Saturday
18 Nov 2017

അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ ശാസ്ത്രാവബോധം വളരണം: മുഖ്യമന്ത്രി

By: Web Desk | Tuesday 14 November 2017 8:35 PM IST

കോഴിക്കോട്:

സാങ്കേതിക വിദ്യകള്‍ ഏറെ വികസിച്ചിട്ടും കേരളത്തില്‍ ശാസ്ത്രാവബോധം വളരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രത്തിന് പകരം അന്ധവിശ്വാസം ഇവിടെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. റുബല്ലാ വാക്‌സിനെതിരെ സംഘടിതമായ രീതിയിലുള്ള പ്രചരണമാണ് നടക്കുന്നത്. അന്ധവിശ്വാസമാണ് ഇത്തരം ആളുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് മാറണമെങ്കില്‍ ശാസ്ത്രാവബോധം വളരണമെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃത്വത്തില്‍ സി വി രാമന്‍, മേരി ക്യൂറി എന്നിവരുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശാസ്ത്രാവബോധ വാരാഘോഷത്തിന്റെ ഭാഗമായി നടന്ന കേരള റാലി ഫോര്‍ സയന്‍സിന്റെ സംസ്ഥാന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുരാണങ്ങളിലെ പരാമര്‍ശങ്ങളെ ശാസ്ത്രീയമാക്കി മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ അനാശാസ്യമായ ഇടപെടലുകളാണ് ഉണ്ടാവുന്നത്. ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ വരെ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ശാസ്ത്രീയമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ദുര്‍മന്ത്രവാദം പോലുള്ളവ വര്‍ദ്ധിച്ചുവരുന്നതായി വാര്‍ത്തകളുണ്ട്. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും ഇത്തരം കാര്യങ്ങളുടെ ഇരകളായി മാറുന്നത്. ശാസ്ത്രാവബോധം എന്ന വാക്ക് തന്നെ നെഹ്‌റുവിന്റെ സംഭാവനയാണ്. ഓരോ വ്യക്തിക്കുമുണ്ടാവേണ്ട വിശിഷ്ട ഗുണമാണ് ശാസ്ത്രാവബോധം. അയുക്തികളെ യുക്തികൊണ്ട് പകരംവയ്ക്കാന്‍ ശാസ്ത്രാവബോധമുള്ളവര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡോ സുരേഷ് ദാസ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചാത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് ടി ഗംഗാധരന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എന്‍ ശങ്കരന്‍, പ്രഫ കെ ശ്രീധരന്‍, ഡോ വി എസ് രാമചന്ദ്രന്‍, ഡോ എന്‍ സിജേഷ് സംസാരിച്ചു.
ഉച്ചയ്ക്ക് നടന്ന ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള മുഖാമുഖം ശാസ്ത്ര പാര്‍ലമെന്റ് എന്‍ ഐ ടി ഡയറക്ടര്‍ ഡോ: ശിവാജി ചക്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. ശാസ്ത്രജ്ഞരും ഗവേഷകരും അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ചേര്‍ന്നുള്ള ശാസ്ത്ര റാലിയും നടന്നു.