Wednesday
19 Sep 2018

ലോകം മുടിക്കുമെന്ന് ഭീഷണിയുള്ള പ്‌ളാസ്റ്റിക് പ്രതിസന്ധിക്ക് പരിഹാരവുമായി ശാസ്ത്രജ്ഞര്‍

By: Web Desk | Tuesday 17 April 2018 7:14 PM IST

പ്‌ളാസ്റ്റിക് ബോട്ടിലുകള്‍ വിഘടിപ്പിച്ചു നശിപ്പിക്കാന്‍ കഴിവുള്ള ഒരു ജൈവരസം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ലോകം മുടിക്കുമെന്ന് ഭീഷണിയുള്ള ഭീകര പ്രതിസന്ധിക്ക് പരിഹാരമാകുമെന്നനിലയില്‍ ഈ കണ്ടെത്തലിന് വലിയ പ്രാധാന്യമാണുള്ളത്.
2016ല്‍ ജപ്പാനിലെ ഒരു കുപ്പത്തൊട്ടിയിലാണ് പ്‌ളാസ്റ്റിക് തിന്നുന്ന അല്‍ഭുത ബാക്ടീരിയയെ യാദൃശ്ചികമായി ആദ്യം കണ്ടെത്തിയത്. പ്രകൃതിദത്തമായിരുന്നു ഇത്. ഈ ബാക്ടീരിയയുടെ നിര്‍ണായകമായ ജനിതകരഹസ്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയായിരുന്നു. അന്തര്‍ ദേശീയ ശാസ്ത്ര സംഘം നടത്തിയ പരീക്ഷണങ്ങളില്‍ പ്‌ളാസ്റ്റിക് ബോട്ടിലുകളില്‍ ഇത് ഏറെ ഫലപ്രദമെന്നുകണ്ടു. പോളിഎത്തിലീന്‍ ടെറെഫ്ത്താലേറ്റ് അഥവാ പെറ്റ് ബോട്ടിലുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാന്‍ ഇതിനു കഴിയുമെന്ന കണ്ടെത്തലാണ് നേട്ടം. സാധാരണഗതിയില്‍ 450ല്‍ അധികം വര്‍ഷം വേണം ഒരു പെറ്റ് ബോട്ടില്‍ വിഘടിക്കാന്‍. ഈ ജൈവരസത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പോലും ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകള്‍കൊണ്ടു മാത്രം സംഭവ്യമാകുന്ന വിഘടിപ്പിക്കല്‍ ദിവസങ്ങള്‍കൊണ്ട് നടക്കുന്നതായി ശാസ്ത്രസംഘത്തെ നയിച്ച ലണ്ടന്‍ പോര്‍ട്ട്‌സ് മൗത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രഫ ജോണ്‍ മാക് ഗഹാന്‍ പറഞ്ഞു. വിഘടിക്കലിന്റെ തോത് വര്‍ദ്ധിപ്പിക്കാമെന്നും വന്‍ തോതില്‍ നടപ്പാക്കാമെന്നും കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രലോകം ശുഭപ്രതീക്ഷയിലാണ്. ഈ പ്‌ളാസ്റ്റിക് ഘടകങ്ങള്‍ വേര്‍തിരിക്കാനാകുമെന്നും ഉറപ്പുണ്ട്. വാച്യാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇതാണ് ശരിയായ റീ സൈക്‌ളിംങ്. മാക് ഗഹാന്‍ പറഞ്ഞു.
ഏതാണ്ട് ഒരു ദശലക്ഷം പ്ലാസറ്റിക് ബോട്ടിലുകളാണ് ലോകമൊട്ടാകെ ഒരു മിനിട്ടില്‍ വില്‍ക്കപ്പെടുന്നത്.ഇതിന്റെ 14ശതമാനം മാത്രമാണ് റീ സൈക്കിള്‍ ചെയ്യപ്പെടുന്നത്.ഏറെയും കടലില്‍ അടിയുന്നു. അത് കടല്‍ ജീവികളെയും മല്‍സ്യം ഭക്ഷിക്കുന്നമനുഷ്യരേയും എല്ലാം ബാധിക്കുകയാണ്. ശാന്തസമുദ്രത്തില്‍ അടിഞ്ഞ പ്‌ളാസ്റ്റിക് തുരുത്തിന് ഫ്രാന്‍സിന്റെ മൂന്നിരട്ടി വലിപ്പമുണ്ടെന്നുമാത്രമല്ല അത് അതിദ്രുതം വളരുന്നു എന്ന് അടുത്തിടെ ഗവേഷകര്‍ വെളിപ്പെടുത്തിയത് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കയാണ്.

പുതിയ എന്‍സൈം ഉപയോഗിക്കുമ്പോള്‍ ഇവയെ വിഘടിപ്പിച്ച് വീണ്ടും ശുദ്ധമായ പെറ്റ് ബോട്ടിലുകള്‍ നിര്‍മ്മിക്കാനാവും അതോടെ പുതിയ പ്‌ളാസ്റ്റിക് നിര്‍മ്മാണം നിലയ്ക്കും.
ശാസ്ത്രത്തിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന കണ്ടുപിടിത്തം പരിസ്ഥിതിക്ക് വലിയ ആശ്വാസമാണ് നല്‍കുക.