി. നോക്കാവുന്നയിടത്തൊക്കെ കൊതുകിനുവേണ്ടിയും കൂത്താടിയ്ക്ക് വേണ്ടിയും തിരഞ്ഞു. ഒരു സ്ഥലവാസി അഞ്ചു ചെറിയ കൊതുകുകളെ കൊണ്ടു വന്നു.
ഏകദേശം രണ്ടു വര്‍ഷത്തോളം താന്‍ ശേഖരിച്ചതും കീറി മുറിച്ച് പഠിച്ചതൊക്കെ മറ്റേതോ ഇനത്തില്‍പ്പെട്ട കൊതുകുകളാകാം. അവയ്ക്ക് മലേറിയ രോഗാണുക്കളെ വ്യാപിപ്പിക്കാനുള്ള ശേഷിയില്ലാതിരിക്കാം. അതിനാലാകാം എത്ര കഷ്ടപ്പെട്ടിട്ടും രോഗാണുക്കളെ കൊതുകിനുള്ളില്‍ കാണാന്‍ കഴിയാത്തത് – റോസ് കരുതി. 1897 ആഗസ്റ്റ് മാസം തന്റെ പരീക്ഷണശാലയില്‍ കൂത്താടി (ലാര്‍വ)-യില്‍ നിന്നും വളര്‍ത്തിയെടുക്കുന്ന കൊതുകുകളെ മലേറിയ രോഗികളെ കടിപ്പിച്ച് രോഗാണുവിന്റെ സാന്നിദ്ധ്യം തിട്ടപ്പെടുത്തുവാന്‍ റോസ് തയ്യാറെടുത്തു.
കൂത്താടിയില്‍ നിന്നും വളര്‍ത്തിയെടുത്ത പൂര്‍ണ്ണവളര്‍ച്ചയെത്തിയ കൊതുകുകള്‍ പരീക്ഷണത്തിനായി സജ്ജമായിരുന്നു. 1897 ഓഗസ്റ്റ് 16-ാം തീയതി 12.25 ന് ഹുസൈന്‍ ഖാന്‍ എന്ന മലേറിയ രോഗിയെ, തന്റെ ലാബില്‍ വളര്‍ത്തിയെടുത്ത പുള്ളിച്ചിറകുള്ള പത്ത് കൊതുകുകളെ, കടിപ്പിച്ച് കൊണ്ടാണ് റോസ് പരീക്ഷണത്തിന് തുടക്കമിട്ടത്. കേവലം അഞ്ച്മിനിട്ടുകൊണ്ട് പത്തുകൊതുകുകളും രക്തം കുടിച്ച് വീര്‍ത്തു. ഓരോ കൊതുകിനെയും പ്രത്യേകം നമ്പറിട്ട് ടെസ്റ്റ് ട്യൂബില്‍ ഇട്ട് സൂക്ഷിച്ചു. 12.40-12.50 നും ഇടയില്‍ എന്തെങ്കിലും പ്രത്യേകത കൊതുകിനുള്ളില്‍ കണ്ടെത്താനാകുമോ എന്ന് നിനച്ച് രണ്ട് കൊതുകുകളെ റോസ് കീറിമുറിച്ച് പരിശോധിച്ചു. വിചാരിച്ചതില്‍ നിന്ന് വ്യത്യസ്തമായി, കൊതുകിനുള്ളില്‍ മന്തുരോഗത്തിന്റെ ചെറുവിരകളെയാണ് കണ്ടെത്താനായത്. കാരണം മലേറിയ കൂടാതെ ഹുസൈന്‍ ഖാന് മന്തുരോഗബാധയും ഉണ്ടായിരുന്നു. അടുത്തദിവസം ഓഗസ്റ്റ് 17-ാം തീയതി പുള്ളിച്ചിറകുള്ള രണ്ട് കൊതുകുകളെ (നമ്പര്‍ 32,33) റോസ് കീറി മുറിച്ച് പരിശോധിച്ചു. എന്നാല്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. 18-ാം തീയതി റോസിന്റെ നോട്ടുബുക്കില്‍ ഒന്നും കുറിക്കാനുണ്ടായിരുന്നില്ല.
പരീക്ഷണം ആരംഭിച്ച് മൂന്നാമത്തെ ദിവസം, ഓഗസ്റ്റ് 19-ന് റോസ് രണ്ട് സുന്ദരികൊതുകുകളെ കൂടി (നമ്പര്‍ 34, 35) കീറിമുറിച്ച് പരിശോധിച്ചു. വളരെ ചെറുവലിപ്പത്തിലുുള്ള ശൂന്യമായ അറകള്‍ കൊതുകിന്റെ ഉദരത്തില്‍ കണ്ടതൊഴികെ മറ്റൊന്നും കണ്ടെത്താനായില്ല. റോസ് ഇത് ഗൗരവമായി എടുത്തതുമില്ല.
1895 ഓഗസ്റ്റ് 20 -മൂടിക്കെട്ടിയ ആകാശം, ഏറെചൂടും, വളരെ വിരസമായ ദിനം. അതിരാവിലെ ഏഴുമണിക്ക് റോസ് ആശുപത്രിയിലെത്തി. പതിവ് പോലെ രോഗികളെ നിരീക്ഷിച്ചതിനുശേഷം അവശ്യം വേണ്ട കത്തിടപാടുകള്‍ നടത്തി. മൂടിക്കെട്ടിയ ആകാശം പോലെ റോസിന്റെ മനസും മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. കാരണം രക്തം കുടിപ്പിച്ച് സൂക്ഷിച്ച ശേഷിക്കുന്ന മൂന്ന് കൊതുകുകളില്‍ ഒരെണ്ണം ചത്ത് വെള്ളത്തില്‍ വീണ് വീര്‍ത്ത് വികൃതമായിപ്പോയി. പുള്ളിച്ചിറകുള്ള കൊതുകിന്റെ കൂത്താടികളെ കൊണ്ടുവരാന്‍ റോസിന്റെ ആളുകള്‍ക്ക് കഴിയാതെ പോയതും അദ്ദേഹത്തിനെ ഏറെ നിരാശപ്പെടുത്തി. പ്രഭാത ഭക്ഷണശേഷം ടെസ്റ്റ് ട്യൂബിലുള്ള 36-ാം നമ്പര്‍ കൊതുകിനെ റോസ് കീറിമുറിച്ച് പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. ‘സ്റ്റീഗോമയ’ ഇനത്തില്‍പ്പെട്ട ഒരു കൊതുകിനെക്കൂടി ഓഗസ്റ്റ് 16-ാം തീയതി ഹുസൈന്‍ഖാനെ കടിപ്പിച്ച് 37-ാം നമ്പര്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു. അതിനെ കീറിമുറിച്ച് പരിശോധിച്ചെങ്കിലും രോഗാണുവിന്റേതായ ഒരു പ്രത്യേകതയും റോസിന് കണ്ടെത്താനായില്ല. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷിച്ച ഒരേ ഒരു കൊതുകിനെ, നമ്പര്‍ 38 രേഖപ്പെടുത്തിയ, ചിറകില്‍ പുള്ളികളുള്ള ഏഴാമത്തെ കൊതുകിനെ കീറിമുറിച്ച് പരിശോധിക്കാനൊരുങ്ങി. കൊതുകിന്റെ ശരീരത്തിനുള്ളിലെ എല്ലാ ഭാഗങ്ങളും സൂക്ഷ്മമായി റോസ് പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. ഇനി കൊതുകിന്റെ ഉദരം മാത്രമേ പരിശോധിക്കാന്‍ ബാക്കിയുള്ളു. വര്‍ഷങ്ങളായുള്ള പരിശ്രമം പാഴാകുമോ. കൈകള്‍ ചെറുതായി വിറയ്ക്കുന്നുവോ. കേവലം 12 മൈക്രോണ്‍ വ്യാസം മാത്രമുള്ള വൃത്താകൃതിയില്‍ ഒരു ബാഹ്യരേഖ ഉദരത്തില്‍ കാണുന്നു. ഒന്നല്ല, ഒന്നിന് പുറകെ മറ്റൊന്ന്. റോസിന്റെ കൈവിരലുകളില്‍ നിന്നും പരിശോധിച്ചുകൊണ്ടിരുന്നു സൂചി സ്വതന്ത്രമായി. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് കൂടി. പിന്നെ ശാന്തമായി. മനസിന് സന്തോഷം. ഒരു പുതുജീവന്‍ ലഭിച്ചതുപോലെ.
1897 ആഗസ്റ്റ് 20-ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് റോസ് കൊതുകിന്റെ ഉദരത്തില്‍ കണ്ടെത്തിയത് മലമ്പനി രോഗാണുവായ പ്ലാസ്‌മോഡിയം എന്ന പരജീവിയുടെ സിക്താണ്ഡ കോശത്തെയാണ്. അതായത് മലമ്പനി പരത്തുന്നത് അനോഫലസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ദിനം. മലമ്പനി രോഗാണുക്കളെ കൊതുകിന്റെ ഉദരത്തില്‍ കണ്ടെത്തിയ ആഗസ്റ്റ് 20 ലോക കൊതുകുദിനമായി ആചരിക്കണമെന്ന് റോസ് ആഹ്വാനം ചെയ്തു. കൊതുകുകള്‍ പക്ഷികളിലും മലമ്പനി പരത്തുന്നതില്‍ രോഗാണുവാഹകരായി വര്‍ത്തിക്കുന്നുവെന്ന് റോസ് 1898-ല്‍ കണ്ടെത്തി.
1899-ല്‍ റോസ് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിലെ ജോലി രാജിവച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങി. 1902-ല്‍ അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചു.
1932 സെപ്റ്റംബര്‍ 16-ന് 75-ാമത്തെ വയസില്‍ റോസ് ലോകത്തോടു യാത്ര പറഞ്ഞു. പുത്‌നി വാലി സെമിത്തേരിയില്‍ തന്റെ പ്രിയതമയുടെ കല്ലറയ്ക്ക് സമീപമാണ് റോസ് അന്ത്യവിശ്രമം കൊള്ളുന്നത്.